|    Feb 28 Tue, 2017 9:08 am
FLASH NEWS

സുധീരന് ഗീതോപദേശം നല്‍കാനാരുമില്ലേ

Published : 22nd November 2016 | Posted By: mi.ptk

imthihan-SMALLകറന്‍സി സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന് മോഡിയും സംഘ്പരിവാറും പൊതുജനങ്ങള്‍ക്കു നേരെയുളള കാര്‍പെറ്റ് ബോംബിംഗ് എന്ന് സുപ്രീകോടതിയും വിശേഷിപ്പിച്ച മുന്തിയ നോട്ടുകള്‍ പിന്‍വലിച്ച നടപടി രണ്ടാഴ്ച പിന്നിടാന്‍ പോവുകയാണല്ലോ. അത്യന്തം നിര്‍ണായകമായ ഒരു തീരുമാനത്തിന് ആവശ്യമായ യാതൊരു മുന്നൊരുക്കവും നടത്താതെ ചെയ്ത നടപടി അമ്പതിലേറെപ്പേര്‍ക്ക് ജീവഹാനി വരുത്തിയും  സമ്പദ്‌വ്യവസ്ഥയെ അടിമുടി തകര്‍ത്തും പൊതുജനജീവിതം ദുസഹമാക്കിയും തുടരുമ്പോഴും അതിനെതിരെ യോജിച്ച പ്രക്ഷോഭം നടത്താനോ അതുവഴി സര്‍ക്കാറിനെ പുനര്‍വിചിന്തനത്തിന് പ്രേരപ്പിക്കാനോ രാജ്യത്തെ മുഖ്യധാരാ പ്രതിപക്ഷ കക്ഷികള്‍ക്കായിട്ടില്ല. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടിയും മാത്രമാണ് നോട്ട് പിന്‍വലിച്ച നടപടി പൂര്‍ണമായും പിന്‍വലിക്കണമെന്നു പറയാന്‍ ആര്‍ജ്ജവം കാണിച്ചിരിക്കുന്നത്. രാജ്യസ്‌നേഹത്തില്‍ വിഭ്രംജിതമായ നടപടി എന്ന് മോഡി വിശേഷിപ്പിക്കുന്ന നോട്ടു പിന്‍വലിക്കലിനു പിന്നില്‍ എട്ടു ലക്ഷം കോഴയുടെ അഴിമതിയുണ്ടെന്നു കെജ്രിവാള്‍ ആരോപിക്കുന്നു. സ്വന്തം നിലയില്‍ ബഹുജന പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനു സാധിച്ചില്ലെന്നതു മാത്രമല്ല ബംഗാളിലെയും ഡല്‍ഹിയിലെയും സാഹചര്യങ്ങള്‍ മമതയുമായും കെജരിവാളുമായും സഹകരിക്കുന്നതില്‍ നിന്നു യഥാക്രമം ഇടതു പാര്‍ട്ടികളെയും കോണ്‍ഗ്രസിനെയും തടയുകയും ചെയ്തു. അതോടെ,നോട്ടു പിന്‍വലിച്ചതിലല്ല അതു നടപ്പാക്കിയ രീതിയാലാണ് പ്രശ്‌നം എന്ന അഴകൊഴമ്പന്‍ നിലപാടിലേക്ക് ഇരു പാര്‍ട്ടികളും എത്തുകയും ചെയ്തു.
sudheeran

ഇതിനിടയിലാണ് കേരളത്തിലെ ഇടതു വലത് മുന്നണികളുടെ ജീവനാഡിയായ സഹകരണ പ്രസ്ഥാനങ്ങളുടെ അടിക്കല്ലിളക്കുന്ന തീരുമാനവുമായി റിസര്‍വ്വ് ബാങ്ക് രംഗത്തു വന്നത്. ജനങ്ങള്‍ കഷ്ടപ്പെടുകയോ പണമില്ലാത്തിനാല്‍ ചികിത്സ കിട്ടാതെ മരണപ്പെടുകയോ ചെയ്യുന്നതു പോലെയല്ലല്ലോ തങ്ങളുടെ പൊന്മുട്ടയിടുന്ന താറാവിനെ കുറുക്കന്‍ പിടിക്കുന്നത്. അതിനാല്‍ ആജന്മ ശത്രുക്കള്‍ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്ന് യോജിച്ച പോരാട്ടത്തിനിറങ്ങാന്‍ തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ കണ്ട് പിന്തുണ അറിയിച്ചു. സഹകരണത്തില്‍ കേരളം ഒറ്റക്കെട്ട് എന്ന് മധ്യമങ്ങള്‍ അച്ചുനിരത്തി. സഹകരണത്തിന്റെ പേരിലായാലും ഫാഷിസ്റ്റ് നിയന്ത്രണത്തിലുളള സര്‍ക്കാരിനും അതിന്റെ അനാരോഗ്യകരമായ ഏകാധിപത്യപ്രവണതകള്‍ക്കുമെതിരില്‍ യോജിച്ച പ്രക്ഷോഭം അരങ്ങേറാന്‍ പോകുന്നത് മതേതര-ജനാധിത്യവിശ്വാസികളെ സന്തോഷഭരിതരാക്കി. ഭരണപരിഷ്‌കാരാധ്യക്ഷസ്ഥാനം ലഭിച്ചത് കൊണ്ടോ പിണറായിയുടെ കണ്ണുരുട്ടല്‍ ഭയന്നിട്ടോ എന്തോ എല്ലാ കാര്യത്തിലും സൈദ്ധാന്തിക മുട്ടുന്യായങ്ങള്‍ ഉന്നയിച്ച് ഇടങ്കോലിടുന്ന വി എസ് അച്ചുതാനന്ദന്‍ പോലും സമരമുഖത്ത് സജീവമായി. എല്ലാം ശുഭമെന്ന് കരുതി ആശ്വസിച്ചിരിക്കുമ്പോഴാണ് ‘കോണ്‍ഗ്രസിലെ വി എസിന്’ സൂക്കേട് തുടങ്ങുന്നത്.സഹകരണ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന സി പി എമ്മിനൊപ്പം സമരം ചെയ്യാന്‍ തയ്യാറല്ലെന്നാണ് കെ പി സിസി അധ്യക്ഷന്റെ നിലപാട്. യു ഡി എഫിലെത്തന്നെ മറ്റൊരു പ്രബല കക്ഷിയായ മുസലിം ലീഗ് ചൂണ്ടിക്കാണിച്ചതു പോലെ സഹകരണ സ്ഥാപനങ്ങള്‍ നിലനില്‍ക്കണമോ വേണ്ടേ എന്ന മര്‍മ്മപ്രധാനമായ പ്രശ്‌നത്തിനിടയില്‍ വി എം സുധീരനെപ്പോലെ പരിണതപ്രജ്ഞനായ ഒരു രാഷ്ട്രീയ നേതാവ് ഒരിക്കലും ഉന്നയിക്കരുതാത്ത വിഷയം. ഒരു കുട്ടിക്കു മേല്‍ അവകാശവാദമുന്നയിച്ച് സോളമന്‍ രാജാവിന്റെ മുമ്പിലെത്തിയ രണ്ടു സ്ത്രീകളുടെ കഥ ബഹുമാനപ്പെട്ട കെ പി സിസി പ്രസിഡന്റെ് അറിയാതിരിക്കാന്‍ വഴിയില്ല. കുട്ടിയെ രണ്ടായി പകുത്ത് രണ്ടു പേര്‍ക്കും നല്‍കാന്‍ രാജാവ് ഉത്തരവിട്ടപ്പോള്‍ കുട്ടിയെ വ്യാജമാതാവിന് വിട്ടു നല്‍കി കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പറഞ്ഞ  യഥാര്‍ത്ഥ മാതാവില്‍ സുധീരന് പാഠമുണ്ട്. നിലവില്‍ തങ്ങള്‍ക്കു കാര്യമായ പിടിപാടില്ലാത്ത കേരളത്തിലെ  സുസജ്ജമായ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ത്ത് ആ പഴുതിലൂടെ കയറാന്‍ ശ്രമിക്കുന്ന ഫാഷിസ്റ്റ് ശക്തികളുടെ കുതന്ത്രത്തെ സര്‍വ്വശക്തിയുമുപയോഗിച്ച് എതിര്‍ത്ത് പരാജയപ്പെടുത്തേണ്ട നിര്‍ണായക നിമിഷത്തിലല്ല മതേതര ശക്തികളുടെ മൂപ്പിളമപ്പോര് തീര്‍ക്കേണ്ടത്. അങ്ങനെ സംഭവിക്കുന്ന പക്ഷം ആ വീഴ്ചക്ക് ഉത്തരവാദിയായി തന്നെ ചരിത്രം രേഖപ്പെടുത്തുന്നത് തികഞ്ഞ മതേതരവാദിയായ സുധീരന് ഒട്ടും സഹിക്കാനാവില്ലെന്നത് തീര്‍ച്ച. കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്ക് വേണ്ടി രാജ്യഭരണം നടത്തുന്ന അഭിനവ കൗരവന്‍മാരെ കുരുക്ഷേത്രഭൂമിയില്‍ ഒറ്റക്കെട്ടായി നേരിടണമെന്ന് സുധീരന് ഉപദേശം നല്‍കാന്‍ ആന്റണിയടക്കമാരുമില്ലേ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,429 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day