|    Nov 21 Wed, 2018 10:23 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

സുന്നത്ത് അത്ര മോശം കാര്യമാണോ?

Published : 9th August 2016 | Posted By: mi.ptk

ഒ അബ്ദുല്ല
ഞങ്ങളുടെ ഒരു അകന്ന അമ്മായി പുലമ്പല്‍ തുടരുകയാണ്. അമ്മായിയുടെ ഏക മകന്റെ ഭാര്യ, അഥവാ അമ്മായിയുടെ ഒരേയൊരു മരുമകളാണ് റസിവിങ് എന്‍ഡില്‍. വീടിന്റെ അട്ട(സീലിങ്)ത്ത് വിറക് അട്ടിവയ്ക്കുകയായിരുന്നു ഇരുപേരും ചേര്‍ന്ന്. ഗോവണിയില്‍ കയറിനിന്നുകൊണ്ട് അമ്മായി വിറക് എടുത്തുകൊടുക്കുന്നു. മരുമകള്‍ അട്ടത്ത് വിറക് അട്ടിയായി വയ്ക്കുന്നു. വിറകു കൈമാറ്റം നിര്‍ബാധം നടക്കുന്നതിനിടെ പൂരത്തെറിയും അനുസ്യൂതം ഒഴുകുന്നു. ഇതിനിടെ മരുമകളുടെ ബാപ്പ കോയസ്സന്‍ വന്നു വീട്ടിലെ കോലായിലിരുന്നത് അമ്മായി ശ്രദ്ധിച്ചില്ല. മകള്‍ അമ്മായിയെക്കുറിച്ച് നിരന്തരം പരാതി പറയാറുണ്ടായിരുന്നുവെങ്കിലും അതിത്രത്തോളം രൂക്ഷമാണെന്നു മനസ്സിലാക്കാന്‍ ബാപ്പയ്ക്ക് ലഭിച്ച അസാധാരണാവസരമായിരുന്നു അത്. ഇടയ്‌ക്കൊന്ന് അമ്മായി തുറന്നുവച്ച വാതിലിലൂടെ പുറത്തേക്കു നോക്കി. അതാ താന്‍ തെറികൊണ്ട് തുലാഭാരം നടത്തിക്കൊണ്ടിരിക്കുന്ന മരുമകളുടെ ബാപ്പ എല്ലാം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു.
അമ്മായിയുടെ പെട്ടെന്നുള്ള പ്രതികരണം: അതിനിപ്പോള്‍ ഞാന്‍ വല്ലതും പറഞ്ഞോ കോയസ്സാ…! അഥവാ വല്ലതും പറഞ്ഞെങ്കില്‍ തന്നെ അത് സ്വന്തം വീട്ടില്‍ വച്ചു സ്വകാര്യമായാണു പറഞ്ഞത്. ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ ഭാഷയില്‍ പറഞ്ഞാല്‍ അടച്ചിട്ട മുറിക്കകത്തു വച്ച്. അതും കരയോഗത്തെ അഡ്രസ്സ് ചെയ്തുകൊണ്ട്. മറ്റുള്ളവര്‍ക്ക് വിമ്മിഷ്ടപ്പെടാന്‍ അതില്‍ ഒരു കാര്യവുമില്ല.
ഇനി പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിച്ചാലോ- അതിലുമില്ല പ്രശംസനീയമായ കാര്യങ്ങളല്ലാതെ അധിക്ഷേപകരം എന്നു പറയാവുന്ന ഒരു വാക്കുപോലും. ഉദാഹരണമായി ശബരിമല ക്ഷേത്രത്തിന്റെ കവാടങ്ങള്‍ സ്ത്രീകള്‍ക്ക് തുറന്നുകൊടുക്കണമെന്നു പറയുന്ന സുപ്രിംകോടതി മുസ്‌ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിക്കണമെന്ന് ഒരുകാലത്തും പറയില്ല. അഥവാ കോടതി അങ്ങനെ പറയാന്‍ ധൈര്യപ്പെട്ടാല്‍ പിന്നെ കോടതികള്‍ കാണുകേല. കോടതിയിലെ ജഡ്ജി ഇരിക്കുന്ന കസേര കാണുകേല, ജഡ്ജിമാര്‍ കാണുകേല, ആലം ദുനിയാവ് കാണുകേല. ഇന്നുവരെ ഏതെങ്കിലും കോടതിവിധിയെ തുടര്‍ന്ന് ഏതെങ്കിലും ഒരു മുസല്‍മാന്‍ ശുംഭന്‍ കോടതിയെ തകര്‍ക്കുന്നതിരിക്കട്ടെ, ഏതെങ്കിലും ഒരു കോടതിയുടെ ഏതെങ്കിലും ഓടിന്റെ നേര്‍ക്ക് ഒരു ചരല്‍ക്കല്ല് എടുത്തെറിഞ്ഞതിന് ഉദാഹരണമുണ്ടോ എന്നൊന്നും ചോദിക്കരുത്. കാരണം, കഥയില്‍ ചോദ്യമില്ല.
ശബരിമല ഒരു ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമാണ്. അവിടേക്ക് 10 വയസ്സിനും 50 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീക്ക് പ്രവേശന വിലക്കുണ്ട്. ഒരുകാര്യം തുടക്കംതൊട്ടേ പറയാം, ഇക്കാര്യത്തില്‍ ശരീഅത്തിന് പുറത്തുള്ളവര്‍ ശരീഅത്ത് നിയമം ഭേദഗതി ചെയ്യണമെന്ന് മുറവിളികൂട്ടും പ്രകാരം മുസ്‌ലിം സമുദായം ഇടപെട്ട് അഭിപ്രായം പറയാറില്ല. സ്ത്രീകള്‍ സാമൂഹികജീവിതത്തിന്റെ നിരവധി മേഖലകളില്‍ വിവേചനം അനുഭവിക്കുന്നു. ദൈവസന്നിധിയിലും ഈ വിവേചനം തുടരണമെന്നാണ് ദേവപ്രശ്‌നത്തില്‍ തെളിയുന്നതെങ്കില്‍ അക്കാര്യത്തില്‍ കയറി അഭിപ്രായം പറയാന്‍ മുസ്‌ലിംകള്‍ മുതിരുകയില്ല. ഇസ്്‌ലാമില്‍ ഇത്തരം വിവേചനങ്ങളില്ല. മുസ്‌ലിംകള്‍ക്ക് മൂന്ന് തീര്‍ത്ഥാടനലക്ഷ്യങ്ങളാണുള്ളത്. മക്കയിലെ കഅ്ബ, മദീനയിലെ പ്രവാചകന്റെ മസ്ജിദ്, ജറുസലേമിലെ അവരുടെ ആദ്യ ഖ്ബ്്‌ലയായിരുന്ന ബൈത്തുല്‍ മഖ്ദിസ്. ഈ മൂന്ന് പള്ളികളിലേക്കും സകലമാന കാക്കാത്തികള്‍ക്കും നിര്‍ബാധമായ നിരങ്കുശമായ പ്രവേശനമുണ്ട്. കേരളമടക്കം ഇന്ത്യയിലെ കാക്കത്തൊള്ളായിരം മുസ്‌ലിം പള്ളികളിലും മുസ്‌ലിം ഹൂറുലിങ്ങള്‍ പ്രവേശിക്കുന്നു. ഒരു വിലക്കുമില്ല. പാട്ടില്‍ കേള്‍ക്കുന്നതുപോലെ വടകരയിലെ ഓരോ വളവിലും 50 വീതം തെങ്ങും ഓരോ തെങ്ങിലും 50 വീതം പൊത്തും പൊത്തില്‍ നത്തുകളുമുള്ളതുപോലെ മുസ്‌ലിം സമുദായത്തിലെ ഓരോ മടക്കിലും ചെറുതും വലുതും മീശമുളച്ചതും മുളയ്ക്കാത്തതും നരച്ചതും നരയ്ക്കാത്തതുമായ നിരവധി കൂട്ടായ്മകളുണ്ട്. എന്നാല്‍, പള്ളിയില്‍ പ്രവേശിച്ചാല്‍ സ്ത്രീയുടെ കഴുത്തറുത്ത് ഇറച്ചിയാക്കി ‘ഇറച്ചിയും പത്തിരിയും തങ്ങള്‍ക്കും എല്ലും മുള്ളും ഞങ്ങള്‍ക്കും’ എന്നു പറയുന്ന ഒരു സംഘടനയും അല്ലാഹുവിന്റെ മഹത്തായ ഫള്‌ലുകൊണ്ട് ഈ സമുദായത്തിലില്ല.
മുസ്‌ലിംകളില്‍ ഒരുവിഭാഗം സ്ത്രീകള്‍ പള്ളിയിലെ പ്രാര്‍ഥനയില്‍ പങ്കെടുക്കേണ്ടതില്ല എന്നു പറയുന്നവരാണ്. എന്നാല്‍, അവര്‍പോലും സ്ത്രീ പള്ളിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നോ അഥവാ പ്രവേശിച്ചാല്‍ പട്ടി പ്രവേശിച്ചാലെന്നപോലെ അവിടം അശുദ്ധമാവുമെന്നോ പറയുന്നവരല്ല. ഇസ്‌ലാമിലെ നാല് പ്രമുഖ ചിന്താധാരകളിലൊന്നായ ഇമാം ശാഫിയുടെ മദ്ഹബുകാരാണിവര്‍. എന്നാല്‍, ഇമാം ശാഫി അന്ത്യവിശ്രമം കൊള്ളുന്ന ഈജിപ്തിലെ വിഖ്യാത പള്ളിയില്‍ ഇമാം ശാഫിയുടെ ഖബറിടത്തിനടുത്ത് ഈ ലേഖകന്‍ സ്ത്രീകള്‍ നിര്‍ബാധം പ്രാര്‍ഥന നിര്‍വഹിക്കുന്നത് സ്വന്തം കണ്ണുകൊണ്ട് കണ്ടിരിക്കുന്നു. പള്ളിയില്‍ പ്രവേശിച്ചാല്‍ സ്ത്രീകളെ ഐഎസ് മാതൃകയില്‍ കഴുത്തറുത്ത് കുഴിമന്തിയുണ്ടാക്കുമെന്ന് പറയുന്ന ബാലകൃഷ്ണപ്പിള്ള ചൊവ്വയില്‍നിന്ന് ഒരു സുപ്രഭാതത്തില്‍ ഭൂമിയിലേക്ക് ഇറങ്ങിവന്നതാവാന്‍ തരമില്ല. കേരളത്തിലെ എത്രയെത്ര പള്ളികളില്‍ നാരിമാര്‍ നിര്‍ബാധം പുരുഷന്മാര്‍ക്കൊപ്പം പ്രാര്‍ഥനയ്ക്ക് ഹാജരാവുന്നുണ്ട് എന്ന വസ്തുത പിള്ള ശ്രദ്ധിക്കാതിരുന്നതെന്തോ? ചേന്ദമംഗലൂര്‍ എന്ന കുഗ്രാമത്തിലാണ് ഞാന്‍. ഇവിടെ ഒന്നര ചതുരശ്ര കിലോമീറ്ററിനുള്ളില്‍ എട്ടു പള്ളികളുണ്ട്. അവയില്‍ ആറെണ്ണത്തിലും സ്ത്രീകള്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നു. സ്ത്രീ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയ ഒരു പള്ളി എന്റെ അടുത്ത ദേശത്തുണ്ട്.
മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്നത് മുസ്‌ലിം അല്ല. ഇന്ദിരാഗാന്ധിയെയും രാജീവ്ഗാന്ധിയെയും കൊന്നവരും മുസ്‌ലിംകളല്ല. അല്‍പം വലിച്ചുനീട്ടിപ്പറഞ്ഞാല്‍ അബ്രഹാം ലിങ്കനെയും ജോണ്‍ എഫ് കെന്നഡിയെയും കൊന്നവരും മുസ്‌ലിംകളല്ല. ഈ വസ്തുത മുമ്പില്‍ വച്ച് മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്ക് മഹത്തുക്കളെ തേടിപ്പിടിച്ചു കൊല്ലലാണ് പണി എന്ന് വല്ലവരും പറഞ്ഞാല്‍ എന്താവും മറുപടി?
സ്ത്രീകളുടെ വയര്‍ കുത്തിക്കീറി ഗര്‍ഭസ്ഥശിശുക്കളെ ശൂലത്തില്‍ കുത്തി തീക്കുണ്ഠത്തിലേക്കെറിഞ്ഞവരില്‍ ഒറ്റ മുസ്‌ലിമുമില്ല; അരക്കിലോ ആട് മാംസം ശീതീകരണസംഭരണിയില്‍ അടച്ചുവച്ചതിന്റെ പേരില്‍ അടിച്ചുകൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിനെ കൊന്നവരിലോ കാലികളെ മേച്ചുകൊണ്ടുപോകവെ തല്ലിക്കൊന്ന് വഴിയോരത്തെ മരത്തില്‍ കെട്ടിത്തൂക്കിയവരിലോ ജാതി മാറി പ്രണയിച്ചതിന്റെ പേരില്‍ തല്ലിക്കൊല്ലാന്‍ മുന്നിട്ടിറങ്ങിയവരിലോ ഒരു മുസ്‌ലിമുമില്ല. എന്നുവച്ചാല്‍ ഇത്തരം കൊലപാതകികളെ മതം തിരിച്ചും ജാതി തിരിച്ചും ജാതകം പരിശോധിച്ചും അപരാധം ബന്ധപ്പെട്ടവരുടെ മതത്തിലേക്കു ചാര്‍ത്താനും അതിന്റെ പേരില്‍ ആ മതത്തിന്റെ തലയില്‍ മനസ്സിന്റെ മാലിന്യങ്ങള്‍ മുഴുവന്‍ കമിഴ്ത്താനും മുസ്്‌ലിംകള്‍ ഒരുക്കമല്ല. അത്തരം ചെറ്റത്തരം അവരില്‍നിന്ന് പ്രതീക്ഷിക്കേണ്ടതില്ല.
പള്ളിമിനാരങ്ങളില്‍നിന്ന് ബാങ്കിന്റെ അലയൊലി ഉയരുന്നു എന്നതു ശരിയാണ്. എല്ലാ ബാങ്ക് വിളികളും അത്ര കര്‍ണ്ണാനന്ദകരമല്ല. പ്രത്യേകിച്ചും കേരളത്തില്‍. ബാലകൃഷ്ണപ്പിള്ളയ്ക്ക് ഇത് അലോസരമായി തോന്നിയെങ്കില്‍ ടി പത്മനാഭനെപ്പോലുള്ളവര്‍ ബാങ്കിനെ വാഴ്ത്തിപ്പറഞ്ഞതായി അറിയാം. അദ്ദേഹം പക്ഷേ, വാഴ്ത്തിയത് ദുബയ് ബാങ്കിനെയാണ്. ദുബയിയോടു ചേര്‍ത്താല്‍ ഏതൊരു കാര്യവും മഹത്തരമായിത്തീരുമെന്നതു വേറെകാര്യം.
നാലു മിനിറ്റാണ് ഒരു ബാങ്കിനാവശ്യമായ പരമാവധി സമയം. ഒരു മിനിറ്റ് മൊല്ലാക്കയ്ക്ക് തൊണ്ട നന്നാക്കാനും മൈക്രോഫോണ്‍ ഓണ്‍ചെയ്യാനും. ബാക്കി മൂന്നു മിനിറ്റ് ബാങ്കിന്. ദിവസം അഞ്ച് ബാങ്ക്. അഥവാ പ്രതിദിനം ബാങ്കിന്റെ പേരില്‍ സഹിക്കേണ്ടത് കേവലം 15-20 മിനിറ്റ്. എന്റെയും പിള്ളയുടെയും സ്രഷ്ടാവും രക്ഷിതാവുമായ ദൈവത്തെ വാഴ്ത്താനായി ഇടവിട്ട്, ഇടവിട്ട് നടത്തുന്ന ഈ വിളംബരം നമുക്ക് സഹ്യമായി തോന്നുന്നു. സംസ്‌കാരരഹിതര്‍ അത്തരം വിളംബരങ്ങളെ പട്ടിയുടെ ശബ്ദത്തോട് ഉപമിക്കുന്നു. എന്നാല്‍, ക്ഷേത്രങ്ങളില്‍നിന്നുയരുന്ന മണിക്കൂറുകള്‍, ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ രാപകല്‍ നീണ്ടുനില്‍ക്കുന്ന കീര്‍ത്തനങ്ങള്‍ ആരെയും ഒട്ടും അലോസരപ്പെടുത്തുന്നില്ല. സ്വന്തം മനോവൈകൃതത്തിലേക്കല്ലാതെ മറ്റെന്തിലേക്കാണ് പിള്ളയുടെ ഈ വൈരുധ്യം വിരല്‍ചൂണ്ടുന്നത്.
സുന്നത്ത് കഴിച്ച പയ്യന്മാര്‍ വീടിന്റെ മുറ്റത്തുക്കൂടി ഓടിനടക്കുന്നത് ഗൗരവപൂര്‍വം ശ്രദ്ധിക്കണമെന്ന പിള്ളയുടെ ദുര്‍ഗന്ധം നിറഞ്ഞ പ്രഖ്യാപനത്തില്‍ കടുത്ത ദുരൂഹതയുണ്ട്. നൂറുതവണ ആവര്‍ത്തിച്ച് ഇതിനകം വെളുപ്പിച്ചെടുത്ത ‘ലൗ ജിഹാദ്’ എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അടക്കമുള്ളവര്‍ തള്ളിക്കളഞ്ഞ പെരുംനുണയിലേക്കാണ് പ്രസ്തുത പരാമര്‍ശത്തിലൂടെ ഈ പിള്ളേച്ചന്‍ വിരല്‍ചൂണ്ടുന്നത്.
അവസാനമായി ചോദിക്കട്ടെ. ജാതിരഹിതമായ, പെണ്‍കുട്ടിയുടെ സമസ്താവകാശങ്ങളും വകവച്ചുകൊടുക്കുന്ന, കാലടികള്‍ക്കടിയില്‍ സ്വര്‍ഗത്തെ പ്രതിഷ്ഠിച്ച മതവിശാലതയിലേക്കുള്ള മാറ്റം അത്ര മോശം കാര്യമാണോ? പോവട്ടെ, സുന്നത്തുപോലും ഒരു ഇത്ര മോശപ്പെട്ടകാര്യമാണോ? സുന്നത്ത്’ ചെയ്തതിന്റെ മഹത്ത്വം മനസ്സിലാക്കണമെന്നുള്ളവര്‍ പ്രസിദ്ധ എഴുത്തുകാരനായ ഖുശ്‌വന്ത് സിങിനോട് ബാഹ്്മന്‍ എന്ന ഹിജഡ പറഞ്ഞ കാര്യം എടുത്തു വായിക്കുക എന്നു മാത്രം പറഞ്ഞു നിര്‍ത്തുന്നു. പിള്ളയ്‌ക്കെവിടെ അതിനൊക്കെ സമയം!

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss