|    Jan 18 Wed, 2017 12:39 am
FLASH NEWS

സുധീരനെതിരേ വിമര്‍ശനവുമായി മുല്ലപ്പള്ളി

Published : 26th September 2016 | Posted By: SMR

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആദര്‍ശത്തിന്റെ തടവറയിലാണെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. ആദര്‍ശത്തിന്റെ പേരില്‍ പാര്‍ട്ടിയിലെ ജനാധിപത്യം ഇല്ലാതാക്കരുതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയുടെ ആദ്യ യോഗത്തിലാണു സുധീരനെതിരേ മുല്ലപ്പള്ളി വിമര്‍ശനം ഉന്നയിച്ചത്. മദ്യലോബിയുടെ താല്‍പര്യത്തിന് അനുസരിച്ച് കെ ബാബുവിനെ വേട്ടയാടുമ്പോള്‍ അദ്ദേഹത്തിനു പിന്തുണ നല്‍കണമായിരുന്നു. സാധാരണ പ്രവര്‍ത്തകനു പോലും ഇത്തരം സാഹചര്യമുണ്ടായാല്‍ സംരക്ഷിക്കേണ്ട കെപിസിസി പ്രസിഡന്റ് ബാബുവിന്റെ കാര്യത്തിലെടുത്ത നിലപാട് ക്രിമിനല്‍ കുറ്റമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെ ബാബുവിന്റെ സ്വത്ത് വിവരങ്ങളിലേക്കു മാത്രമല്ല, അദ്ദേഹത്തിന്റെ മക്കളുടെ ആസ്തിയിലും ഇടപാടുകളിലേക്കുമാണ് വിജിലന്‍സ് അന്വേഷണം എത്തിയിരിക്കുന്നത്. സുധീരന്‍ വെറുമൊരു രാഷ്ട്രീയ നേതാവ് മാത്രമല്ല, പാര്‍ട്ടി അധ്യക്ഷന്‍കൂടിയാണെന്നും ഓര്‍ക്കണം. ആ നിലയില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തത്തില്‍ സുധീരന്‍ പരാജയപ്പെട്ടുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
എന്നാല്‍, കഴിഞ്ഞ 10 വര്‍ഷമായി പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാറില്ലാത്തതുകൊണ്ടാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനങ്ങളെന്നായിരുന്നു സുധീരന്റെ മറുപടി. കെ സുധാകരന്‍, എം എം ഹസ്സന്‍ എന്നിവരാണു യോഗത്തില്‍ സുധീരനെതിരേ ആഞ്ഞടിച്ചത്. കെ എം മാണിയെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ സുധീരന്‍ എന്തുകൊണ്ടാണ് കെ ബാബുവിനെ സംരക്ഷിക്കാത്തതെന്ന് ഹസ്സന്‍ ചോദിച്ചു. മുന്നണി വിട്ടുപോയിട്ടും മാണിയെ ബാര്‍ കോഴക്കേസില്‍ സുധീരന്‍ തള്ളിപ്പറഞ്ഞില്ലെന്നും ഹസ്സന്‍ അഭിപ്രായപ്പെട്ടു.
ആദര്‍ശത്തിന്റെ പേരില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കരുതെന്നും ഹസ്സന്‍ പറഞ്ഞു. അഴിമതിക്കെതിരേ പൊതുസമൂഹത്തില്‍ ശക്തമായ വികാരമാണുള്ളതെന്നു യോഗത്തില്‍ സംസാരിച്ച വി ഡി സതീശനും ടി എന്‍ പ്രതാപനും പറഞ്ഞു. വിജിലന്‍സ് അന്വേഷണത്തില്‍ തെളിവൊന്നും കണ്ടെത്താത്ത സാഹചര്യത്തില്‍ ബാബുവിന് പാര്‍ട്ടി പിന്തുണ നല്‍കണമെന്നാണ് ഇരുവരും അഭിപ്രായപ്പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക