|    Mar 29 Wed, 2017 4:56 pm
FLASH NEWS

സുഗമമായ ഭരണത്തിന് ഡാറ്റാ ബാങ്കുകള്‍ പരിഷ്‌കരിക്കും

Published : 6th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: കൃത്യവും കാര്യക്ഷമവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഡാറ്റാ ബാങ്കുകള്‍ പരിഷ്‌കരിക്കാന്‍ ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി വിവിധ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും ഭരണസംവിധാനത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും കൃത്യമായ വിവരങ്ങള്‍ അനിവാര്യമാണ്. സാധാരണക്കാര്‍ ഓഫിസുകളില്‍ കയറിയിറങ്ങേണ്ടി വരുന്ന ദുസ്ഥിതിക്ക് അറുതിവരുത്താനും ഇതാവശ്യമാണ്. ജില്ലയിലെ കൃഷി, റവന്യൂ ഭൂമി മുതല്‍ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ വരെ വ്യത്യസ്ത വിഷയങ്ങളില്‍ വിവരശേഖരണം നടത്തി കംപ്യൂട്ടര്‍ രജിസ്റ്ററുകള്‍ പരിഷ്‌കരിക്കണമെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലാതല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കവെയാണ് കലക്ടറുടെ നിര്‍ദേശം. ജില്ലയിലെ സര്‍ക്കാര്‍ ഭൂമി സംബന്ധിച്ച കൃത്യമായ കണക്കെടുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. റവന്യൂ പുറമ്പോക്ക്, മിച്ചഭൂമി എന്നിവയുടെ വില്ലേജ്തല രജിസ്റ്ററുകള്‍ അടിയന്തരമായി പരിഷ്‌കരിക്കും. തണ്ണീര്‍ത്തട രജിസ്റ്ററുകളും ഇതിന്റെ ഭാഗമായി പരിഷ്‌കരിക്കും. സര്‍ക്കാര്‍ ഭൂമിയുടെ വ്യക്തമായ കണക്കു ലഭിച്ചാല്‍ മാത്രമേ ഭൂരഹിതര്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭൂമി കണ്ടെത്താനാവൂ. പാട്ടത്തിന് നല്‍കിയിരിക്കുന്ന സര്‍ക്കാര്‍ ഭൂമിയുടെ കണക്കും തിരിച്ചടവ് സംബന്ധിച്ച രേഖകളും പരിശോധിച്ച് രജിസ്റ്ററുകള്‍ പുതുക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. പാട്ടഭൂമിയുടെ കാര്യത്തില്‍ സര്‍ക്കാരിന് പലപ്പോഴും വന്‍ ധനനഷ്ടം സംഭവിക്കുന്നു. അത് അനുവദിക്കാവുന്നതല്ല. ജില്ലയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണവും മറ്റു പശ്ചാത്തല വിവരങ്ങളും ലഭ്യമാക്കുന്നതിന് രജിസ്‌ട്രേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ ലേബര്‍ ഓഫിസര്‍ക്കു നിര്‍ദേശം നല്‍കി. റീ സര്‍വേ നടപടികളിലെ അപാകതകള്‍ പരിഹരിക്കുന്നതിലെ കാലതാമസം ഇനിയും അംഗീകരിക്കാനാവില്ലെന്ന് കലക്ടര്‍ പറഞ്ഞു. കെട്ടിക്കിടക്കുന്ന പരാതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കണം. ഭൂമിയുടെ ന്യായവില നിര്‍ണയിച്ചു നല്‍കാനാവാത്ത സ്ഥലങ്ങളില്‍ ഉടനടി ഇക്കാര്യം പൂര്‍ത്തിയാക്കേണ്ടതുണ്ട്. സര്‍വെയര്‍മാരുടെ ജോലിസംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യമെങ്കില്‍ മാത്രമേ ഉദ്യോഗസ്ഥരെ അനുവദിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ആദിവാസികളുടെയും മല്‍സ്യത്തൊഴിലാളികളുടെയും സാമൂഹിക സാമ്പത്തിക വികസനത്തിന് പ്രഥമ പരിഗണന വേണമെന്നും വ്യക്തിപരമായ പദ്ധതികള്‍ക്ക് മാത്രം ഊന്നല്‍ നല്‍കാതെ സാമൂഹിക വികസന പദ്ധതികള്‍ക്ക് പരിഗണന നല്‍കണമെന്നും ബന്ധപ്പെട്ട വകുപ്പുകളോട് കലക്ടര്‍ പറഞ്ഞു. ജില്ലാ ശിശുസംരക്ഷണ സമിതികള്‍ ഇനി മുതല്‍ പ്രതിമാസ അവലോകന യോഗം ചേരണമെന്നും അദ്ദേഹം വ്യക്തമാക്കി.ജില്ലയിലെ തെരുവുനായ് വന്ധ്യംകരണ പദ്ധതി അഞ്ചുകേന്ദ്രങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു. നിലവിലുള്ള ആറു കേന്ദ്രങ്ങള്‍ക്കു പുറമേയാണിത്. ഇരുപത്തിനാല് നായ പിടുത്തക്കാര്‍ക്ക് ഇതിനായി പരിശീലനം നല്‍കി വരുന്നതായും അദ്ദേഹം പറഞ്ഞു. കിഴക്കേകോട്ടയിലെ ഡിവൈഡര്‍ മാറ്റിയ ശേഷം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ബസുകളുടെ പാര്‍ക്കിങ് കൂടി മാറ്റിയാല്‍ അപകടസാധ്യത ഇല്ലാതാക്കാമെന്നും റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ പറഞ്ഞു. പകര്‍ച്ചവ്യാധികളെ നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജമാണെന്നും രോഗപ്രതിരോധപ്രവര്‍ത്തനങ്ങളില്‍ 94.7 ശതമാനം വിജയം കൈവരിക്കാന്‍ സാധിച്ചുവെന്നും ജില്ലാ മെഡിക്കല്‍ ഓഫിസ ര്‍ അറിയിച്ചു. യോഗത്തില്‍ എഡിഎം ജോണ്‍ വി സാമുവല്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാ ഓഫിസര്‍മാര്‍ പങ്കെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day