|    May 24 Wed, 2017 9:49 am
FLASH NEWS

സുന്ദര്‍ മേനോനെതിരേ കേസെടുത്തു

Published : 30th July 2016 | Posted By: SMR

തൃശൂര്‍: വ്യാജരേഖകള്‍ ചമച്ച് സാമ്പത്തിക ഇടപാടുകളും വാഹന രജിസ്‌ട്രേഷനും നടത്തിയെന്ന പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം ഡോ. ടി എ സുന്ദര്‍മേനോനെതിരേ ഈസ്റ്റ് പോലിസ് കേസെടുത്തു. തിരുവമ്പാടി കുന്നത്ത് ലെയിനിലെ ബാലസുബ്രഹ്മണ്യം നല്‍കിയ ഹരജിയില്‍ തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.
തെക്കേ അടിയാട്ട് സുന്ദര സുബ്രഹ്മണ്യന്‍, സുന്ദര്‍ അടിയാട്ട് മേനോന്‍ തുടങ്ങിയ പേരുകളില്‍ സുന്ദര്‍ മേനോന്‍ പാസ്‌പോര്‍ട്ടുകള്‍, വ്യാജ രേഖകള്‍ ഉപയോഗിച്ച് വാഹന രജിസ്‌ട്രേഷന്‍ നടത്തിയതിന്റെ തെളിവുകള്‍ തുടങ്ങിയവ കോടതിയില്‍ ഹാജരാക്കിയതായി ബാലസുബ്രഹ്മണ്യം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുന്ദര സുബ്രഹ്മണ്യന്‍ എന്ന പാസ്‌പോര്‍ട്ട് 2005ല്‍ എടുത്തതാണ്. സുന്ദര്‍ അടിയാട്ട് മേനോന്‍ എന്ന പേരില്‍ മറ്റൊരു പാസ്‌പോര്‍ട്ടും നേടി. ഖത്തറില്‍ സണ്‍ ഇന്റര്‍നാഷനല്‍ ട്രേഡിങ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ രജിസ്‌ട്രേഷന് ഉപയോഗിച്ചത് തെക്കേ അടിയാട്ട് സുന്ദര സുബ്രഹ്മണ്യന്‍ എന്ന പേരാണ്. കാറുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും വ്യത്യസ്ത പേരുകളിലാണ്. ഞായറാഴ്ചകളില്‍ വാഹന രജിസ്‌ട്രേഷന്‍ നടക്കാറില്ലെങ്കിലും ഒരു കാര്‍ രജിസ്റ്റര്‍ ചെയ്തത് ഞായറാഴ്ചയാണ്. പാന്‍കാര്‍ഡ് സുന്ദര്‍ അടിയാട്ട് മേനോന്‍ എന്ന പേരിലാണ്. തിരിച്ചറിയല്‍ കാര്‍ഡ് സുന്ദര്‍ മേനോന്‍ എന്ന പേരിലും.
ജമ്മു ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത കമ്പനിയില്‍  സുന്ദര്‍ അടിയാട്ട് മേനോന്‍ എന്ന പേരാണ് ഉപയോഗിച്ചത്. 1990കളിലെ ഒരു കസ്റ്റംസ് കേസില്‍ സുന്ദര സുബ്രഹ്മണ്യന്‍ എന്ന പേരിലാണ് നടപടി പുരോഗമിക്കുന്നത്. ഭൂമി വാങ്ങുന്നതും വില്‍ക്കുന്നതും തെക്കേ അടിയാട്ട് സുന്ദര സുബ്രഹ്മണ്യന്‍ എന്ന പേരിലാണ്. ഡോക്ടറേറ്റ് വ്യാജമാണെന്നും പത്മശ്രീക്ക് വേണ്ടി വ്യത്യസ്ത പേരുകളിലാണ് സുന്ദര്‍മേനോന്‍ അപേക്ഷ നല്‍കിയതെന്നും ഹരജിയില്‍ ബോധിപ്പിച്ചതായി ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day