|    Jun 19 Tue, 2018 3:47 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സുന്നി-ശിയാ വടംവലി: സൗദി പിന്‍വാങ്ങുന്നു

Published : 8th October 2017 | Posted By: fsq

 

ബെയ്‌റൂത്ത്: ഇപ്രാവശ്യം ഹജ്ജ്‌വേളയില്‍ മദീനയിലെ ചരിത്രപ്രസിദ്ധമായ ഖബറിസ്ഥാന്‍ ജന്നത്തുല്‍ ബഖീ ഇല്‍ ശിയാ തീര്‍ത്ഥാടകര്‍ ദീര്‍ഘനേരം പ്രാര്‍ഥിക്കുന്നത് സൗദി പോലിസ് തടഞ്ഞില്ല. മുമ്പൊക്കെ അത്തരക്കാരെ ആട്ടിയോടിക്കുന്നതായിരുന്നു പോലിസിന്റെയും സലഫി ആത്യന്തികവാദികളുടെയും ശീലം. മാത്രമല്ല, ഈ വര്‍ഷം മദീന ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ഇറാനില്‍ നിന്നുള്ള 86,000 തീര്‍ത്ഥാടകരെ പ്രത്യേകം പരിഗണിക്കാന്‍ ഉത്തരവിട്ടു. അതിന് ഇറാന്‍ സൗദികള്‍ക്ക് നന്ദി പറയുകയും ചെയ്തു. ശിയാ-സുന്നി വടംവലിയില്‍ സൗദി അറേബ്യയും സഖ്യരാഷ്ട്രങ്ങളും ക്രമേണ പിന്‍വാങ്ങുന്നതിന്റെ സൂചനയാണിതെന്നു നിരീക്ഷകര്‍ കരുതുന്നു. 2015ല്‍ സല്‍മാന്‍ രാജാവ് സിംഹാസനത്തില്‍ കയറിയശേഷം കിരീടാവകാശിയായ മുഹമ്മദ്, മേഖലയില്‍ ഇറാന്റെ സ്വാധീനമില്ലാതാക്കാനായിരുന്നു ശ്രമിച്ചിരുന്നത്. യമനിലെ ഹൂത്തികള്‍ക്കെതിരേ ആക്രമണം നടത്തിയ സൗദികള്‍ 2015ല്‍ തിക്കിലും തിരക്കിലും പെട്ട് നൂറുകണക്കിന് ഇറാനികള്‍ കൊല്ലപ്പെട്ടപ്പോള്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായില്ല. 2016ല്‍ സൗദി ശിയാ പുരോഹിതനായ നിംറ് അന്‍ നിറിനെയും അദ്ദേഹത്തിന്റെ പ്രായപൂര്‍ത്തിയാവാത്ത അനന്തരവനെയും വധിച്ചത് വ്യാജാരോപണങ്ങളുടെ പേരിലാണ്. കഠിനമായ ശിയാ-ഇറാന്‍വിരുദ്ധ നയങ്ങള്‍ തിരിച്ചടിയാവുമെന്ന വിലയിരുത്തലാണ് നയംമാറ്റത്തിനു കാരണമെന്നു കരുതപ്പെടുന്നു. ശിയാക്കള്‍ ഭരിക്കുന്ന ഇറാഖുമായി ഭരണകൂടം നയതന്ത്രം പുനസ്ഥാപിക്കുകയും അതിര്‍ത്തി തുറക്കുകയും ചെയ്തു. ജൂണില്‍ റിയാദ് സന്ദര്‍ശിച്ച ഇറാഖി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിക്ക് വമ്പിച്ച സ്വീകരണമാണു ലഭിച്ചത്. അതിനേക്കാള്‍ വിചിത്രമായിരുന്നു ശിയാ അര്‍ധസൈനിക സംഘത്തിന്റെ തലവനും വായാടിയുമായ മുഖ്തദാ സദറിനു ജിദ്ദയില്‍ ലഭിച്ച വരവേല്‍പ്. ഇറാഖിലെ നജഫില്‍ നാലാം ഖലീഫ അലിയുടെ കബറിടം സന്ദര്‍ശിക്കുന്നത് എളുപ്പമാക്കാനായി വിമാന സര്‍വീസ് തുടങ്ങാനാണ് സൗദികളുടെ പ്ലാന്‍. സിറിയയിലെ കൊലയാളിയായ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനോട് കുറച്ചു കൂടി മയത്തില്‍ പെരുമാറാനാണ് ഉത്തരവ്. സൗദി സഖ്യം ഉത്തര യെമനില്‍ ബോംബാക്രമണം നിര്‍ത്തിവച്ചില്ലെങ്കിലും ഹൂത്തികളുമായി അനുരഞ്ജനമുണ്ടാക്കുന്നതിനുള്ള രഹസ്യനീക്കം ശക്തമാണ്. തങ്ങളുടെ സ്വാധീനമേഖല നിര്‍ണയിച്ച് സംഘര്‍ഷമവസാനിപ്പിക്കാനാണ് ഇറാനും സൗദി അറേബ്യയും ശ്രമിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss