|    Nov 23 Thu, 2017 6:36 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സുന്നി വനിതാ സമ്മേളനത്തില്‍ നിന്ന് എംഎസ്എഫ് വനിതാ നേതാവിനെ ഒഴിവാക്കി

Published : 3rd August 2017 | Posted By: fsq

 

കെ  പി  ഒ റഹ്മത്തുല്ല

മലപ്പുറം: സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി നേരിട്ട് നടത്തുന്ന വളാഞ്ചേരി മര്‍കസ് സ്ഥാപനങ്ങളുടെ 30ാം വാര്‍ഷിക മെഗാ സമ്മേളനത്തില്‍ നിന്ന് എംഎസ്എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ പുറത്തായി. സമസ്ത മുശാവറയുടെ ഇടപെടലാണു കാരണം. വാര്‍ഷിക പരിപാടിയുടെ നോട്ടീസില്‍ പേരുണ്ടായിട്ടും ഇവരോടു പങ്കെടുക്കരുതെന്ന് സംഘാടകര്‍ ആവശ്യപ്പെടുകയായിരുന്നു. കോഴിക്കോട് സ്വദേശിയും അഭിഭാഷകയുമായ തഹ്‌ലിയ കഴിഞ്ഞ പുനസ്സംഘടനയിലാണ് വിദ്യാര്‍ഥി സംഘടനയുടെ അഖിലേന്ത്യാ നേതൃത്വത്തിലേക്ക് ഉയര്‍ന്നത്. മര്‍കസ് സ്ഥാപനങ്ങളുടെ വാര്‍ഷികത്തോടനുബന്ധിച്ച് അഞ്ചാം തിയ്യതി രാവിലെ നടക്കുന്ന വനിതാ സമ്മേളനത്തിലായിരുന്നു ഇവര്‍ സംസാരിക്കേണ്ടിയിരുന്നത്. ഇസ്‌ലാമിക ശരീഅത്തിനെതിരേ പരസ്യമായി രംഗത്തുവന്ന തഹ്‌ലിയയെ മുസ്‌ലിം പണ്ഡിതകള്‍ക്ക് സനദ് നല്‍കുന്ന വേദിയില്‍ പങ്കെടുപ്പിക്കരുതെന്നായിരുന്നു മുശാവറയുടെ തീരുമാനം. മുസ്‌ലിം സ്ത്രീകളുടെ വിവാഹപ്രായം 18 ആയി നിശ്ചയിച്ചു കൊണ്ട് കോടതി ഉത്തരവിട്ടപ്പോള്‍ കേരളത്തിലെ മുഖ്യധാരാ മുസ്‌ലിം സംഘടനകള്‍  അതിനെതിരേ സംയുക്തമായി രംഗത്തുവന്നിരുന്നു. കോഴിക്കോട്ട് സമസ്ത വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രധാന സംഘടനകള്‍ പങ്കെടുക്കുകയും ചെയ്തു. ഈ നീക്കത്തെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് പരസ്യമായി വിമര്‍ശിച്ച തഹ്‌ലിയയുടെ നിലപാട് അന്ന് വിവാദമായിരുന്നു. താലിബാനിസം നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഈ യോഗവും നീക്കങ്ങളുമെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. ഇതിനെതിരേ അന്നുതന്നെ സമസ്ത നേതൃത്വം രംഗത്തുവന്നു. പിന്നീട് മുത്വലാഖ് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കങ്ങള്‍ തുടങ്ങിയപ്പോഴും മുസ്‌ലിം സംഘടനകള്‍ അതിനെതിരേ ഒരുമിച്ച് രംഗത്തു വന്നിരുന്നു. ആ ഘട്ടത്തില്‍ മുത്വലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ട് തഹ്‌ലിയ സാമൂഹികമാധ്യമങ്ങളില്‍ അഭിപ്രായപ്രകടനം  നടത്തിയതും വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ശരീഅത്ത് വിരുദ്ധമായ അഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്ന ഒരു വനിത സമസ്തയുടെ സ്ഥാപനത്തില്‍ സംസാരിച്ചാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളോര്‍ത്താണു സമസ്ത മുശാവറ ഇവരെ മാറ്റിനിര്‍ത്താന്‍ പറഞ്ഞതെന്ന് ഒരു ഭാരവാഹി തേജസിനോട് പറഞ്ഞു. മര്‍കസിലെ വനിതാ സമ്മേളനം തന്നെ വിവാദമാവുമ്പോഴാണ് എംഎസ്എഫ് ദേശീയ വനിതാ നേതാവിനെ ഒഴിവാക്കിയ വിവരം കൂടി പുറത്തുവരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക