|    Jan 22 Sun, 2017 1:43 pm
FLASH NEWS

സുധീരനെതിരെ അടൂര്‍പ്രകാശ്; വിവാദങ്ങള്‍ തന്നെ തേജോവധം ചെയ്യാനുള്ള തന്ത്രമെന്ന്

Published : 23rd March 2016 | Posted By: G.A.G

Adoor-prakash

തിരുവനന്തപുരം: റവന്യുവകുപ്പിന്റെ ഭൂമി സംബന്ധമായ ഉത്തരവുകള്‍ക്കെതിരെ രംഗത്തുവന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ റവന്യുമന്ത്രി അടൂര്‍ പ്രകാശിന്റെ പ്രതികരണം ഫേസ്ബുക്കില്‍.
ആദര്‍ശരാഷ്ട്രീയത്തിന്റെ കുപ്പായം തനിക്ക് മാത്രമാണ് ചേരുന്നതെന്ന ചിന്തയാല്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവരുടെ കുപ്പായത്തിലെ ചേറ് വിവേകമുള്ള കേരളജനത തിരിച്ചറിയുക തന്നെ ചെയ്യുമെന്ന് സുധീരനെ പരോക്ഷമായ ആക്ഷേപിച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്.
ഭൂമി സംബന്ധിച്ച യഥാര്‍ത്ഥ വിവരങ്ങള്‍ സര്‍ക്കാരില്‍ നിന്നും മറച്ചുവച്ച സാഹചര്യത്തിലും ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതു കൊണ്ടും ഇത് സംബന്ധിച്ച് 02.03.2016 ല്‍ റവന്യൂവകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് G.O.(ms)201/16/RD  മുഖ്യമന്ത്രിയുടെ അനുമതിയോടെ റദ്ദു ചെയ്യുന്നതായി അറിയിച്ച മന്ത്രി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കാലഘട്ടത്തില്‍ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ഗീബല്‍സിയന്‍ തന്ത്രമാണ് വിവാദങ്ങള്‍ക്ക് പിന്നിലുള്ളതെന്ന് ആരോപിച്ചു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
എന്റെ അരനൂറ്റാണ്ട് കാലത്തെ രാഷ്ട്രീയ സാമൂഹ്യപ്രവര്‍ത്തനവും ഇരുപതു വര്‍ഷക്കാലത്തെ ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രവര്‍ത്തനവും ജനങ്ങളുടെ മുന്‍പില്‍ ഒരു തുറന്ന പുസ്തകമാണ്. ഈ കാലയളവില്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും ഗുണകരമാകുന്ന സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് ജനങ്ങളുടെ പിന്തുണ കൊണ്ട് മാത്രമാണെന്ന് എളിമയോടെ ഞാന്‍ വിശ്വസിക്കുന്നു.
അടുത്ത കാലത്തായി ഉണ്ടായിട്ടുള്ള വിവാദങ്ങള്‍ യാദാര്‍ത്ഥ്യബോധത്തോടെയോ കാര്യങ്ങളെ വസ്തുനിഷ്ഠമായി പഠനം നടത്താത്തതിന്റെ ഭാഗമായോ ആണെന്നുള്ളത് അങ്ങേയറ്റം ഖേദകരമാണ്.
സര്‍ക്കാര്‍ ഏറ്റെടുത്ത നിലം വിവിധ വികസന പദ്ധതികള്‍ക്കായി ഇതര വകുപ്പുകളുടെ ശുപാര്‍ശകളോടെ നികത്താന്‍ അനുമതി നല്കി എന്നുള്ളതാണ് റവന്യൂവകുപ്പ് മന്ത്രി എന്ന നിലയില്‍ എന്നില്‍ ആരോപിതമായിരിക്കുന്നത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രതിനിധികളും ചര്‍ച്ച നടത്തിയ ശേഷം എടുത്ത തീരുമാനമാണ് വകുപ്പ് മന്ത്രി എന്ന നിലയില്‍ അനുമതിക്കായി എന്റെ മുന്‍പില്‍ സമര്‍പ്പിക്കപ്പെട്ടത്.
എന്നാല്‍ ഭൂമി സംബന്ധിച്ച യഥാര്‍ത്ഥ വിവരങ്ങള്‍ സര്‍ക്കാരില്‍ നിന്നും മറച്ചുവച്ച സാഹചര്യത്തിലും ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതു കൊണ്ടും ഇത് സംബന്ധിച്ച് 02.03.2016 ല്‍ റവന്യൂവകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് G.O.(ms)201/16/RD ബഹു: മുഖ്യമന്ത്രിയുടെ അനുമതിയോടെ റദ്ദു ചെയ്യുന്നു .
തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ കാലഘട്ടത്തില്‍ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ഗിബല്‍സിയന്‍ തന്ത്രമാണ് ഈ വിവാദത്തിനു പിന്നില്‍ ഉള്ളതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

സംശുദ്ധ രാഷ്ട്രീയത്തിന്റെ വഴിത്താരകളില്‍ ആത്മാര്‍ഥമായി ജനങ്ങള്‍ക്ക്  വേണ്ടി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിട്ടുള്ള ഞാന്‍ തുടര്‍ന്നും ജനപക്ഷത്തുതന്നെ നിലകൊണ്ടു നാടിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കും.

ആദര്‍ശരാഷ്ട്രീയത്തിന്റെ കുപ്പായം തനിക്ക് മാത്രമാണ് ചേരുന്നതെന്ന ചിന്തയാല്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവരുടെ കുപ്പായത്തിലെ ചേറ് വിവേകമുള്ള കേരളജനത തിരിച്ചറിയുക തന്നെ ചെയ്യും….

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 159 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക