|    Mar 23 Fri, 2018 1:10 am
Home   >  Todays Paper  >  page 12  >  

സുനാമി ഫണ്ടില്‍ വീട് ലഭിച്ച വരും ലൈഫ് പാര്‍പ്പിടപദ്ധതിയില്‍

Published : 8th August 2017 | Posted By: fsq

 

ബഷീര്‍  പാമ്പുരുത്തി

കണ്ണൂര്‍: നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് നിര്‍മിച്ചുനല്‍കാനുള്ള ലൈഫ് മിഷന്‍ പാര്‍പ്പിടപദ്ധതിയുടെ ഗുണഭോക്താക്കളുടെ കരടുപട്ടികയില്‍ സുനാമി ഫണ്ടില്‍ വീട് ലഭിച്ചവരും. പഞ്ചായത്തുകളിലും നഗരസഭകളിലും പരിശോധനയ്ക്കായി അയച്ച കരടുപട്ടികയിലാണ് അനര്‍ഹര്‍ കടന്നുകൂടിയത്. അനര്‍ഹരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിവിധ ജില്ലകളിലെ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കും എഡിഎമ്മിനു വരെയും പരാതികള്‍ ലഭിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് മുതല്‍ സ്വകാര്യവ്യക്തികള്‍ വരെ പരാതിക്കാരിലുണ്ട്. ഇതോടെ, എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ലൈഫ് മിഷന്‍ പാര്‍പ്പിടപദ്ധതിയിലെ അനര്‍ഹരെ കണ്ടെത്താന്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് സുനാമി പുനരധിവാസ ഫണ്ടില്‍ നിന്നു വീട് ലഭിച്ചവരുടെ ലിസ്റ്റ് പരിശോധിക്കുകയാണ്. അതുകൊണ്ടുതന്നെ കരട് പട്ടികയിന്‍മേല്‍ അപ്പീല്‍ നല്‍കാനുള്ള തിയ്യതി നീട്ടാനുള്ള സാധ്യതയേറി. പരാതികള്‍ 10 വരെ അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് നല്‍കാനായിരുന്നു നേരത്തേ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവര്‍, സ്വന്തമായി ഭൂമിയുണ്ടെങ്കിലും വീടില്ലാത്തവര്‍ എന്നീ രണ്ടു വിഭാഗങ്ങളിലായാണ് ലൈഫ് മിഷന്‍ പാര്‍പ്പിടപദ്ധതി പ്രകാരം പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഒന്നാംവിഭാഗത്തില്‍ സ്വന്തമായോ കുടുംബാംഗങ്ങളുടെ പേരിലോ ഭൂമി ഇല്ലാത്തവര്‍, റേഷന്‍കാര്‍ഡുള്ള കുടുംബം, വാര്‍ഷികവരുമാനം മൂന്നുലക്ഷത്തില്‍ താഴെയുള്ളവര്‍, പരമ്പരാഗതമായി കുടുംബസ്വത്ത് കൈമാറിക്കിട്ടാന്‍ സാധ്യത ഇല്ലാത്തവര്‍ എന്നിവര്‍ക്കാണ് അര്‍ഹത. രണ്ടാംവിഭാഗത്തില്‍ നഗരങ്ങളില്‍ അഞ്ച് സെന്റിനും ഗ്രാമങ്ങളില്‍ 25 സെന്റിനും താഴെ സ്വന്തമായി ഭൂമിയുള്ള, റേഷന്‍ കാര്‍ഡുള്ള കുടുംബത്തെയാണ് വീടിന് അര്‍ഹതയുള്ള ഭവനരഹിതരായി കണക്കാക്കുന്നത്. സ്വന്തമായോ കുടുംബാംഗങ്ങളുടെ പേരിലോ വീടുണ്ടാവാന്‍ പാടില്ല. പരമ്പരാഗതമായി വീട് കൈമാറിക്കിട്ടാന്‍ സാധ്യതയുള്ളവരും ആയിരിക്കരുത്. കുടുംബ വാര്‍ഷികവരുമാനം മൂന്നുലക്ഷത്തില്‍ താഴെയായിരിക്കണം. ഇത്തരം നിബന്ധനകളുണ്ടെങ്കിലും നേരത്തേ സുനാമി പുനരധിവാസപദ്ധതിയില്‍ വീട് ലഭിച്ചവര്‍ അതു വാസയോഗ്യമല്ലെന്നു പറഞ്ഞാണ് പുതിയ പദ്ധതിയിലും അപേക്ഷിച്ചത്. ഇത് തത്ത്വത്തില്‍ അനര്‍ഹര്‍ക്കു വീട് ലഭിക്കാനിടയാക്കും. ഇക്കാര്യം പരാതിയായി ലഭിച്ചതോടെ സൂക്ഷ്മമായി പരിശോധിക്കാന്‍ വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍ക്ക് തദ്ദേശ സ്ഥാപന അധികാരികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അര്‍ഹരായവരുടെ പട്ടിക പരിശോധിച്ച് അംഗീകാരം നല്‍കാനായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ രൂപീകരിച്ച സ്‌ക്രൂട്ടിനി ആന്റ് അപ്പീല്‍ കമ്മിറ്റിക്കും ഇക്കാര്യം വിശദമായി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്കുപ്രകാരം കേരളത്തില്‍ ഏകദേശം 4.32 ലക്ഷം ഭവനരഹിത കുടുംബങ്ങളുണ്ടെന്നു കണ്ടെത്തിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാപദ്ധതി തയ്യാറാക്കിയത്. ഇതില്‍ തന്നെ 1.58 ലക്ഷം പേര്‍ ഭൂരഹിതരാണെന്നു കണ്ടെത്തിയതിനാല്‍ ലൈഫ് പദ്ധതിപ്രകാരം സ്ഥലം കണ്ടെത്തി വീട് നിര്‍മിച്ചു നല്‍കാനാണു പദ്ധതി തയ്യാറാക്കിയത്. 2004 ഡിസംബര്‍ 26നുണ്ടായ സുനാമി ദുരന്തത്തില്‍ സംസ്ഥാനത്തു പതിനായിരങ്ങളാണ് ഭവനരഹിതരായത്. ഇവരെ പാര്‍പ്പിക്കാനായി കേന്ദ്രസര്‍ക്കാരിന്റെ കൂടി സഹായത്തോടെ 2000 കോടിയിലേറെ രൂപ ചെലവഴിച്ച് 11000ത്തിലേറെ വീടുകളും നിര്‍മിച്ചുനല്‍കിയിരുന്നു. കൂടാതെ രാഷ്ട്രീയപ്പാര്‍ട്ടികളും സന്നദ്ധസംഘടനകളും വീട് നിര്‍മിച്ചുനല്‍കിയിരുന്നു. എന്നാല്‍, അനുവദിച്ച ഫഌറ്റുകളിലും വീടുകളിലും അനര്‍ഹര്‍ കയറിക്കൂടിയതായി നേരത്തേ ആക്ഷേപമുയര്‍ന്നതിനു പിന്നാലെയാണ് പുതിയ ഭവനനിര്‍മാണ പദ്ധതിയായ ലൈഫ് മിഷനിലൂടെയും വീട് കൈക്കലാക്കാന്‍ ശ്രമം നടക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss