|    May 23 Tue, 2017 4:15 pm
FLASH NEWS

സീറോ വേസ്റ്റ് പദ്ധതി: മാലിന്യമുക്ത നഗരസഭയാവാന്‍ നിലമ്പൂരില്‍ പ്രത്യേക പദ്ധതി

Published : 25th August 2016 | Posted By: SMR

നിലമ്പൂര്‍: നഗരസഭയില്‍ സീറോ വേസ്റ്റ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മാലിന്യബോധവല്‍ക്കരണ പരിപാടി നടത്തി. നഗരസഭാ ഹാളില്‍ നടന്ന പരിപാടി ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഈ മാസം തന്നെ പ്രത്യേക കൗണ്‍സില്‍ യോഗം ചേരാനും നിലമ്പൂരിലെ വ്യാപാരികളും വിവിധ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേരുടെയും സഹകരണം ഉറപ്പാക്കുന്നതിനും വേണ്ടി വിപുലമായ യോഗം ചേരാനും തീരുമാനിച്ചു.
തുടര്‍ന്ന് 33 ഡിവിഷനുകളിലും വാര്‍ഡ് സഭായോഗങ്ങള്‍ വിളിച്ച് ചേര്‍ക്കും. അയല്‍സഭ യോഗങ്ങള്‍ ചേര്‍ന്നതിന് ശേഷം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട സംഘം നഗരസഭയിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് വീടുകളിലെ നിലവിലുള്ള മാലിന്യസ്ഥിതി വിവരം ശേഖരിക്കും.
സ്‌കൂള്‍ കുട്ടികള്‍, കോളജ് വിദ്യാര്‍ഥികള്‍, എന്‍സിസി, സ്‌കൗട്ട്, വ്യാപാരികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, ക്ലബ്ബുകള്‍, അയല്‍ക്കൂട്ട അംഗങ്ങള്‍ എന്നിവരുടെ ടീം എല്ലാ വീടുകളിലും മാലിന്യമുക്ത നഗരസഭ സന്ദേശ പ്രചാരണവും നടത്തും. നോട്ടീസ്, ലഘുലേഖകള്‍ എന്നിവയും വിതരണം ചെയ്യും.
നഗരസഭയിലെ മുഴുവന്‍ വീടുകളിലും ഉറവിട മാലിന്യസംസ്‌കരണം നടത്തുന്നതിനും ജൈവകൃഷി നടപ്പാക്കുന്നതിനും വേണ്ട സഹായം നല്‍കും. വീടുകളില്‍ നിന്നു ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ കോഴിക്കോട് വേങ്ങേരി നിറവ് സംഘം കൊണ്ട് പോവുന്നതിന് ധാരണയായി. കാര്‍ഷിക മേഖലയ്ക്കായി നഗരസഭയില്‍ 35 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയുടെ വിജയത്തിനായി ഈ പദ്ധതികൂടി സംയോജിപ്പിക്കും. വൈസ് ചെയര്‍മാന്‍ പി വി ഹംസ അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി മോള്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ ഗോപിനാഥ്, പാലോളി മെഹബൂബ്, ശ്രീജ ചന്ദ്രന്‍, കൗണ്‍സിലര്‍മാരായ എന്‍ വേലുക്കുട്ടി, മുസ്തഫ കളത്തുംപടിക്കല്‍, മുജീബ് ദേവശ്ശേരി, എച്ച്‌ഐമാരായ പി പി മുഹമ്മദ് അഷ്‌റഫ്, ശബരീശന്‍, സെക്രട്ടറി കെ പ്രമോദ് സംസാരിച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിറവ് സംഘം മാലിന്യസംസ്‌കരണത്തേക്കുറിച്ച് പവര്‍ പോയിന്റ് പ്രസന്റേഷന്‍ നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day