|    Sep 26 Wed, 2018 11:49 am
Home   >  Todays Paper  >  Page 5  >  

സുന്നി ഐക്യത്തിന് മന്ത്രി ജലീലിനെ ഇടനിലക്കാരനാക്കി സിപിഎം ഇടപെടല്‍

Published : 14th February 2018 | Posted By: kasim kzm

ആബിദ്

കോഴിക്കോട്: കേരളത്തിലെ സുന്നി വിഭാഗങ്ങള്‍ക്കിടയില്‍ ഐക്യം യാഥാര്‍ഥ്യമാക്കാന്‍ സിപിഎം ഇടപെടുന്നു. മന്ത്രി കെ ടി ജലീലിനെ ഇടനിലക്കാരനാക്കിയാണ് ഇ കെ, എ പി വിഭാഗങ്ങള്‍ക്കിടയിലെ ഐക്യ ശ്രമങ്ങള്‍ക്കു സിപിഎം ചുക്കാന്‍ പിടിക്കുന്നത്.

മുസ്‌ലിംലീഗിനെ എക്കാലവും ശത്രുപക്ഷത്തു നിര്‍ത്തുന്നവരാണു കാന്തപുരം വിഭാഗം. എന്നാല്‍, ലീഗുമായി ചേര്‍ന്നുനിന്ന ചരിത്രമുള്ള ഇ കെ വിഭാഗം ഈയിടെ പല കാര്യങ്ങളിലും ലീഗിനോട് വിയോജിക്കുന്ന നിലപാടാണു സ്വീകരിച്ചത്. പലയിടങ്ങളിലും, പ്രാദേശികമായി പോലും ഈ ഭിന്നത പ്രകടമാണ്. ഇതു രാഷ്ട്രീയമായി തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലാണു സിപിഎം. ഇരുവിഭാഗങ്ങളും ഒന്നിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളും അവര്‍ തന്നെയാവും. ഐക്യനീക്കങ്ങളുടെ ആദ്യപടിയെന്നോണം ഇന്നലെ മന്ത്രി കെ ടി ജലീല്‍ ഇരുവിഭാഗങ്ങളെയും വിളിച്ചുവരുത്തി. ഇരുവിഭാഗങ്ങള്‍ക്കുമിടയിലെ ഐക്യശ്രമങ്ങള്‍ക്ക് ഏറ്റവും വലിയ തടസ്സം പള്ളി, മദ്‌റസ ഉടമസ്ഥ തര്‍ക്കമായിരിക്കും. ഇതു പരിഹരിക്കപ്പെട്ടാല്‍ ഐക്യശ്രമങ്ങള്‍ എളുപ്പമാവും. അതിനാല്‍ ആദ്യഘട്ടമെന്ന നിലയില്‍ വഖ്ഫ് തര്‍ക്ക പരിഹാരത്തിന് ഒന്നിച്ചിരിക്കാന്‍ ധാരണയിലെത്തി. വഖ്ഫ് മന്ത്രി കൂടിയായ കെ ടി ജലീല്‍ ഇന്നലെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേരളത്തിലെ സുന്നി വഖ്ഫ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്—നങ്ങള്‍ പരിഹരിക്കാന്‍ വഖ്ഫ് അദാലത്ത് നടത്താന്‍ തീരുമാനമായി. ഏപ്രില്‍ ആദ്യവാരം കോഴിക്കോട്ട് നടക്കുന്ന അദാലത്തില്‍ വഖ്ഫ് മന്ത്രി, ബോര്‍ഡ് ചെയര്‍മാന്‍, വഖ്ഫ് ബോര്‍ഡ് മെംബര്‍മാര്‍, നിയമവിദഗ്ധര്‍ പങ്കെടുക്കും. ഈ അദാലത്തില്‍ നിലവില്‍ വഖ്ഫ് ബോഡില്‍ വന്ന കേസുകള്‍ പരിഗണിക്കാനാണു തീരുമാനം. അദാലത്തിനു മാനദണ്ഡം നിശ്ചയിക്കാന്‍ ഇരുവിഭാഗം പ്രതിനിധികളടങ്ങുന്ന സബ് കമ്മിറ്റിയെയും നിയോഗിച്ചു.  ഉമര്‍ ഫൈസി മുക്കം, പി എ ജബ്ബാര്‍ ഹാജി, പ്രഫ. കെ എം എ റഹീം, യഅ്കൂബ് ഫൈസി എന്നിവരാണ് അംഗങ്ങള്‍. അദാലത്തിനു സ്വീകരിക്കേണ്ട പൊതുമാനദണ്ഡം സമിതി തയ്യറാക്കി വഖ്ഫ് ബോര്‍ഡ് സിഇഒയുടെ സാന്നിധ്യത്തില്‍ അന്തിമരൂപം നല്‍കും. ഈ പൊതുമാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വഖ്ഫ് അദാലത്ത്. വഖ്ഫ് തര്‍ക്ക പരിഹാരത്തത്തിനു സ്ഥിരം സബ് കമ്മറ്റി രൂപീകരിക്കുമെന്നും എല്ലാ മാസവും ഇതിനായി തീര്‍പ്പാക്കല്‍ യോഗം ചേരുമെന്നും കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ നടന്ന യോഗത്തിനു ശേഷം മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.  യോഗത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ വിഭാഗം അംഗങ്ങളായ കെ ഉമര്‍ ഫൈസി മുക്കം, എ വി അബ്ദുര്‍റഹ്്മാന്‍ മുസ്‌ല്യാര്‍, സമസ്ത ഇസ്—ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍, ലീഗല്‍ സെല്‍ ചെയര്‍മാന്‍ പി എ ജബ്ബാര്‍ ഹാജി, എപി വിഭാഗം മര്‍കസ് മാനേജര്‍ സി മുഹമ്മദ് ഫൈസി,  സുന്നി മാനേജ്—മെ ന്റ് അസോസിയേഷന്‍  സെക്രട്ടറി പ്രഫ. കെഎംഎ  റഹീം, യഅ്കൂബ് ഫൈസി പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss