|    Jan 18 Wed, 2017 5:33 pm
FLASH NEWS

സീസറും സുല്‍ത്താനും തമ്മില്‍

Published : 1st December 2015 | Posted By: G.A.G

slug-ck-abdullaവ്യോമാതിര്‍ത്തി ലംഘിച്ച റഷ്യന്‍ സുഖോയ് യുദ്ധവിമാനം തുര്‍ക്കി വെടിവച്ചിട്ടതും പാരിസ് ആക്രമണവും, റഷ്യന്‍ യാത്രാവിമാനം ഈജിപ്തിലെ സീനായ് പ്രദേശത്തു സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ചതും പശ്ചിമേഷ്യയിലെ യുദ്ധമേഖലകളെ കൂടുതല്‍ കറുപ്പിച്ചുകൊണ്ടിരിക്കുന്ന സംഭവങ്ങളാണ്. ഇതേ കാലയളവില്‍ ലബ്‌നാനിലും ഫലസ്തീനിലും നടക്കുന്ന കൂട്ടക്കൊലകള്‍ അന്താരാഷ്ട്ര സമൂഹത്തിനു വിഷയമേയല്ല.
മുന്നറിയിപ്പ് അവഗണിച്ച് വ്യോമാതിര്‍ത്തി ലംഘിച്ച റഷ്യന്‍ വിമാനമാണ് വീഴ്ത്തിയതെന്നു തുര്‍ക്കി പറയുന്നു. തന്‍സീമുദ്ദൗലയെ തുരത്താനെന്ന പേരില്‍ സിറിയയില്‍ വന്ന റഷ്യന്‍ വ്യോമസേന തുര്‍ക്കി അതിര്‍ത്തിക്കപ്പുറം തലയിട്ടുനോക്കുന്നത് ഇതാദ്യമല്ല. ചരിത്രപരമായി സുല്‍ത്താന്മാരുടെ ഭൂപ്രദേശങ്ങള്‍ എന്നും സീസര്‍മാരുടെ അധിനിവേശ മോഹവലയത്തിനകത്തായിരുന്നു. 17ാം നൂറ്റാണ്ട് മുതല്‍ സുല്‍ത്താന്‍ ഭരണത്തിന്റെ തകര്‍ച്ച വരെ പത്തു തവണയെങ്കിലും സുല്‍ത്താന്മാര്‍ക്ക് സീസര്‍മാരെ പ്രതിരോധിക്കേണ്ടിവന്നിട്ടുണ്ട്.
എകെ പാര്‍ട്ടി അധികാരത്തില്‍ വന്ന ശേഷമുണ്ടാക്കിയ ‘അയല്‍രാജ്യങ്ങളുമായി സീറോ പ്രോബ്ലം’ എന്ന വിദേശ നയത്തിന്റെ അടിസ്ഥാനത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സൗഹൃദ സന്ദര്‍ശനങ്ങള്‍ ഇടയ്ക്കിടെ അരങ്ങേറിയിരുന്നു. ഈയിടെ മോസ്‌കോയിലെ കൂറ്റന്‍ ജുമാമസ്ജിദ് ഉദ്ഘാടനത്തില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ പങ്കാളിത്തവും നവംബര്‍ രണ്ടാം വാരം തുര്‍ക്കിയിലെ അന്താലിയയില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ പങ്കാളിത്തവും ഉണ്ടായിരുന്നു.
റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവച്ചിട്ടതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വാക്പയറ്റുകള്‍ക്കു പുറമേ, തുര്‍ക്കിക്കെതിരേ സാമ്പത്തിക ഉപരോധം റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. തുര്‍ക്കിക്കാര്‍ക്ക് വിസ നിര്‍ബന്ധമാക്കുകയും, നിര്‍മാണ-കയറ്റുമതി മേഖലകളില്‍ തുര്‍ക്കി ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.
റഷ്യന്‍ വിനോദസഞ്ചാരികളെ തുര്‍ക്കിയിലേക്ക് അയക്കില്ലെന്ന തീരുമാനം അല്‍പം സാമ്പത്തിക ക്ഷീണമുണ്ടാക്കുമെങ്കിലും തുര്‍ക്കി തെരുവുകളില്‍ വൃത്തികേടുകള്‍ കുറയ്ക്കാന്‍ സഹായകമാവും. പ്രകൃതിവാതക ഉപഭോഗത്തിനു പ്രധാനമായും റഷ്യയെ ആശ്രയിക്കുന്ന തുര്‍ക്കിക്ക് വാതക ഇറക്കുമതി തടയുകയാണെങ്കില്‍ മാത്രമേ റഷ്യന്‍ ഉപരോധം കാര്യമായി ബാധിക്കുകയുള്ളൂവെന്നു നിരീക്ഷിക്കപ്പെടുന്നു. ഉപരോധം മറികടക്കാന്‍ തുര്‍ക്കിക്കു മുമ്പില്‍ വഴികളുമുണ്ട്. ഉക്രെയ്ന്‍ അധിനിവേശം നിമിത്തം ഉപരോധം നേരിടുന്ന റഷ്യയെ തന്നെയാണ് വ്യാപാര-വ്യവസായ മേഖലകളിലെ നിസ്സഹകരണം യഥാര്‍ഥത്തില്‍ ബാധിക്കുക.
വിമാനസംഭവത്തില്‍ റഷ്യന്‍ പ്രസിഡന്റിന്റെ പ്രതിഷേധ പ്രസ്താവനയില്‍ തുര്‍ക്കി ഭീകരതയെ പിന്തുണയ്ക്കുന്നുവെന്ന ആരോപണത്തിനു പുറമേ, കുറച്ചു വര്‍ഷമായി തുര്‍ക്കി തുടരുന്ന ഇസ്‌ലാമികവല്‍ക്കരണത്തില്‍ അസ്വസ്ഥതയും പ്രകടിപ്പിച്ചു. ഇസ്‌ലാമികവല്‍ക്കരണ ആരോപണത്തെ ഇപ്പോള്‍ ഭയക്കാത്ത തുര്‍ക്കിയാകട്ടെ, അതു മുതലെടുക്കാനാണ് ശ്രമിച്ചത്. വിമാനസംഭവത്തിന്റെ പിറ്റേന്ന് ഇസ്തംബൂളില്‍ നടന്ന ഇസ്‌ലാമിക രാജ്യങ്ങളുടെ സാമ്പത്തിക മന്ത്രിമാരുടെ സമ്മേളനത്തില്‍ വച്ചായിരുന്നു സ്വയംപ്രതിരോധത്തിനുള്ള തങ്ങളുടെ അവകാശം തുര്‍ക്കി പ്രസിഡന്റ് എടുത്തുപറഞ്ഞത്. തുര്‍ക്കി തന്‍സീമുദ്ദൗലയെ സഹായിക്കുന്നുവെന്ന ആരോപണം ബശ്ശാറുല്‍ അസദിന്റെ കോര്‍ട്ടിലേക്കു തട്ടാനും ഉര്‍ദുഗാന്‍ ശ്രദ്ധിച്ചു.
സിറിയയിലെ വൈദേശിക ഇടപെടലുകള്‍ മുന്‍കൂട്ടിക്കണ്ട്, അതിര്‍ത്തിയോടു ചേര്‍ന്ന സിറിയന്‍ മേഖല വ്യോമനിരോധിത മേഖലയാക്കാന്‍ തുര്‍ക്കി നേരത്തേ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, നാറ്റോയിലെ തുര്‍ക്കി സാന്നിധ്യം പരമാവധി ഉപയോഗപ്പെടുത്തുന്നതോടൊപ്പം പശ്ചിമേഷ്യയില്‍ തങ്ങളുടെ ആധിപത്യത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന മേല്‍ക്കൈ ആര്‍ക്കും ഇല്ലാതിരിക്കുക എന്നതാണ് യാങ്കീ താല്‍പര്യം. സിറിയന്‍ സ്വേച്ഛാധിപതിയെ സഹായിക്കുന്ന ശക്തികള്‍ തുര്‍ക്കിയുമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് ഈ താല്‍പര്യത്തിന് അനുകൂലമാണ്.
തന്‍സീമുദ്ദൗലയെ മറയാക്കി മേഖലയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ വന്ന റഷ്യയാകട്ടെ, ഇറാഖ് അമേരിക്കയുടെ കോളനിയെങ്കില്‍ സിറിയ തീര്‍ച്ചയായും തങ്ങളുടെ അവകാശമാണെന്ന അധിനിവേശ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് സിറിയന്‍ ജനതയ്ക്കു മുകളില്‍ ബോംബുകള്‍ വര്‍ഷിക്കുന്നത്. ഇപ്പോള്‍ വിമാനസംഭവം മറയാക്കി അത്യാധുനിക എസ്-400 റോക്കറ്റുകള്‍ അടക്കമുള്ള ആയുധക്കോപ്പുകള്‍ അവര്‍ സിറിയയില്‍ നിരത്തുന്നു. മറ്റേതു രാജ്യത്തിന്റെയും യുദ്ധവിമാനങ്ങള്‍ സിറിയന്‍ വ്യോമമേഖലയില്‍ തടയാന്‍ വേണ്ടിയാണിത്.

****
ഒക്ടോബര്‍ അവസാനം ഈജിപ്തിലെ സീനായ് മരുഭൂമിയില്‍ റഷ്യന്‍ വിനോദസഞ്ചാരികളുടെ ചാര്‍ട്ടേഡ് വിമാനം തകര്‍ത്തത് തങ്ങളാണെന്ന് തന്‍സീമുദ്ദൗലയുടെ ഈജിപ്ഷ്യന്‍ ഘടകമെന്നു പറയപ്പെടുന്ന വിലായത്തു സീനായ് അവകാശപ്പെട്ടിരുന്നു. അതേസമയം, റഷ്യന്‍ വിമാനം വീഴ്ത്തിയതിനു പിന്നില്‍ ഇസ്രായേലി-അമേരിക്കന്‍ ചാരസംഘങ്ങളാണെന്ന ഗൂഢാലോചനാ സിദ്ധാന്തം ഈജിപ്തിലെ ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് ഏശിയില്ല.
റഷ്യന്‍ വിമാനം വീഴ്ത്തിയത് ഈജിപ്ഷ്യന്‍ അധികൃതര്‍ തന്നെയാണെന്ന് ആരോപിക്കുന്ന മത്വര്‍, വിമാനം പുറപ്പെട്ട് ഏകദേശം രണ്ടു മണിക്കൂറിനിടെ തുര്‍ക്കിയുടെ ആകാശത്തു വച്ച്  പൊട്ടിത്തെറിക്കാനായിരുന്നു പദ്ധതിയെന്നു വിശദീകരിക്കുന്നു. ഈജിപ്തിലെ അട്ടിമറി സര്‍ക്കാരിനെ അംഗീകരിക്കാത്ത തുര്‍ക്കിയെ പാഠം പഠിപ്പിക്കാനായിരുന്നുവത്രേ ഇത്. ഒക്ടോബര്‍ ആദ്യത്തില്‍ റഷ്യയുടെ ചാരവിമാനം തുര്‍ക്കിയുടെ അതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പ് റഷ്യന്‍ വിമാനം തുര്‍ക്കിയില്‍ തകര്‍ന്നുവീഴുന്നതിലൂടെ റഷ്യ-തുര്‍ക്കി സംഘര്‍ഷമാണ് ഉദ്ദേശിച്ചിരുന്നതെന്ന് മത്വര്‍ പറയുന്നു.
തുര്‍ക്കിയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിനു തൊട്ടുമുമ്പ് ഒപ്പിക്കുന്ന വേലയിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിയും ലക്ഷ്യമാക്കിയിരുന്നുവെന്നു പറയുന്ന മത്വര്‍, ഗൂഢസംഘങ്ങളെ ഉപയോഗപ്പെടുത്തി ഒരുക്കിയ കെണിയില്‍ ഈജിപ്ഷ്യന്‍ അധികൃതര്‍ സ്വയം വീഴുകയായിരുന്നുവെന്നു പരിഹസിക്കുന്നു. ഈ വാദം ശരിയാണെങ്കില്‍ തന്നെയും വിമാനം തകര്‍ത്തത് തങ്ങളാണെന്ന തന്‍സീമുദ്ദൗലയുടെ അവകാശവാദം ഈജിപ്ത് ഖണ്ഡിക്കില്ലല്ലോ.

****
പാരിസ് ആക്രമണത്തിലെ നാടകീയതകള്‍ ഉടനെ മറ നീങ്ങുമെന്നു പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍, ഇതു നടക്കുമെന്നു തങ്ങള്‍ നേരത്തേ മുന്നറിയിപ്പു കൊടുത്തതാണെന്നും ഇനിയും സമാന സംഭവങ്ങള്‍ ഫ്രാന്‍സില്‍ നടന്നേക്കുമെന്നും അമേരിക്കന്‍ സിഐഎ തലവന്‍ കൃത്യമായി പ്രവചിച്ചിട്ടുണ്ട്. സംഭവത്തിന്റെ മറവില്‍ ഇറാന്‍-റഷ്യ അച്ചുതണ്ട് സിറിയന്‍ പ്രശ്‌നത്തില്‍ രാഷ്ട്രീയനേട്ടവും കൊയ്തു.
ബശ്ശാറുല്‍ അസദിനെ ഒഴിവാക്കിയുള്ള രാഷ്ട്രീയ പരിഹാരം തുര്‍ക്കി-സൗദി സഖ്യം ശക്തമായി മുന്നോട്ടുവച്ച്, സിറിയന്‍ (മോഡറേറ്റ്) പ്രതിപക്ഷത്തെ രംഗത്തിറക്കുകയും അവര്‍ ഫ്രാന്‍സിന്റെ പിന്തുണ വാങ്ങുകയും ചെയ്തിരുന്നു. തദടിസ്ഥാനത്തില്‍ അസദിനെതിരേ പ്രതിപക്ഷ പോരാട്ടത്തെ സഹായിക്കാനുള്ള ഫ്രാന്‍സിന്റെ തീരുമാനം പ്രഖ്യാപിച്ചതിന്റെ തൊട്ടുടനെയാണ് പാരിസ് സംഭവം നടക്കുന്നത്. ആക്രമണം നടത്തിയതിനു പിന്നില്‍ ആരൊക്കെയുണ്ടെങ്കിലും അസദിനെ അയാളുടെ വഴിക്കു വിട്ട് തന്‍സീമുദ്ദൗലക്കെതിരേ പോര്‍വിളി നടത്തി കൂട്ടുമല്ലന്മാരെ തേടി അലയുകയാണിപ്പോള്‍ ഫ്രാന്‍സ് പ്രസിഡന്റ്.
തന്‍സീമുദ്ദൗലയെ തുരത്താന്‍ രൂപപ്പെട്ട അമേരിക്കന്‍ സഖ്യമോ അതേ പേരില്‍ സിറിയയില്‍ സ്ഥാനം പിടിച്ച റഷ്യയോ യഥാര്‍ഥത്തില്‍ മീഡിയാ കവറേജിനു വേണ്ടി മാത്രമാണ് തന്‍സീമുദ്ദൗലയുടെ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നതെന്നും ഇരുകൂട്ടരും തങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും ഫത്ഹ് ആര്‍മി, ഫ്രീ സിറിയന്‍ ആര്‍മി, അന്നുസ്‌റ ബ്രിഗേഡ് പോലുള്ള സിറിയന്‍ ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ മാധ്യമങ്ങളിലൂടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. നിഴല്‍യുദ്ധം മാത്രം നടത്തി തന്‍സീമുദ്ദൗലയെ നിലനിര്‍ത്തലാണ് അമേരിക്കയുടെയും റഷ്യയുടെയും അധിനിവേശ താല്‍പര്യങ്ങളെന്നും ഇവര്‍ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം പോലും ഇദ്‌ലിബ്, ഹലബ് പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളിലും മാര്‍ക്കറ്റുകളിലും വര്‍ഷിച്ച റഷ്യന്‍ ബോംബുകള്‍ വീണു കരിഞ്ഞു ചിതറിയ നൂറുകണക്കിനു മനുഷ്യരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. അതേസമയം, തുരത്താന്‍ വന്നവരുടെ യുദ്ധവിമാനങ്ങളാല്‍ സിറിയന്‍ ആകാശം നിറഞ്ഞിട്ടും തന്‍സീമുദ്ദൗലയുടെ പുത്തന്‍ ഫോര്‍വീല്‍ ടൊയോട്ട പിക്കപ്പുകള്‍ റഖ പട്ടണത്തില്‍ പട്ടാപ്പകല്‍ പരേഡ് നടത്തുന്ന പുതിയ വീഡിയോകള്‍ പ്രചരിക്കുന്നുമുണ്ട്.                    $

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 86 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക