|    Sep 26 Wed, 2018 7:57 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സുനന്ദയുടെ മരണം: സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ മരണ മൊഴിയെന്ന് ഡല്‍ഹി പോലിസ്‌

Published : 29th May 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ അവരുടെ ഇ-മെയില്‍ സന്ദേശങ്ങള്‍ മരണമൊഴിയായി പരിഗണിക്കണമെന്നു ഡല്‍ഹി പോലിസ്. മരണപ്പെടുന്നതിനു മുമ്പു ജീവിതത്തില്‍ നിരാശ പ്രകടിപ്പിച്ചു ശശി തരൂരിന് സുനന്ദ പുഷ്‌കര്‍ ഇ-മെയില്‍ അയച്ചിരുന്നു. ‘തനിക്കു ജീവിക്കാന്‍ ആഗ്രഹമില്ല. എന്റെ എല്ലാ പ്രാര്‍ഥനയും മരണത്തിനു വേണ്ടിയാണ്’ എന്ന് മരണത്തിന് ഒമ്പതു ദിവസം മുമ്പ് അവര്‍ തരൂരിനയച്ച സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതുള്‍പ്പെടെയുള്ള ഇ-മെയില്‍ സന്ദേശങ്ങള്‍ ആത്മഹത്യാ കുറിപ്പായി പരിഗണിക്കണമെന്നാണ് പോലിസിന്റെ ആവശ്യം. ഇന്നലെ അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് മുമ്പാകെയാണ് ഡല്‍ഹി പോലിസ് ഇക്കാര്യം അറിയിച്ചത്. സുനന്ദ മരിച്ചതു വിഷം ഉള്ളില്‍ ചെന്നാണ്. 27 അല്‍പ്രാക്‌സ് ഗുളികകള്‍ അവരുടെ കിടപ്പുമുറിയില്‍ നിന്നു കണ്ടെത്തിയിരുന്നു. എന്നാല്‍, എത്ര ഗുളികകള്‍ കഴിച്ചാണു സുനന്ദ മരിച്ചതെന്നു വ്യക്തമല്ലെന്നും പോലിസ് കോടതിയെ അറിയിച്ചു.
കേസില്‍ ഡല്‍ഹി പോലിസ് സമര്‍പ്പിച്ച കുറ്റപത്രം ഇന്നലെയാണ് അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പരിശോധിച്ചത്. കേസ് പരിഗണിക്കവെ സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ടു ശശി തരൂരിനെതിരേ വ്യക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഡല്‍ഹി പോലിസ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഇന്നലെ അംഗീകരിക്കാതിരുന്ന കോടതി, ഇതുസംബന്ധിച്ച് വിധി പറയുന്നത് അടുത്തമാസം അഞ്ചിലേക്കു മാറ്റി. ഐപിസി 498എ (ഗാര്‍ഹിക പീഡനനിയമം), 306 (ആത്മഹത്യാപ്രേരണ) എന്നീ വകുപ്പുകളാണ് തരൂരിനെതിരേ ചുമത്തിയത്. സുനന്ദ വിഷാദത്തിന് അടിമപ്പെട്ട് അതിനു മരുന്നു കഴിക്കുമ്പോഴും അവരെ അവഗണിക്കുകയാണ് തരൂര്‍ ചെയ്തത്.
സുനന്ദയുടെ ശരീരത്തില്‍ ചെറിയ മുറിവുകളുണ്ടെന്നു പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുണ്ട്. ദമ്പതികള്‍ക്കിടയില്‍ തര്‍ക്കവും ചെറിയ അടിപിടിയും നടന്നതിനുള്ള സൂചനകളാണിത്. കൊച്ചി വിമാനത്താവളത്തില്‍ വച്ചു ദമ്പതികള്‍ക്കിടയില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി.
ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടയിലും അതു തുടര്‍ന്നു. 2014 ജനുവരി 17നാണു സുനന്ദ മരിച്ചത്. അതിനു തലേ ദിവസം തുടര്‍ച്ചയായി സുനന്ദ വിളിച്ചെങ്കിലും അപ്പോഴെല്ലാം ഫോണ്‍ കട്ട് ചെയ്യുകയാണ് തരൂര്‍ ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss