|    Oct 18 Thu, 2018 5:57 pm
FLASH NEWS

സുകുമാര്‍ അഴീക്കോട് അധികാരമില്ലാതെ അധികാര കേന്ദ്രമായ അദ്ഭുത വ്യക്തിത്വം: സമദാനി

Published : 25th January 2017 | Posted By: fsq

 

ആലപ്പുഴ: അധികമില്ലാതെ അധികാര കേന്ദ്രമായ മഹത് വ്യക്തിത്വമായിരുന്നു സുകുമാര്‍ അഴീക്കോടിന്റെതെന്ന് പ്രമുഖ വാഗ്മിയും സുകുമാര്‍ അഴീ ക്കോട് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ എം പി അബ്ദുല്‍സമദ് സമദാനി പറഞ്ഞു. തോട്ടപള്ളിയില്‍ സുകുമാര്‍ അഴീക്കോട് വിചാരകേന്ദ്രം ഏര്‍പ്പെടുത്തിയ പുരസ്‌കാര വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവതത്തില്‍ ഒരിക്കല്‍ പോലും ഒരു പഞ്ചായത്ത് അംഗം പോലുമാവാത്ത അഴീക്കോട് കേരളീയ സമൂഹത്തിന്റെ ജിഹ്വയായി മാറി. അതുകൊണ്ടുതന്നെ നിര്‍ണായക ഘട്ടങ്ങളില്‍ അഴീക്കോടിന്റെ വാക്കുകള്‍ക്കായി വാര്‍ത്തമാധ്യമങ്ങള്‍ കാതോര്‍ത്തു. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തെ മുഖ്യധാരയിലെത്തിക്കുന്ന ശബ്ധമായിരുന്നു അഴിക്കോടിന്റെത്. ശബ്ധമില്ലാത്തവന്റെ ശബ്ദവും. തികഞ്ഞ മതേതരവാദിയായ അഴിക്കോട് ദേശീയതയെ സമൂഹത്തെ ഐക്യദാര്‍ഢ്യത്തിലേക്ക് നയിക്കുന്ന ഉപകരണമാക്കി. സാധാരണക്കാരന്റെ ആത്മമിത്രമായിരുന്നു അഴീക്കോട്. ക്ഷോഭിക്കുന്ന അഴീക്കോടില്‍ നിഷ്‌കളങ്കനായ കുരുന്നിന്റെ ലാളിത്യമുണ്ടായിരുന്നു. സാഹിത്യത്തെ ജനകീയമാക്കിയ പ്രതിഭാസമായിരുന്നു അഴീക്കോട്. ഭേദവിചാരമില്ലാതെ എല്ലാത്തിനെയും ഉള്‍ക്കൊണ്ടു. പഴമയുടെ നന്മയെ ഉള്‍ക്കൊളളുകയും പുതിയതിലെ തിന്മയെ നിരാകരിക്കുകയും ചെയ്തു അഴിക്കോട്. ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ പ്രസ്‌ക്തി വര്‍ധിച്ചു വരുന്നുണ്ട്. ഭീകരതയും തീവ്രവാദവും മതമല്ല. ഒരു വിശ്വാസിക്കും തീവ്രവാദിയാവാന്‍ കഴിയില്ല. വിശ്വാസി തീവ്രവാദിയായാല്‍ അവന്‍ സ്വന്തം മതത്തെ തന്നെയാണ് ഇല്ലായ്മ ചെയ്യുന്നത്. മതങ്ങളെല്ലാം സമാധാനത്തിന്റെ സന്ദേശം പരത്തുന്ന കേന്ദ്രങ്ങളാണെന്നും സമദാനി കൂട്ടിചേര്‍ത്തു. സമ്മേളനത്തില്‍ തോട്ടപളളി രവീന്ദ്രനാഥ് അദ്ധ്യക്ഷനായിരുന്നു. ഡോ. ബി ഇക്ബാല്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി. ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍, എ ആര്‍ കണ്ണന്‍, ആര്‍ സുനി, പി പി നിജി, ചന്ദ്രന്‍ പുറക്കാട്, അബ്ബാ മോഹന്‍, എസ് സുരേഷ് കുമാര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss