|    Dec 16 Sat, 2017 12:55 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

സുന്നി തര്‍ക്കം: മുസ്‌ലിം ലീഗ് കുഴങ്ങുന്നു

Published : 29th April 2016 | Posted By: SMR

സമീര്‍ കല്ലായി

മലപ്പുറം: സുന്നികളിലെ എപി-ഇകെ തര്‍ക്കത്തെ ചൊല്ലി മുസ്‌ലിംലീഗ് വിഷമവൃത്തത്തില്‍. കഴിഞ്ഞ ദിവസം തങ്ങളുടെ ശക്തികേന്ദ്രമായ മലപ്പുറം ജില്ലയില്‍ ഇരുവിഭാഗവും മാര്‍ച്ച് നടത്തിയത് ലീഗിനെ കുഴക്കുകയാണ്. എപി വിഭാഗം വഖ്ഫ് ബോര്‍ഡിന്റെ മഞ്ചേരി ഡിവിഷനല്‍ ഓഫിസിലേക്കും ഇകെ വിഭാഗം മലപ്പുറം കലക്ടറേറ്റിലേക്കുമാണ് മാര്‍ച്ച് നടത്തിയത്. വഖ്ഫ് ബോര്‍ഡിന്റെ പക്ഷപാതപരമായ നിലപാടുകള്‍ക്കെതിരേയായിരുന്നു എപി വിഭാഗത്തിന്റെ മാര്‍ച്ചെങ്കില്‍ വഖ്ഫ് ബോര്‍ഡ് തീരുമാനം പോലും അട്ടിമറിച്ച് സംസ്ഥാന ഭരണ നേതൃത്വം എപി വിഭാഗത്തിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ചായിരുന്നു ഇകെ വിഭാഗത്തിന്റെ മാര്‍ച്ച്.
സംഘടനാ വിരോധത്തിന്റെ പേരില്‍ നിലവിലെ വഖ്ഫ് ബോര്‍ഡ് ജുഡീഷ്യല്‍ സമിതി ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്നാണ് എപി വിഭാഗത്തിന്റെ ആരോപണം. വഖ്ഫ് നിയമങ്ങള്‍ പോലും പരിഗണിക്കാതെയാണ് തീര്‍പ്പുകള്‍. റിസീവറെ നിയമിച്ച് കൃത്രിമ വോട്ടര്‍ പട്ടികയിലൂടെ മഹല്ല് ഭരണം പിടിച്ചെടുക്കുന്നുവെന്നും എപി വിഭാഗത്തിന് പരാതിയുണ്ട്. അധികാരത്തിന്റെ ബലത്തില്‍ അനുയായികളെ അക്രമങ്ങള്‍ക്കും കൊലവിളികള്‍ക്കും പ്രേരണ നല്‍കി കയറൂരി വിടുകയാണ് ലീഗെന്നാണ് എപി വിഭാഗത്തിന്റെ ആരോപണം. അതേസമയം തച്ചണ്ണ, പള്ളിക്കല്‍ ബസാര്‍ മഹല്ലുകളില്‍ വഖ്ഫ് ബോര്‍ഡ്, കോടതി വിധികളുണ്ടായിട്ടും എപി വിഭാഗത്തെ പ്രീണിപ്പിക്കുന്ന നയമാണ് ലീഗിന്റേതെന്നാണ് ഇകെ വിഭാഗത്തിന്റെ വാദം. പുതുക്കോട്, കക്കോവ്, വാവൂര്‍, ചാമപ്പറമ്പ്, മൂളപ്പുറം, ആക്കോട് തുടങ്ങി മലപ്പുറം ജില്ലയില്‍ മാത്രം 11 സ്ഥലങ്ങളില്‍ ഭരണകൂടവും പോലിസും പക്ഷപാതപരമായി പെരുമാറുന്നുവെന്നും ഇകെ വിഭാഗം ആരോപിക്കുന്നു.
ഇന്നലെ നടന്ന മാര്‍ച്ചില്‍ ഇരുവിഭാഗവും ലീഗിന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൈയാലപ്പുറത്തുള്ള മീനിനെ വിട്ട് മുഴുപ്പ് കണ്ട് മറുവശത്തെ മീനിനെ പിടിക്കാന്‍ ശ്രമിക്കുന്നത് നഷ്ടക്കച്ചവടമായിരിക്കുമെന്ന് സമസ്ത ഇകെ വിഭാഗം എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് കലക്ടറേറ്റ് മാര്‍ച്ചില്‍ മുന്നറിയിപ്പ് നല്‍കി. സ്വന്തക്കാര്‍ ഭരണത്തിലിരുന്നിട്ടും സമസ്തയ്‌ക്കെതിരേ എങ്ങനെ കേസുകള്‍ വരുന്നുവെന്ന് വ്യക്തമാക്കണമെന്നും പ്രസംഗകര്‍ ആവശ്യപ്പെട്ടു.
വഖ്ഫ് മന്ത്രിയുണ്ടായിട്ടും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധിക്കില്ലെന്നിരുന്നിട്ടും അനുകൂലമായ കേസുകളില്‍ വിധി നടത്തിപ്പില്‍ അമാന്തമുണ്ടാവുകയാണെന്നും ലീഗിനെതിരേ ആഞ്ഞടിച്ച നേതാക്കള്‍ പറഞ്ഞു. പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ മകന്‍ റഷീദലി ശിഹാബ് തങ്ങളാണ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍. എപി വിഭാഗത്തിന് ബോര്‍ഡില്‍ പ്രാതിനിധ്യമില്ല. ചെയര്‍മാന്‍ സ്ഥാനമുണ്ടായിട്ടും തീരുമാനം നടപ്പാക്കാന്‍ ഭരണകൂടം സഹകരിക്കുന്നില്ലെന്നാണ് ഇകെ വിഭാഗത്തിന്റെ പരാതി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എപി വിഭാഗം ഇടതുപക്ഷത്തോട് പ്രകടമായ ചായ്‌വ് പ്രകടിപ്പിച്ചിരുന്നു. മണ്ണാര്‍ക്കാടടക്കമുള്ള മണ്ഡലങ്ങളില്‍ ലീഗിനെ തോല്‍പിക്കാന്‍ പരസ്യ ആഹ്വാനമുണ്ടായി. ഇതേ തുടര്‍ന്ന് എപി വിഭാഗത്തെ അനുനയിപ്പിക്കാന്‍ ലീഗിലെ ചിലര്‍ ശ്രമിക്കുന്നതാണ് ഇകെ വിഭാഗത്തെ ചൊടിപ്പിച്ചത്. കോഴിക്കോടും മലപ്പുറത്തും വഖ്ഫ് ബോര്‍ഡ് ഓഫിസുകളിലേക്കു മാര്‍ച്ച് നടത്തി എപി വിഭാഗം ലീഗിനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കി. ഇതേ തുടര്‍ന്നാണ് ഇകെ വിഭാഗവും മാര്‍ച്ച് നടത്തിയത്. മറുവശത്തെ ഏതെങ്കിലും വിധത്തില്‍ സഹായിച്ചാല്‍ യുഡിഎഫിന് ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന മുന്നറിയിപ്പു നല്‍കല്‍ കൂടിയാണ് ഇകെ വിഭാഗത്തിന്റെ മാര്‍ച്ച്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക