|    Jan 21 Sat, 2017 1:40 am
FLASH NEWS

സീറ്റ് വിഭജനം സിപിഎമ്മിന് കീറാമുട്ടിയാവുന്നു

Published : 10th March 2016 | Posted By: SMR

പി എച്ച് അഫ്‌സല്‍

തിരുവനന്തപുരം: കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഘടകകക്ഷികള്‍ നിലയുറപ്പിച്തോടെ സിപിഎമ്മിന് സീറ്റ് വിഭജനം കീറാമുട്ടിയാവുന്നു. ഇന്ന് എല്‍ഡിഎഫ് യോഗം നടക്കാനിരിക്കെ ഘടകകക്ഷികള്‍ നിലപാട് ശക്തമാക്കിയിരിക്കുകയാണ്. യുഡിഎഫ് വിട്ടുവന്നവരും പുറത്തു നിന്ന് പിന്തുണയ്ക്കുന്നവരും അടക്കം പത്തോളം കക്ഷികളെ സിപിഎമ്മിന് തൃപ്തിപ്പെടുത്തണം. 2011ലെ തിരഞ്ഞെടുപ്പില്‍ 93 മണ്ഡലങ്ങളില്‍ മല്‍സരിച്ച സിപിഎം സീറ്റ് വിട്ടുകൊടുക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ്.
പുറത്തുനിന്നുള്ള കക്ഷികള്‍ക്കായി സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാട് ഘടകകക്ഷികളെടുത്തിട്ടുണ്ട്. അവരെയെല്ലാം സഹകരിപ്പിക്കാന്‍ മുന്‍കൈ എടുത്തത് സിപിഎം ആണെന്നിരിക്കെ തങ്ങളുടെ ചട്ടിയില്‍ കയ്യിടരുത് എന്ന നിലപാടിലാണ് ചെറുകക്ഷികള്‍.
രാജ്യസഭാ സീറ്റ് സിപിഎമ്മിന് വിട്ടുകൊടുക്കേണ്ടിവന്നതോടെ നിയസഭാ സീറ്റിന്റെ കാര്യത്തില്‍ സിപിഐ നിലപാട് കടുപ്പിച്ചു. ആര്‍എസ്പി എല്‍ഡിഎഫ് വിട്ടതിനെത്തുടര്‍ന്ന് ഒഴിവു വന്ന നാലു സീറ്റുകളില്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നാണ് സിപിഐയുടെ വാദം.
കഴിഞ്ഞതവണ അഞ്ചു സീറ്റില്‍ മല്‍സരിച്ച ജനതാദള്‍ (എസ്) എട്ട് സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടു. പരിഗണിക്കേണ്ട 15 സീറ്റുകളുടെ പട്ടിക ഇവര്‍ സിപിഎം നേതാക്കളുടെ മുന്നില്‍ വച്ചു. തിരുവല്ല, അങ്കമാലി, കോവളം, വടകര, മലപ്പുറം സീറ്റുകളിലാണ് 2011ല്‍ മല്‍സരിച്ചത്. മലപ്പുറം ഒഴികെ അഞ്ചില്‍ നാലും ജയിച്ചതിനാല്‍ പ്രാതിനിധ്യം കൂട്ടിയേ തീരൂവെന്നാണ് ആവശ്യം. ദള്‍ പിളര്‍ന്നപ്പോള്‍ ആദ്യം വീരേന്ദ്രകുമാര്‍ വിഭാഗത്തിലായിരുന്ന കെ കൃഷ്ണന്‍കുട്ടിക്കായി ചിറ്റൂര്‍ വേണമെന്ന നിര്‍ബന്ധത്തിലാണ് പാര്‍ട്ടി. സംസ്ഥാന വൈസ് പ്രസിഡന്റ് പി എം ജോയിക്കു വേണ്ടി കല്‍പ്പറ്റയും ചോദിച്ചു.
നാല് സീറ്റുകളില്‍ മല്‍സരിച്ച എന്‍സിപി ഇത്തവണ മൂന്ന് സീറ്റ് കൂടുതല്‍ ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ മല്‍സരിച്ച കുട്ടനാട്, ഏലത്തൂര്‍, പാലാ, കോട്ടക്കല്‍ സീറ്റുകള്‍ കൂടാതെ എറണാകുളം, കൊല്ലം ജില്ലകളിലും മലബാര്‍ മേഖലയിലും ഓരോ സീറ്റ് വേണമെന്നാണ് ആവശ്യം. കഴിഞ്ഞതവണ മല്‍സരിച്ച തിരുവനന്തപുരം, കോതമംഗലം, കടുത്തുരുത്തി സീറ്റുകള്‍ വേണമെന്നാണു കേരളാ കോണ്‍ഗ്രസ് (സ്‌കറിയ തോമസ്) വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. ഒറ്റ സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസ് (എസ്) മൂന്നു സീറ്റാണ് ചോദിക്കുന്നത്.
പുറത്തുള്ളവരില്‍ ഐഎന്‍എല്‍, ജെഎസ്എസ്, സിഎംപി (അരവിന്ദാക്ഷന്‍ വിഭാഗം), ആര്‍എസ്പി (ലെനിനിസ്റ്റ്), കേരളാ കോണ്‍ഗ്രസ് (ബി) എന്നിവര്‍ക്ക് സീറ്റ് ഉറപ്പാണ്. ഗൗരിയമ്മയും ബാലകൃഷ്ണപിള്ളയും എകെജി ഭവനില്‍ നേരിട്ടെത്തി തങ്ങളുടെ സീറ്റ് ഉറപ്പാക്കിയിട്ടുണ്ട്. പൂഞ്ഞാര്‍ ലഭിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്ന പി സി ജോര്‍ജുമായി ഇന്നലെ പ്രാഥമിക ചര്‍ച്ച നടന്നു. ഏഴ് സീറ്റാണ് പി സി ജോര്‍ജ് ആവശ്യപ്പെട്ടത്. ഫ്രാന്‍സിസ് ജോര്‍ജിന്റെ പുതിയ പാര്‍ട്ടിയെയും സ്വാഭാവികമായും സിപിഎമ്മിന് പരിഗണിക്കേണ്ടിവരും. നാല് സീറ്റ് ഉറപ്പുവരുത്തിയാണ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം യുഡിഎഫ് വിട്ടത്.
അതേസമയം, ആര്‍എസ്പി മുന്നണി വിട്ടപ്പോള്‍ ഒഴിവ് വന്ന നാല് സീറ്റുകളില്‍ അരുവിക്കര ഇതിനോടകം സിപിഎം ഏറ്റെടുത്തു കഴിഞ്ഞു. കുന്നത്തൂര്‍ സീറ്റ് കോവൂര്‍ കുഞ്ഞുമോന് നല്‍കേണ്ടി വരും. ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ട പത്തനാപുരം, കൊട്ടാരക്കര സീറ്റുകള്‍ സിപിഎമ്മിന്റെ പക്കലാണ്. കൂടാതെ ജെഎസ്എസ് നാല്, സിഎംപി അഞ്ച്, ഫോര്‍വേര്‍ഡ് ബ്ലോക്ക് ഒരു സീറ്റും ആവശ്യപ്പെടുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 82 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക