|    Jan 19 Thu, 2017 1:59 am
FLASH NEWS

സുധീരന്റെ നീക്കങ്ങളെ ചെറുക്കാന്‍ ഗ്രൂപ്പുകള്‍

Published : 28th March 2016 | Posted By: RKN

തിരുവനന്തപുരം: രാഷ്ട്രീയാരോപണങ്ങളില്‍ പ്രതിസ്ഥാനത്തുള്ളവരെയും തുടര്‍ച്ചയായി മല്‍സരിക്കുന്നവരെയും ലക്ഷ്യമിട്ട് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. സോളാര്‍, ബാര്‍കോഴ കേസുകളില്‍ ആരോപിതരായ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും സീറ്റ് നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് സുധീരന്‍. സിറ്റിങ് എംഎല്‍എമാരില്‍ ചിലരുടെ സീറ്റുകളില്‍ ഒന്നിലേറെ പേരുകള്‍ ഉള്‍പ്പെടുത്തി ഹൈക്കമാന്‍ഡിന് പട്ടിക നല്‍കിയതിനു പിന്നില്‍ ഈ ലക്ഷ്യമെന്നാണ് സൂചന. അതേസമയം, സുധീരന്റെ നീക്കത്തിന് തടയിടാന്‍ എ, ഐ ഗ്രൂപ്പുകള്‍ സംയുക്തമായി രംഗത്തെത്തിയത് പാര്‍ട്ടിയില്‍ പുതിയ കലാപത്തിനു വഴിവച്ചിട്ടുണ്ട്. കരട് സ്ഥാനാര്‍ഥി പട്ടികയില്‍ കെപിസിസി പ്രസിഡന്റ് നടത്തിയ കൈകടത്തലുകളില്‍ ഗ്രൂപ്പുകള്‍ക്ക് അമര്‍ഷമുണ്ട്. ആരോപണവിധേയരെന്ന പേരില്‍ ഗ്രൂപ്പുകളുടെ പ്രമുഖര്‍ക്കു സീറ്റ് നിഷേധിക്കാനുള്ള നീക്കമാണ് സുധീരന്‍ നടത്തുന്നതെന്നാണ് ഇവരുടെ ആക്ഷേപം. തന്റെ അനുയായികള്‍ക്ക് പരമാവധി സീറ്റുകള്‍ ഉറപ്പിച്ചു പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ആധിപത്യം ഉറപ്പിക്കാനുള്ള സുധീരന്റെ തന്ത്രമായാണ് ഗ്രൂപ്പുകള്‍ ഇതിനെ കാണുന്നത്്. ഉറച്ച ജയസാധ്യതയുള്ള സീറ്റുകളില്‍ ഒന്നിലേറെ പേരുകള്‍ ഉള്‍പ്പെടുത്തിയത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ആരോപിച്ച് ഗ്രൂപ്പ് മാനേജര്‍മാര്‍ ഹൈക്കമാന്‍ഡിനു പരാതി നല്‍കി. ഗ്രൂപ്പുകള്‍ക്കുള്ളില്‍ തര്‍ക്കമുണ്ടാക്കി വിള്ളലുണ്ടാക്കാന്‍ സുധീരന്‍ ശ്രമിക്കുന്നതായും പരാതിയുണ്ട്്. കെ ബാബു, ബെന്നി ബെഹനാന്‍ എന്നിവരെയാണ് ആരോപണവിധേയരുടെ ഗണത്തില്‍പ്പെടുത്തി സീറ്റ് നിഷേധിക്കാന്‍ സുധീരന്‍ തയാറെടുക്കുന്നതെന്നാണ് പരാതി. ബാര്‍ കോഴക്കേസില്‍ ബാബുവും സോളാര്‍ കേസില്‍ ബെന്നിയും ആരോപണം നേരിടുകയാണ്. കെ ബാബുവിന്റെ മണ്ഡലമായ തൃപ്പൂണിത്തുറയിലും ബെന്നിയുടെ തൃക്കാക്കരയിലും രണ്ടു പേരുകളുണ്ട്. ഇവര്‍ രണ്ടുപേരും എ ഗ്രൂപ്പിന്റെ ശക്തരായ വക്താക്കളാണ്. പി ടി തോമസിനെ കൂടി തൃക്കാക്കരയില്‍ ഉള്‍ക്കൊള്ളിച്ചത് എ ഗ്രൂപ്പില്‍ കടുത്ത ആശയക്കുഴപ്പത്തിനിടയാക്കുമെന്നു സുധീരനും കണക്കുകൂട്ടുന്നു. അതേസമയം, ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ് എന്നിവരെ തുടര്‍ച്ചയായി മല്‍സരിക്കുന്നവരെന്ന പേരില്‍ ഒഴിവാക്കണമെന്ന നിലപാടിലാണ് സുധീരന്‍. കോട്ടയത്തു ജില്ലാ പ്രസിഡന്റ് ടോമി കല്ലാ—നിയുടെ പേരാണ് തിരുവഞ്ചൂരിനൊപ്പം ഉള്‍പ്പെടുത്തിയത്. ഇരിക്കൂറില്‍ സുധീരന്റെ വിശ്വസ്തന്‍ സതീശന്‍ പാച്ചേനിക്കൊപ്പം സജീവ് ജോസഫിനെയും പരിഗണിക്കുന്നു. വിവാദ ഉത്തരവുകളിലൂടെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ മന്ത്രി അടൂര്‍ പ്രകാശിനെ മല്‍സരിപ്പിക്കാനും സുധീരനു താല്‍പര്യമില്ല. ഇതിന്റെ ഭാഗമായാണ് ഡിസിസി പ്രസിഡന്റ് മോഹന്‍രാജിന്റെ പേര് കോന്നിയില്‍ ഉള്‍ക്കൊള്ളിച്ചത്. മല്‍സരിക്കാനില്ലെന്നു പ്രഖ്യാപിച്ച് മകനു സീറ്റ് തരപ്പെടുത്താന്‍ ശ്രമിക്കുന്ന ആര്യാടനെതിരേയും സുധീരന്റെ നീക്കമുണ്ട്്. ആര്യാടന്‍ ഷൗക്കത്തിന്റെ പേരിനൊപ്പം നിലമ്പൂരില്‍ വി വി പ്രകാശിനെയും ഉള്‍പ്പെടുത്തി. ഡല്‍ഹിയില്‍ ഇന്നാരംഭിക്കുന്ന ചര്‍ച്ചകളില്‍ സുധീരന്റെ നീക്കത്തെ ശക്തമായി പ്രതിരോധിക്കാനാണ് ഗ്രൂപ്പുകളുടെ തീരുമാനം. പാര്‍ട്ടിയിലെ ഐക്യം തകര്‍ക്കാന്‍ പ്രസിഡന്റ് ശ്രമിക്കുന്നെന്ന ഗ്രൂപ്പുകളുടെ പരാതി ഹൈക്കമാന്‍ഡിന്റെ മുന്നിലുണ്ട്. ഇപ്പോള്‍ വിജയസാധ്യതയുള്ള സീറ്റുകളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള നീക്കത്തിനെതിരേയും അടിയന്തര നടപടി ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക