|    Jan 17 Tue, 2017 10:57 pm
FLASH NEWS

സീ ന്യൂസിലേത് വ്യാജദൃശ്യമെന്ന് ജീവനക്കാരന്റെ വെളിപ്പെടുത്തല്‍

Published : 23rd February 2016 | Posted By: swapna en

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാ ര്‍ഥി യൂനിയന്‍ നേതാവ് കനയ്യകുമാറിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടാന്‍ കാരണമായ വീഡിയോയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം കൂട്ടിച്ചേര്‍ത്തത് ഈ വാര്‍ത്ത പ്രക്ഷേപണം ചെയ്ത സീ ന്യൂസ് തന്നെയാണെന്ന് വെളിപ്പെടുത്തല്‍. വീഡിയോ ദൃശ്യം ഷൂട്ട് ചെയ്തത് തങ്ങള്‍ തന്നെയാണെന്നും എന്നാ ല്‍, അതില്‍ പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്നും ചാനലില്‍ നിന്ന് കഴിഞ്ഞദിവസം രാജിവച്ച സീ ന്യൂസ് പ്രൊഡ്യൂസര്‍ വിശ്വദീപക് പറഞ്ഞു. ചാനലിനെതിരേ കടുത്ത ആരോപണങ്ങളടങ്ങുന്ന സന്ദേശം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്താണ് വിശ്വദീപക് രാജിവച്ചത്. ഈ മാസം ഒമ്പതിന് ജെഎ ന്‍യു കാംപസില്‍ സംഘടിപ്പിക്കപ്പെട്ട അഫ്‌സല്‍ ഗുരു അനുസ്മണ പരിപാടിയുടെ സംഘാടകരായ കനയ്യകുമാറും ഉമര്‍ഖാലിദും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന് പോലിസ് തെളിവായി സ്വീകരിച്ചത് സീ ന്യൂസ് പുറത്തുവിട്ട ഈ വീഡിയോയാണ്. നേരത്തേ ജെഎന്‍യു വിഷയത്തില്‍ ടൈംസ് നൗ, ഇന്ത്യാ ന്യൂസ് എന്നീ ചാനലുകള്‍ പുറത്തുവിട്ട വീഡിയോയും വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഈ മാസം പത്തിനാണ് വീഡിയോ എഡിറ്റ് ചെയ്ത് വ്യാജ വാര്‍ത്തയുണ്ടാക്കിയത്. സംഭവം റിപോര്‍ട്ട്‌ചെയ്ത പവന്‍ നാരയുടെ സാന്നിധ്യത്തിലായിരുന്നു വ്യാജ വീഡിയോ ഉണ്ടാക്കിയത്. ഒരു വാര്‍ത്തയ്ക്കു വേണ്ടി ഈ വീഡിയോ എഡിറ്റ് ചെയ്യണമെന്നാണ് ഡെസ്‌കില്‍ നിന്ന് വീഡിയോ എഡിറ്റര്‍മാര്‍ക്കു ലഭിച്ച നിര്‍ദേശമെന്ന് വിശ്വദീപക് പറയുന്നു. വീഡിയോയുടെ ശബ്ദ ട്രാക്കില്‍ മുദ്രാവാക്യം വിളി കേള്‍ക്കാമായിരുന്നെങ്കിലും അത് അവ്യക്തമായിരുന്നു. കൂടെയുണ്ടായിരുന്ന ചിലര്‍ക്കും അക്കാര്യങ്ങളൊക്കെ അറിയാം. അവ്യക്തമായ ഭാഗത്താണ് പാകിസ്താന്‍ സിന്ദാബാദ് എന്നു ചേര്‍ത്തത്. എഡിറ്റോറിയല്‍ യോഗത്തില്‍ ചീഫ് പ്രൊഡ്യൂസറാണ് വന്‍ കോളിളക്കമുണ്ടാക്കുന്ന വാര്‍ത്ത സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. വീഡിയോയിലെ ഭാരതീയ ക്വാര്‍ട്ട് സിന്ദാബാദ് എന്നതിന്റെ സ്ഥാനത്താണ് പാകിസ്താന്‍ സിന്ദാബാദ് എന്നു ചേര്‍ത്തത്. ജെഎന്‍യു പരിപാടിയില്‍ പാകിസ്താന്‍ മുദ്രാവാക്യം എന്നു പറഞ്ഞ് ചാനല്‍ പലതവണ ഇതു റിപോര്‍ട്ട് ചെയ്തു. വീഡിയോയില്‍ പാകിസ്താന്‍ സിന്ദാബാദ് എന്നു വലിയ അക്ഷരത്തി ല്‍ എഴുതുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. 2007ല്‍ ഡല്‍ഹിയിലെ സ്‌കൂളില്‍ ഉമാ ഖുറാനയെന്ന അധ്യാപിക വിദ്യാര്‍ഥികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തുന്നുവെന്ന് വ്യാജ വാര്‍ത്ത കൊടുത്തതിന് ലൈവ് ഇന്ത്യ എന്ന ചാനല്‍ കേന്ദ്രസര്‍ക്കാര്‍ ഒരു മാസത്തേക്ക് നിരോധിച്ചിരുന്നു. അതിന്റെ മേധാവി സുധീര്‍ ചൗധരിയാണ് ഇപ്പോള്‍ സീ ന്യൂസിന്റെ മേധാവി. അന്ന് പെണ്‍വാണിഭത്തിന്റെ ഇരയായി ചാനല്‍ മുഖംമൂടി ധരിപ്പിച്ച് അവതരിപ്പിച്ചത് ചാനലിലെ തന്നെ ഒരു ജീവനക്കാരിയെയായിരുന്നു. ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ്‌കമ്മ്യൂണിക്കേഷനില്‍ നിന്നു ബിരുദം നേടിയ ശേഷം 2014ലാണ് ദീപക് സീ ന്യൂസില്‍ എത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക