|    Oct 24 Tue, 2017 2:34 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സുധീരനെയും മാണിയെയും വിമര്‍ശിച്ച് അടൂര്‍ പ്രകാശ്

Published : 11th July 2016 | Posted By: SMR

തിരുവനന്തപുരം: തന്റെ മകന്റെ വിവാഹനിശ്ചയ ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായ കെ എം മാണിയേയും കെപിസിസി പ്രസിഡന്റ് വി എം സുധീരനേയും വിമര്‍ശിച്ച് മുന്‍ റവന്യുമന്ത്രിയും എംഎല്‍എയുമായ അടൂര്‍ പ്രകാശ്. ബാറുടമയായ ബിജുരമേശിന്റെ മകളുമായുള്ള തന്റെ മകന്റെ വിവാഹനിശ്ചയത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതിനെ കെ എം മാണി വിമര്‍ശിച്ചതിനു പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളുണ്ടാവാമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.
മാണിയുടെ കൊച്ചുമകളുടെയും വി എം സുധീരന്റെ മകളുടെയും വിവാഹത്തില്‍ പങ്കെടുത്തയാളാണ് താന്‍. കുടുംബകാര്യങ്ങളില്‍ രാഷ്ട്രീയം കൂട്ടിക്കുഴച്ച് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നത് ശരിയാണോയെന്ന് കെ എം മാണി ആലോചിക്കണമെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അടൂര്‍ പ്രകാശ് പറഞ്ഞു.
വി എം സുധീരന്‍ തന്നെ വ്യക്തിപരമായി വേട്ടയാടുകയാണ്. സുധീരന് തന്നോടുള്ള വിരോധം എന്തുകൊണ്ടാണെന്ന് അറിയില്ല. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഒരു കാരണം പാര്‍ട്ടി സജ്ജമാവാത്തതാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഐ ഗ്രൂപ്പ് നേതാവായ രമേശ് ചെന്നിത്തലയ്‌ക്കെതിരേ പരോക്ഷ വിമര്‍ശനവും അടൂര്‍ പ്രകാശ് ഉന്നയിച്ചു. പ്രതിസന്ധിയില്‍ തന്റെ കൂടെനിന്നത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി മാത്രമാണെന്നും അല്ലാത്തവര്‍ കാര്യങ്ങള്‍ സ്വയം തിരിച്ചറിയുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഒറ്റപ്പെട്ടതോടെ ഐ ഗ്രൂപ്പുമായി അകലം പാലിക്കുന്ന അടൂര്‍ പ്രകാശ് എ ഗ്രൂപ്പിനോട് അടുക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക