|    Aug 17 Fri, 2018 11:15 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

സുധീരനും കോണ്‍ഗ്രസ്സിന്റെ ഭാവിയും

Published : 5th August 2018 | Posted By: kasim kzm

രാഷ്ട്രീയ കേരളം  – എച്ച് സുധീര്‍
കോണ്‍ഗ്രസ്സിന്റെ നിലപാടുകളില്‍ മനം നൊന്ത് യുഡിഎഫിന്റെ ഉന്നതാധികാര സമിതിയില്‍ നിന്ന് വി എം സുധീരന്‍ രാജിവച്ചിരിക്കുന്നു. ഈ തീരുമാനം കോണ്‍ഗ്രസ്സിലെ എ, ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ ആഹ്ലാദത്തിന്റെ അമിട്ടിനു തിരികൊളുത്തിയെങ്കിലും കോണ്‍ഗ്രസ്സിന്റെ ഭാവി അത്ര ശുഭകരമാവില്ലെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കോണ്‍ഗ്രസ്സിന്റെ കൈവശമിരുന്ന രാജ്യസഭാ സീറ്റ് ജോസ് കെ മാണി കൊണ്ടുപോയതാണ് സുധീരനെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.
രാജ്യസഭാ സീറ്റ് മാണിവിഭാഗത്തിനു നല്‍കിയപ്പോള്‍ ഉടലെടുത്ത കലഹം കോണ്‍ഗ്രസ്സിന്റെ അന്തഃപുരത്തില്‍ പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴത് രാജിയായി പുറത്തുവന്നുവെന്നു മാത്രം. പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താന്‍ പോലും സംസ്ഥാന കോണ്‍ഗ്രസ്സിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അത്തരമൊരു പ്രതിസന്ധിയില്‍ ശ്വാസംമുട്ടി നില്‍ക്കുമ്പോഴാണ് നിലപാട് കടുപ്പിച്ച് സുധീരന്റെ രാജി വന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ യുഡിഎഫിനും കോണ്‍ഗ്രസ്സിനും കനത്ത ആഘാതമാണ് സുധീരന്റെ അപ്രതീക്ഷിത നീക്കത്തിലൂടെ ഉണ്ടാക്കുക. വെറുമൊരു നേതാവല്ല ഇറങ്ങിപ്പോയത്. 2014 മുതല്‍ 2017 മാര്‍ച്ച് 10 വരെ കെപിസിസി പ്രസിഡന്റായിരുന്ന സുധീരന്‍, നാലു വട്ടം ലോക്‌സഭാംഗവും അത്രതന്നെ തവണ നിയമസഭാംഗവും സംസ്ഥാന മന്ത്രിയും സ്പീക്കറുമായി പ്രവര്‍ത്തിച്ച നേതാവാണ്.
പ്രതിസന്ധിഘട്ടത്തില്‍ യുഡിഎഫിനെ തള്ളിപ്പറഞ്ഞുപോയ മാണിവിഭാഗത്തെ വീണ്ടും യുഡിഎഫിലേക്ക് തിരിച്ചെടുത്തതില്‍ വലിയ അതൃപ്തിയാണ് കോണ്‍ഗ്രസ്സില്‍ ഇപ്പോഴുമുള്ളത്. മാണിയുടെ മുന്നണിപ്രവേശത്തേക്കാള്‍ വിഷയമായത് ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതാണ്. അതും ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ മാണി ഗ്രൂപ്പിന്റെ പിന്തുണയുണ്ടായിട്ടും ജയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍.
രാജ്യസഭാ സീറ്റ് നല്‍കി മാണിയെ മുന്നണിയിലെടുത്ത ദിവസം നടന്ന യുഡിഎഫ് യോഗത്തില്‍ പരസ്യമായ ആക്ഷേപം ഉയര്‍ത്തിയാണ് സുധീരന്‍ ഇറങ്ങിപ്പോയത്. അപമാനിക്കപ്പെട്ടതായി ഉന്നത നേതാക്കളെ വിളിച്ച് സുധീരന്‍ പരാതിയും പറഞ്ഞു. എന്നാല്‍, ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടി, ഹസന്‍, ചെന്നിത്തല എന്നീ നേതാക്കളുടെ നിലപാടിനാണ് മുന്‍ഗണന കൊടുത്തത്. മുസ്‌ലിം ലീഗ് നിലപാട് മാണിക്ക് അനുകൂലമായതും സുധീരന്റെ വാദത്തിനു തിരിച്ചടിയായി.
പിന്നീട് നടന്ന യോഗത്തില്‍ സുധീരനെതിരേ കെ എം മാണി രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. അതിനോടാവട്ടെ കോണ്‍ഗ്രസ്സില്‍ നിന്ന് ഒരാള്‍ പോലും പ്രതികരിച്ചുമില്ല. കെപിസിസി യോഗത്തില്‍ നിന്നടക്കം സുധീരനെ മാറ്റിനിര്‍ത്തുന്ന സമീപനം കെപിസിസി പ്രസിഡന്റ് (ഇന്‍ചാര്‍ജ്) എം എം ഹസനും കൂട്ടരും സ്വീകരിച്ചതും കാര്യങ്ങള്‍ വഷളാക്കി. കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു സുധീരന്‍ രാജിവച്ചിറങ്ങിയത് ഗ്രൂപ്പ് മാനേജര്‍മാരുടെ നിസ്സഹകരണവും എതിര്‍പ്പും സഹിക്കവയ്യാതെയാണെന്നത് പരസ്യമായ രഹസ്യമാണ്.
ജനാധിപത്യം, മതേതരത്വം, ഫെഡറലിസം, അവസര സമത്വം, ബഹുസ്വരത, ന്യൂനപക്ഷ സുരക്ഷ തുടങ്ങിയവയെല്ലാം ഇല്ലാതാക്കുന്ന ബിജെപി ഭരണത്തിനെതിരേ ബദലായി കാണുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേരള ഘടകത്തില്‍ ആഭ്യന്തര കലഹം മാത്രമാണ് ബാക്കിയുള്ളത്. പരസ്പര വിശ്വാസം നഷ്ടപ്പെട്ട ഗ്രൂപ്പുകളും വ്യക്തികളും പൊട്ടിത്തെറിക്കാന്‍ തയ്യാറായി നില്‍ക്കുന്നു. ഗതകാല പ്രൗഢിയുടെ ആലസ്യത്തില്‍ നിന്നു യാഥാര്‍ഥ്യത്തിലേക്ക് കണ്ണുതുറക്കാന്‍ തയ്യാറായി തൃണമൂല്‍, ബിഎസ്പി, എസ്പി, ആര്‍ജെഡി, ഡിഎംകെ, ജെഡിഎസ് തുടങ്ങിയ കക്ഷികളെയെല്ലാം ചേര്‍ത്ത് പൊതുശത്രുവിനെ ഇല്ലാതാക്കാന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോഴാണ് സംസ്ഥാനതലത്തില്‍ ഇപ്പോഴും ആഭ്യന്തരപ്രശ്‌നങ്ങള്‍ പാര്‍ട്ടിയുടെ ശോഭ കെടുത്തുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിയെന്നത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ആരെങ്കിലും ഓര്‍മിപ്പിച്ചാല്‍ നന്ന്. ജനാധിപത്യവും മതനിരപേക്ഷതയും പുലര്‍ത്തുന്ന പ്രാദേശിക കക്ഷികളെയെല്ലാം ഒന്നിച്ച് അണിനിരത്തി വേണം ബിജെപിയെ നേരിടാന്‍. മതവര്‍ഗീയതയും ഫാഷിസ്റ്റ് സ്വഭാവവും മുറുകെപ്പിടിക്കുന്ന ബിജെപിയാണ് മറുവശത്ത് എന്നതിനാല്‍ എന്നത്തെയും പോലെ കേവലം വോട്ടുകണക്കും ശുഭപ്രതീക്ഷകളും മാത്രം കേരളത്തിലെ ഇടതു-വലതു മുന്നണികളെ പിന്തുണച്ചെന്നു വരില്ല.
ഇനി സുധീരന്‍ കോണ്‍ഗ്രസ് വിടുമോ എന്നുകൂടി അറിഞ്ഞാല്‍ മതി. അത്തരമൊരു തീരുമാനത്തിനായി ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഡല്‍ഹിയിലെ ആം ആദ്മിയാണ്. പൊതുസമൂഹത്തിന് അഹിതകരമായ തീരുമാനം ഒരിക്കലും സ്വീകരിക്കാത്ത സുധീരന്‍ ഇത്രയും കാലം കോണ്‍ഗ്രസ്സില്‍ തുടര്‍ന്നത് ആം ആദ്മിയെ അദ്ഭുതപ്പെടുത്തിയെന്നും ഉചിതമായ സമയത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നേരിട്ട് സുധീരനുമായി ആശയവിനിമയം നടത്തുമെന്നുമാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്. കേരളത്തില്‍ ഇടതു-വലതു മുന്നണികള്‍ക്ക് ബദലാവാന്‍ ഒരിക്കലും ബിജെപിക്ക് സാധിക്കില്ല. ആം ആദ്മി പാര്‍ട്ടിയുടെ ദൗത്യത്തില്‍ സുധീരനെ പോലുള്ള ജനകീയ നേതാക്കള്‍ കൂടി പങ്കാളിയായാല്‍ മാറ്റം വേഗത്തില്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണ് അവരുടെ പക്ഷം. അതേസമയം, സുധീരന്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ ഇനി അംഗീകരിക്കപ്പെടാന്‍ സാധ്യതയില്ലാത്തതിനാല്‍ സ്വന്തം ഇമേജ് മുന്‍നിര്‍ത്തി അദ്ദേഹം ഇനി എന്ത് തീരുമാനം എടുക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.
സുധീരന്റെ തീരുമാനത്തിന് അണികളുടെ പിന്തുണ അരക്കിട്ട് ഉറപ്പിക്കാന്‍ പോവുന്നത് കോട്ടയത്ത് ജോസ് കെ മാണി രാജ്യസഭയിലേക്ക് പോയ ഒഴിവില്‍ മാണി കണ്ടെത്തുന്ന സ്ഥാനാര്‍ഥിയെ കൂടി കണ്ടാവും. ബിജെപി പാളയത്തിലുള്ള പി സി തോമസിനെ കോട്ടയത്ത് മല്‍സരിപ്പിക്കാന്‍ മാണി കരുക്കള്‍ നീക്കിത്തുടങ്ങിയെന്ന സംസാരം അണിയറയില്‍ നിന്നുയരുന്നുണ്ട്. കേരളാ കോണ്‍ഗ്രസ് സ്ഥാപകന്‍ പി ടി ചാക്കോയുടെ മകനും മൂവാറ്റുപുഴയില്‍ നാലു തവണ മാണി ഗ്രൂപ്പിന്റെ എംപിയുമായ പി സി തോമസ് അത്ര മോശക്കാരനല്ല. ജോസ് കെ മാണിയെ പരാജയപ്പെടുത്തിയ സ്ഥാനാര്‍ഥി കൂടിയാണ് ഇദ്ദേഹം. കത്തോലിക്കാ സഭയിലെ പി സി തോമസിന്റെ സ്വീകാര്യത കൂടി കണക്കിലെടുത്താണ് മാണിയുടെ പുതിയ അടവ്.
അഞ്ചു തവണയാണ് മൂവാറ്റുപുഴയില്‍ നിന്നു പി സി തോമസ് ലോക്‌സഭയിലെത്തിയത്. നാലു തവണ മാണിഗ്രൂപ്പിന്റെ പ്രതിനിധിയായും 2004ല്‍ എന്‍ഡിഎ സഖ്യകക്ഷിയായും. ലോക്‌സഭയില്‍ കേരളത്തില്‍ ബിജെപി മുന്നണി അക്കൗണ്ട് തുറന്നത് പി സി തോമസിലൂടെയായിരുന്നു. ഇരുമുന്നണികളെയും തോല്‍പിച്ച് 511 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ച പി സി തോമസ് വാജ്‌പേയി മന്ത്രിസഭയിലെ നിയമവകുപ്പ് സഹമന്ത്രിയുമായി.
തുടര്‍ന്ന് സ്വന്തം പാര്‍ട്ടിയായ ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പിരിച്ചുവിടുകയും ഇടതു മുന്നണിയുടെ ഭാഗമായ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിക്കുകയും ചെയ്തു. ബിജെപിയുടെ കേന്ദ്രമന്ത്രിയായിരുന്ന പിസി, പി ജെ ജോസഫ് ഗ്രൂപ്പിന്റെ പ്രതിനിധിയായി ഇടതു മുന്നണി യോഗങ്ങളിലും പങ്കെടുത്തിരുന്നു. പിന്നീട് ജോസഫ് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ലയിച്ച് യുഡിഎഫ് പാളയത്തിലേക്കു പോയപ്പോള്‍ പിസി ഇടതുപക്ഷത്ത് തുടരുകയും പിന്നാലെ എന്‍ഡിഎ സഖ്യകക്ഷിയാവുകയും ചെയ്തു. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss