|    May 27 Sun, 2018 1:38 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

സീസറുടെ ഭാര്യമാരും കേരളവും

Published : 24th January 2016 | Posted By: SMR

ജി ബി മോഹന്‍ തമ്പി

കഴിഞ്ഞ രണ്ടുമൂന്നു കൊല്ലങ്ങളായി കേരള രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ രണ്ടു സംഭവങ്ങളാണ് സോളാര്‍ അഴിമതിയും ബാര്‍ അഴിമതിയും. ശക്തമായ ഒരു ജനകീയ പ്രതികരണം ഉണ്ടായിരുന്നെങ്കില്‍ ഗവണ്‍മെന്റിനെ താഴെയിറക്കാന്‍ കഴിയുമായിരുന്നു. ഇടതുപക്ഷ മുന്നണി വിശാലമായ പങ്കാളിത്തത്തോടെ സെക്രട്ടേറിയറ്റ് ഉപരോധം സംഘടിപ്പിച്ചു. പക്ഷേ, രണ്ടു ദിവസമായപ്പോള്‍ സമരം പിന്‍വലിക്കപ്പെട്ടു. അതിന്റെ കാരണം പങ്കെടുത്തവരില്‍ത്തന്നെ പലര്‍ക്കും വ്യക്തമായിരുന്നില്ല. ‘അഡ്ജസ്റ്റ്‌മെന്റ് സമരം’ എന്ന ഒരു പ്രയോഗം നമ്മുടെ രാഷ്ട്രീയവ്യവഹാരത്തിന് സംഭാവന ചെയ്തുകൊണ്ട് അത് അവസാനിപ്പിച്ചു. ക്രിക്കറ്റിലെന്നപോലെ രാഷ്ട്രീയത്തിലും ‘മാച്ച് ഫിക്‌സിങ്’ ഉണ്ടാവാറുണ്ടല്ലോ. ഭരണനേതൃത്വത്തിലെ കേളന്മാര്‍ക്ക് ഒരു കുലുക്കവും ഉണ്ടായില്ല. സോളാര്‍ കേസിലെ പ്രതികളുടെ വശമുള്ള ഒരു കത്തിലും സിഡിയിലും വലിയ സ്‌ഫോടനസാധ്യതയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടത്രെ. അവ പുറത്തുകൊണ്ടുവരാന്‍ താല്‍പര്യമോ കെല്‍പോ ഉള്ള ഏജന്‍സികള്‍ സംസ്ഥാനത്തില്ല. സിഡി പിടിച്ചെടുക്കാന്‍ കോയമ്പത്തൂരിലേക്കു പോയ വാഹനവ്യൂഹം ആന്റി ക്ലൈമാക്‌സില്‍ എത്തിനിന്നു.
ബാര്‍ അഴിമതിക്കേസില്‍ കേളന്മാര്‍ ഒന്നുകുലുങ്ങി. ആരോപണം നിഷേധിച്ചുകൊണ്ടു ഭരണത്തില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ധനമന്ത്രി കഴിയുന്നതും ശ്രമിച്ചു. പക്ഷേ, ഹൈക്കോടതിയില്‍നിന്ന് ‘സീസറുടെ ഭാര്യ സംശയത്തിനതീതയായിരിക്കണം’ എന്ന പരാമര്‍ശമുണ്ടായപ്പോള്‍ കസേരയില്‍ പിടിവിട്ടുപോയി. ഷേക്‌സ്പിയറെ ഉദ്ധരിച്ചുകൊണ്ടാണ് ബഹു. കോടതി അന്വേഷണം നടക്കുമ്പോള്‍ പ്രതി മന്ത്രിസ്ഥാനത്ത് തുടരുന്നതിന്റെ അനൗചിത്യം സൂചിപ്പിച്ചത്. ഷേക്‌സ്പിയര്‍ ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്നു ചൂണ്ടിക്കാണിക്കാനുള്ള വിവേകം സര്‍ക്കാര്‍ഭാഗത്തിനുണ്ടായില്ല. ഹൈക്കോടതി ഗ്രന്ഥശാലയിലെ ഷേക്‌സ്പിയര്‍ സമ്പൂര്‍ണകൃതികള്‍ പരതിനോക്കിയാലും കോടതിയിലെ ഉദ്യോഗസ്ഥര്‍ക്ക് ഉദ്ധരണി കണ്ടുപിടിക്കാന്‍ സാധ്യമാവുകയില്ല.
പിറ്റേദിവസം ഹിന്ദു പത്രത്തിലെ മുഖലേഖനത്തിലും കോടതിയുടെ പരാമര്‍ശം ചര്‍ച്ചചെയ്യവെ ഷേക്‌സ്പീരിയന്‍ ചൊല്ല് എന്ന പ്രയോഗമുണ്ടായി. ഹിന്ദു പത്രത്തിന്റെ അപ്രമാദിത്വം പ്രസിദ്ധമാണ്. ഹിന്ദുവില്‍ അച്ചടിച്ചുവന്നാല്‍ വേദവാക്യംപോലെ പ്രമാണമാണെന്നു വായനക്കാര്‍ വിശ്വസിക്കുന്നു. പക്ഷേ, ഇത്തവണ അവര്‍ക്കും അടിതെറ്റി. അതില്‍ അദ്ഭുതമില്ല. ഇതുപോലൊരു ഉദ്ധരണയോഗ്യമായ വാക്യം ഷേക്‌സ്പിയര്‍ക്കല്ലാതെ മറ്റാര്‍ക്കു പറയാന്‍ കഴിയും? ജൂലിയസ് സീസര്‍ക്കു മൂന്നു ഭാര്യമാരുണ്ടായിരുന്നു. കൂടാതെ അക്കാലത്തെ വിശ്വസുന്ദരിയായിരുന്ന ക്ലിയോപാട്ര അദ്ദേഹത്തിന്റെ സംബന്ധക്കാരിയായിരുന്നു. വേറെയും രണ്ടു വെപ്പാട്ടികളുണ്ടായിരുന്നു എന്നും ചരിത്രകാരന്മാര്‍ പറയുന്നു. സീസറുടെ ആദ്യ ഭാര്യ മരിച്ചപ്പോള്‍ അദ്ദേഹം രണ്ടാമത് പോംപിയ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. ഒരിക്കല്‍ സ്ത്രീകള്‍ മാത്രം പങ്കെടുത്ത് നടത്തിയിരുന്ന ഒരു മതപരമായ ചടങ്ങില്‍ ക്ലോഡിയസ് എന്നു പേരുള്ള ഒരു ചെറുപ്പക്കാരന്‍ സ്ത്രീവേഷമെടുത്തു സീസറിന്റെ വീട്ടില്‍ പ്രവേശിച്ചു. പോംപിയയുടെ സമ്മതമില്ലാതെ അയാള്‍ അവിടെ പ്രവേശിക്കുകയില്ലെന്ന് ആളുകള്‍ അടക്കംപറഞ്ഞു. ഇതു സീസര്‍ കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത്രെ: ”സീസറുടെ ഭാര്യ സംശയത്തിനതീതയായിരിക്കണം.”
ഭാര്യയെ ഉടന്‍ തന്നെ വിവാഹബന്ധം വേര്‍പെടുത്തി. പിന്നീട് കല്‍പൂര്‍ണിയയെ വിവാഹം കഴിച്ചു. ഷേക്‌സ്പിയറുടെ സീസറെക്കുറിച്ചുള്ള നാടകത്തില്‍ കല്‍പൂര്‍ണിയയാണ് ഭാര്യ. അവരുടെ ചാരിത്ര്യം നാടകത്തില്‍ പരാമര്‍ശവിഷയമല്ല. അയോധ്യാപതിയായിരുന്ന ശ്രീരാമനും നിര്‍ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണമെന്ന്. സീസര്‍ക്ക് ആദ്യഭാര്യയോട് മടിപ്പുതോന്നിയിരിക്കാമെന്നും ആളുകള്‍ അപവാദം പറയുന്നതു കേട്ടപ്പോള്‍ അതിനെ നിമിത്തമാക്കി അവരെ ‘ത്വലാഖ്’ ചൊല്ലിയതായിരിക്കാമെന്നും ഐസക് അസിമോവ് എന്ന ഗ്രന്ഥകാരന്‍ പറയുന്നു. സീസര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട് എന്നു പ്ലൂട്ടാക്ക് എന്ന ചിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് ഈ ഉദ്ധരണിയുടെ പ്രഭവസ്ഥാനം.
ഭരണാധികാരികള്‍ അഴിമതിയുടെ കാര്യത്തില്‍ സംശയാതീതരായിരിക്കണം എന്ന നിര്‍ബന്ധം നമ്മുടെ ജനങ്ങള്‍ക്കില്ല. രാവും പകലും അധ്വാനിച്ച് ജനസേവനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പണമുണ്ടാക്കാന്‍ സമയമെവിടെ? പണം കൊടുത്തയാള്‍ പണം കൊടുത്തു എന്നു തെളിവുസഹിതം ചാനലില്‍ പറഞ്ഞാലും അന്വേഷണ ഏജന്‍സികള്‍ക്ക് അതു തെളിവല്ല. ആരോപണം ശരിയാണെന്നു കണ്ടു സുപ്രിംകോടതി ശിക്ഷിക്കുന്നതുവരെ ഒരാളെ കുറ്റവാളിയെന്നു കരുതാനും പാടില്ല. വ്യവസ്ഥയ്ക്ക് അതിന്റേതായ നടപടിക്രമങ്ങളുണ്ട്. ഇവ പൂര്‍ത്തീകരിക്കുമ്പോഴേക്കും കൊല്ലങ്ങള്‍ കഴിയും.
നമ്മുടെ രാഷ്ട്രീയനേതാക്കന്മാര്‍ക്കാവട്ടെ മറ്റു രാഷ്ട്രീയക്കാരെ ആരോപണവിധേയരാക്കണമെന്നേയുള്ളൂ. അവരെ നിസ്‌തേജരാക്കുക. രാഷ്ട്രീയത്തില്‍ അവര്‍ക്ക് സ്വാധീനമില്ലാതാക്കുക. തങ്ങള്‍ക്ക് അധികാരത്തില്‍ വരാന്‍ ഈ ആരോപണങ്ങള്‍ പ്രയോജനപ്പെടുത്തുക- ഇതാണു പ്രധാന ലക്ഷ്യം. വല്ലപ്പോഴും ബാലകൃഷ്ണപ്പിള്ളയെപ്പോലൊരാള്‍ ശിക്ഷിക്കപ്പെട്ടാല്‍ അതിന്റെ പിന്നില്‍ ആരുടെയെങ്കിലും വ്യക്തിവൈരാഗ്യം കാണും. വരുമാനത്തേക്കാള്‍ കൂടുതല്‍ സ്വത്തുള്ളവരെ ശിക്ഷിക്കാന്‍ ഇപ്പോള്‍ തന്നെ നിയമങ്ങളുണ്ട്. പക്ഷേ, അവ കര്‍ശനമായി നടപ്പാക്കിയിട്ടില്ല. നാട്ടുകാര്‍ക്കറിയാം ആരെല്ലാമാണ് അവിഹിതമായി സ്വത്ത് സമ്പാദിച്ചു കുന്നുകൂട്ടിയിട്ടുള്ളതെന്ന്. പക്ഷേ, ഗവണ്‍മെന്റിനോ നീതിന്യായവ്യവസ്ഥയ്‌ക്കോ അതറിയില്ല.
ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവിനെതിരായി ആ പാര്‍ട്ടിയില്‍ ആരും അഴിമതിയാരോപണം കൊണ്ടുവരാന്‍ പാടില്ല എന്നതും പൊതുതത്ത്വമായി മാറിയിരിക്കുന്നു. സാധാരണഗതിയില്‍ ഒരു രാഷ്ട്രീയ നേതാവിന് ഉദ്യോഗസ്ഥന്മാരെയോ തന്റെ സഹപ്രവര്‍ത്തകരെയോ മറച്ചുകൊണ്ട് അഴിമതി കാണിക്കാന്‍ സാധ്യമല്ല. പക്ഷേ, രാഷ്ട്രീയസംസ്‌കാരത്തിലെ സമവായം അനുസരിച്ച് മറ്റൊരു പാര്‍ട്ടിയിലെ നേതാവിനെതിരായി തെറ്റായ അഴിമതിയാരോപണമായാലും ഉന്നയിക്കാം. സ്വന്തം നേതാക്കന്മാര്‍ക്കെതിരേ ഒന്നും പറയാന്‍ പാടില്ല. അങ്ങനെ പറയുന്നവര്‍ പാര്‍ട്ടിവിരുദ്ധരെന്നു മുദ്രകുത്തപ്പെടും. കേന്ദ്രത്തിലെ കരുത്തനായ ധനകാര്യമന്ത്രി ജെയ്റ്റ്‌ലിക്കെതിരായി അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ തന്നെയുള്ള കീര്‍ത്തി ആസാദ് അഴിമതിയാരോപണം ഉന്നയിച്ചപ്പോള്‍ ആസാദിനെ പാര്‍ട്ടിവിരുദ്ധനെന്നു മുദ്രകുത്തുകയുണ്ടായി. തങ്ങളുടെ കമ്മിറ്റികളിലെ സഹപ്രവര്‍ത്തകര്‍ അഴിമതിക്കാരാവുന്നതു തടയേണ്ട ചുമതല പാര്‍ട്ടികള്‍ക്കും കമ്മിറ്റികള്‍ക്കും ഉണ്ട്. ആ കൃത്യം നിര്‍വഹിച്ചില്ലെങ്കില്‍ പാര്‍ട്ടികളുടെ ജനപ്രീതി നഷ്ടപ്പെടും.
കേരളത്തില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ അഴിമതി ഒരു പ്രധാന പ്രശ്‌നമാവുമെന്നതില്‍ സംശയമില്ല. സീസറുടെ ഭാര്യമാരില്‍ പലരും സംശയത്തിനു വിധേയരാണ്. മന്ത്രിമാര്‍ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും ഈ ഗവണ്‍മെന്റും ഭരണവര്‍ഗനേതാക്കന്മാരില്‍ പലരും അഴിമതിയുടെ ചളിക്കുണ്ടില്‍ വീണുകിടക്കുകയാണെന്നു ജനത്തിനു ബോധ്യമുണ്ട്. അഴിമതിയുടെ കാര്യത്തില്‍ ഇടതുപക്ഷം താരതമ്യേന ആരോപണവിമുക്തമാണ്. എങ്കിലും താഴേക്കിടയില്‍, പ്രത്യേകിച്ചും പഞ്ചായത്ത് തലത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ‘അഖിലകക്ഷി മുന്നണി’യുണ്ടെന്നു വി എം സുധീരന്‍ പറഞ്ഞത് ഓര്‍ക്കണം.
(അവസാനിക്കുന്നില്ല) 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss