|    Jan 17 Tue, 2017 12:18 pm
FLASH NEWS

സുധീരന്റെ വിലക്ക് ലംഘിച്ച് കോണ്‍ഗ്രസ്സില്‍ വാക്‌പോര് രൂക്ഷം

Published : 22nd May 2016 | Posted By: SMR

vm-sudheeranതിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെച്ചൊല്ലി കോണ്‍ഗ്രസ്സിനുള്ളില്‍ വാക്‌പോര് രൂക്ഷം. പരാജയകാരണത്തില്‍ പരസ്യപ്രസ്താവന നടത്തരുതെന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നി ര്‍ദേശം ലംഘിച്ചാണ് നേതാക്കളുടെ വിഴുപ്പലക്കല്‍. നേതൃത്വത്തിനെതിരായ കുറ്റപ്പെടുത്തലും പരസ്പരം പഴിചാരലുമായി പലരും ഇന്നലെയും രംഗത്തെത്തി.
മുതിര്‍ന്ന നേതാക്കളായ കെ സുധാകരന്‍, ജോസഫ് വാഴക്കന്‍, ഷാനിമോള്‍ ഉസ്മാന്‍, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ എന്നിവരാണ് നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. മദ്യനയം പാര്‍ട്ടിക്കു തിരിച്ചടിയായെന്നാണ് കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്റെ പ്രസ്താവന. മദ്യനയത്തിലെ പോരായ്മ പരിഹരിക്കാന്‍ സാധിച്ചില്ല. കണ്ണൂരിലെ കോണ്‍ഗ്രസ്സിന്റെ കുത്തകസീറ്റില്‍ സതീശന്‍ പാച്ചേനി തോറ്റതു ഞെട്ടിക്കുന്നതാണ്. നേതാക്കള്‍ക്കാണ് കോണ്‍ഗ്രസ്സിനും യുഡിഎഫിനുമുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്തം.
അവസാനകാലത്തടക്കം ഉണ്ടായ പോരായ്മകള്‍ പരിഹരിക്കാന്‍ നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും അദ്ദേഹം തുറന്നടിച്ചു. കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ നേതൃമാറ്റത്തെപ്പറ്റി ഹൈക്കമാന്‍ഡ് ഗൗരവമായി ആലോചിക്കണമെന്നാണ് പാര്‍ട്ടി വക്താവ് ജോസഫ് വാഴക്കന്റെ പ്രതികരണം. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ തിരുത്തല്‍ വേണം. സര്‍ക്കാരിന്റെ അവസാനകാല തീരുമാനങ്ങളെ കെപിസിസി അധ്യക്ഷന്‍ ഇടപെട്ടു പിന്‍വലിപ്പിച്ചത് പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങളെ ശരിവയ്ക്കുന്നതായി. ഇത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രകടനത്തെ ബാധിച്ചു.
സര്‍ക്കാരിനെതിരായ ആരോപണങ്ങളെ ഒറ്റക്കെട്ടായി ചെറുക്കാന്‍ കഴിഞ്ഞില്ല. എല്‍ഡിഎഫ് ആരോപണങ്ങള്‍ ശരിവയ്ക്കുന്ന അഭിപ്രായങ്ങള്‍ പാ ര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ ഉണ്ടായി. കെ ബാബുവിനെതിരാ യ അഭിപ്രായങ്ങളും ഇതിലുള്‍പ്പെടും. ഇത്തരം സാഹചര്യത്തി ല്‍ ബാബുവിനെ പോലുള്ള ഒരാള്‍ തോറ്റതില്‍ അദ്ഭുതപ്പെടാനില്ല. പ്രതിപക്ഷനേതാവിന്റെ കാര്യത്തില്‍ എംഎല്‍എമാരുടെ കൂടി അഭിപ്രായം കണക്കിലെടുക്കണമെന്നും ജോസഫ് വാഴക്കന്‍ കൂട്ടിച്ചേര്‍ത്തു.
സംഘടനാ ദൗര്‍ബല്യമാണ് കനത്ത പരാജയത്തിനു കാരണമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ അഭിപ്രായപ്പെട്ടു.
താന്‍ മല്‍സരിച്ച ഒറ്റപ്പാലം മണ്ഡലത്തില്‍ കോണ്‍ഗ്രസ് ബിജെപിക്ക് വോട്ടു മറിച്ചു. തോല്‍ക്കുമെന്ന് ഉറപ്പുള്ള സീറ്റാണ് തന്നത്. തന്നെ തോല്‍പ്പിക്കാനായിരുന്നു തീരുമാനമെങ്കില്‍ ആലപ്പുഴ ജില്ലയിലെ ഒരു മണ്ഡലം തന്നാല്‍ മതിയായിരുന്നു. ഇക്കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും ഷാനിമോള്‍ വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റിനെതിരേയാണ് ആര്‍ ചന്ദ്രശേഖരന്റെ വിമര്‍ശനം. വിജയസാധ്യത നോക്കിയാണ് സ്ഥാനാര്‍ഥികളെന്നു പറഞ്ഞ കെപിസിസി പ്രസിഡന്റ് പൊതുവായ വിലയിരുത്തല്‍ പോലുമില്ലാതെയാണ് കൊല്ലം ജില്ലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയതെന്ന് ആര്‍ ചന്ദ്രശേഖരന്‍ ആരോപിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ആളുകള്‍ മൂന്നും നാലും സ്ഥാനത്തേക്ക് പോയി. തിരഞ്ഞെടുപ്പുഫലം വിലയിരുത്തുന്നതിന് കെപിസിസി നിര്‍വാഹക സമിതിയോഗം 23നു ചേരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 205 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക