|    Nov 21 Wed, 2018 5:05 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സുന്നഹദോസില്‍ ശിക്ഷാ നടപടി തീരുമാനമായില്ല

Published : 11th August 2018 | Posted By: kasim kzm

കോട്ടയം: കുമ്പസാരം മറയാക്കി യുവതിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ആരോപണവിധേയരായ വൈദികര്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ കോട്ടയത്ത് ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസില്‍ തീരുമാനമായില്ല.
വൈദികര്‍ക്കെതിരേ നടപടിയെടുക്കുന്നതിനെതിരേ സുന്നഹദോസില്‍ വ്യത്യസ്താഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് സഭാനേതൃത്വം ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്ക് കടക്കാതിരുന്നത്. കോടതി വിധി വരുന്നതുവരെ കാത്തിരിക്കണമെന്നും അതിനു മുമ്പായി സഭ നടപടിയെടുത്താല്‍ പോലിസ് അന്വേഷണത്തിന് സഹായകരമാവുമെന്നും സുന്നഹദോസില്‍ അഭിപ്രായമുയര്‍ന്നു. ഈ സാഹചര്യത്തില്‍ ഭദ്രാസനങ്ങളില്‍ നിയോഗിച്ചിരിക്കുന്ന അന്വേഷണ കമ്മീഷനുകളുടെ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കി ഉചിതമായ ശിക്ഷണ നടപടികള്‍ സ്വീകരിച്ച് കാതോലിക്കാ ബാവയ്ക്ക് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മെത്രാപോലീത്തമാരോട് യോഗം നിര്‍ദേശിച്ചു. കുറ്റാരോപിതരായ വൈദികരുടെ മേല്‍ അതാതു ഭദ്രാസന മെത്രാപോലീത്തമാര്‍ കൈക്കൊണ്ട നടപടികള്‍ യോഗം അംഗീകരിച്ചു.
കുമ്പസാരം ഉള്‍പ്പെടെയുള്ള സഭയുടെ കൂദാശകളെ വികലമായി ചിത്രീകരിക്കുന്ന പ്രവണതകളെ യോഗം അപലപിച്ചു. കൂദാശകളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനായുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. സഭയുടെ കാനോനുകളും ഭരണഘടനയും രാജ്യത്തെ നിയമങ്ങളും അടിസ്ഥാനമായി പുരോഹിതസ്ഥാനികള്‍ക്കും സഭാസ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്കുമായി പെരുമാറ്റ മാര്‍ഗരേഖ കാലികമായി പുതുക്കി തയ്യാറാക്കുന്നതിനും വൈദികസ്ഥാനികളെയും സഭാ ശുശ്രൂഷകരെയും സംബന്ധിച്ചുണ്ടാവുന്ന പരാതികള്‍ പരിഗണിച്ച് ഉപദേശം നല്‍കുന്നതിനുമായി‘ധാര്‍മിക ഉപദേശകസമിതി’രൂപീകരിക്കാനും തീരുമാനമായി.
2017 ജൂലൈ മൂന്നിനുണ്ടായ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മലങ്കര സഭയില്‍ ഐക്യവും സമാധാനവും കൈവരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും യോഗം വ്യക്തമാക്കി. സഭയിലെ ആധ്യാത്മിക സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി പ്രവര്‍ത്തനമാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിന് ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ് എന്നിവര്‍ അംഗങ്ങളായി സമിതി രൂപീകരിച്ചു. കോട്ടയം നാഗ്പൂര്‍ വൈദിക സെമിനാരികളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഡോ. ഗബ്രീയേല്‍ മാര്‍ ഗ്രീഗോറിയോസ്, യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയും രൂപീകരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss