|    Jul 21 Fri, 2017 4:32 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

 സുധീരനെ മാറ്റണമെന്ന ആവശ്യം തള്ളി; ഹൈക്കമാന്‍ഡ് നിലപാടില്‍ ഗ്രൂപ്പുകള്‍ക്ക് അമര്‍ഷം

Published : 11th July 2016 | Posted By: SMR

തിരുവനന്തപുരം: പുനസ്സംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിലെ എ, ഐ ഗ്രൂപ്പുകള്‍ കടുത്ത അമര്‍ഷത്തില്‍. കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്നു വി എം സുധീരനെ മാറ്റണമെന്ന ഗ്രൂപ്പുകളുടെ ആവശ്യം ഹൈക്കമാന്‍ഡ് തള്ളിയതാണ് കാരണം. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ച പ്രഹസനമാണെന്നും വിളിച്ചുവരുത്തി അപമാനിക്കുകയാണ് ചെയ്തതെന്നുമുള്ള വികാരമാണ് ചില നേതാക്കള്‍ക്കുള്ളത്. വി എം സുധീരന്റെ നേതൃത്വത്തില്‍ പുതിയൊരു വിഭാഗം ഉയരുന്നതിലും എ, ഐ നേതാക്കള്‍ അസ്വസ്ഥരാണ്. ഇക്കാര്യം ഇവര്‍ രാഹുലിനെ അറിയിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം സുധീരനാണെന്നും നേതൃമാറ്റം അനിവാര്യമാണെന്നുമുള്ള കടുത്ത നിലപാടാണ് എ, ഐ ഗ്രൂപ്പുകള്‍ ഡല്‍ഹിയിലെ ചര്‍ച്ചകളില്‍ സ്വീകരിച്ചത്. എന്നാല്‍, ഇത് തള്ളിക്കളയുന്ന നിലപാടാണ് രാഹുല്‍ഗാന്ധിയും ഹൈക്കമാന്‍ഡും സ്വീകരിച്ചത്. തോല്‍വിക്ക് ഒരാള്‍ക്കല്ല ഉത്തരവാദിത്തമെന്ന് രാഹുല്‍ വ്യക്തമാക്കി.
നേതൃമാറ്റം ആവശ്യത്തോട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും മുഖംതിരിച്ചു. ഇതോടെയാണ് ഗ്രൂപ്പ്‌നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചു തുടങ്ങിയത്. പി ജെ കുര്യന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സുധീരനു പിന്തുണയുമായി രംഗത്തുണ്ട്. കൂടാതെ 9 എംഎല്‍എമാര്‍ ഗ്രൂപ്പുകളുടെ നിലപാടില്‍നിന്ന് വ്യത്യസ്തമായി അഴിമതിരഹിത നേതൃത്വം പാര്‍ട്ടിക്കു വേണമെന്ന അഭിപ്രായമാണ് രാഹുലിനെ അറിയിച്ചത്. ചില എംപിമാരും ഇതേ നിലപാട് സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ ഡിസിസി പ്രസിഡന്റുമാരുടെ മാറ്റത്തോടെ പുനസ്സംഘടന തുടങ്ങാനാണ് സാധ്യത. നേതൃമാറ്റം ഇപ്പോഴില്ലെങ്കിലും പാര്‍ട്ടിയിലെ അഴിച്ചുപണിക്കുള്ള രൂപരേഖയ്ക്കും ഏറെ വൈകാതെ ഹൈക്കമാന്‍ഡ് രൂപംനല്‍കും.
കോണ്‍ഗ്രസ് പുനസ്സംഘടന എങ്ങനെ വേണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ തിരുവനന്തപുരത്ത് വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന പുനസ്സംഘടനാ ചര്‍ച്ചകള്‍ തൃപ്തികരമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരനും പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് പുനസ്സംഘടന എങ്ങനെ വേണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക