|    Nov 13 Tue, 2018 4:00 am
FLASH NEWS

സീബ്രാവര തെളിയാതെ ആലത്തൂര്‍ നഗരം; അപകട സാധ്യത കൂടുന്നു

Published : 1st June 2017 | Posted By: fsq

 

സുനു ചന്ദ്രന്‍ കാവശ്ശേരി

ആലത്തൂര്‍: ആലത്തൂര്‍ നഗരത്തില പ്രധാന റോഡുകളായ മെയിന്‍ റോഡിലേയും കോര്‍ട്ട് റോഡിലേയും സീബ്രാലൈനുകള്‍ അപ്രത്യക്ഷമായത് അപകട സാധ്യത കൂട്ടുന്നു.നഗരത്തിലെ റോഡുകളില്‍ എവിടെയും വാഹന നിയന്ത്രണ രേഖകള്‍ ഇല്ല. സൈഡ് ലൈനുകളും സെന്റര്‍ ലൈനുകളും ഉള്‍പ്പടെയുള്ള വെള്ളവരകളും സീബ്രാ വരകളും അപ്രത്യക്ഷമായിട്ട് മാസങ്ങളായി.ഇത് ജനങ്ങള്‍ക്ക് നഗരത്തിലൂടെ സുരക്ഷിതമായി നടക്കാന്‍ കഴിയാത്ത സ്ഥിതിയിലാക്കുന്നു. കാല്‍ നടയാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന റോഡരികിലെ വരകള്‍ പലയിടങ്ങളിലും മാഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് ബന്ധപ്പെട്ട അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.പല റോഡുകളും പണി നടന്നിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടുവെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഇന്ന് സ്‌കൂള്‍ കൂടി തുറക്കുന്നതോടെ കൂടുതല്‍ അപകട സാധ്യതയാണ് ഉണ്ടാവാന്‍ പോകുന്നത്. 11 ഓളം സ്ഥലത്താണ് നഗരത്തില്‍ സീബ്രാലൈനുകള്‍ ഉള്ളത്. മെയിന്‍ റോഡിലെ കിണ്ടിമുക്ക് ഗുരുകുലം സ്‌കൂളിനു മുന്‍വശം, ടെലഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപം, പുതിയ പള്ളിക്കു മുന്‍വശം ,ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിനു മുന്നിലെ പഴയ ബസ് സ്റ്റാന്‍ഡിനു സമീപം, എ.എസ്.എം.എം.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്‍ വശം എന്നിവിടങ്ങളിലും കോര്‍ട്ട് റോഡിലെ ദേശീയ മൈതാനത്തിനു സമീപം, താലൂക്ക് ഓഫീസിനു മുന്‍വശം, കോടതിയുടെ മുന്‍വശം, പുതിയ ബസ് സ്റ്റാന്‍ഡിനു മുന്‍വശം, ക്രസന്റ് ആശുപത്രിയുടെ സമീപം, മിനി സിവില്‍ സ്‌റ്റേഷനു മുന്‍വശം എന്നിവിടങ്ങളിലാണ് സീബ്രാലൈനുകള്‍ നിലവിലുള്ളത്. എന്നാല്‍ ഇവിടെയെല്ലാം സീബ്രാലൈനുകള്‍ പൂര്‍ണമായും ചിലയിടത്ത് ഭാഗികമായും മാഞ്ഞു പോയിരിക്കുകയാണ്. ഗതാഗതക്കുരുക്കുകള്‍ സ്ഥിരം ബുദ്ധിമുട്ടുണ്ടാക്കുന്ന കോര്‍ട്ട് റോഡില്‍ തൊണ്ണൂറ് ശതമാനം സീബ്രാലൈനും ഇതിനോടനുബന്ധിച്ചുള്ള പാര്‍ശ്വവരകളും നടുവിലൂടെയുള്ള റിഫ്‌ലക്ടര്‍ ലൈനുകളും മാഞ്ഞിരിക്കുന്നത് കൊണ്ട് അമിതവേഗതയില്‍ വരുന്ന വാഹനങ്ങള്‍ ഇടിച്ച് നിരവധി അപകടങ്ങളാണ് ദിവസവും ഉണ്ടാവുന്നത്.ദിവസേന ഒന്നില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നുവെങ്കിലും ഭാഗ്യം കൊണ്ടു മാത്രമാണ് ജീവഹാനി സംഭവിക്കാതെ പലരും രക്ഷപ്പെടുന്നത്.പോലീസും മോട്ടോര്‍ വാഹന വകുപ്പും ജനങ്ങളെ ബോധവത്കരിക്കുന്നതിനും റോഡു സുരക്ഷയ്ക്കുമായി നിരവധി പദ്ധതികള്‍ നടപ്പാക്കുമ്പോഴും വേണ്ടത്ര ഫലം ചെയ്യുന്നില്ല. നഗരത്തിലെ രണ്ട് പ്രധാന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍, കിണ്ടിമുക്കിലെ ഗുരുകുലം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, താലൂക്ക് ഓഫീസിലേക്കും മിനി സിവില്‍ സ്‌റ്റേഷനിലേക്കും വരുന്ന ഉദ്യോഗസ്ഥര്‍, താലൂക്ക് ആശുപത്രിയിലേക്കും സബ് ജയിലിലേക്കും വരുന്ന മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പടെയുള്ളവര്‍, ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി കാല്‍നടയായി ആവശ്യമുള്ള സ്ഥലത്തേക്കെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ എന്നിവര്‍ക്കാണ് സീബ്രാലൈന്‍ ഏറ്റവും ആവശ്യമായി വരുന്നത്.പോലീസിന്റെ അനാസ്ഥ മൂലം റോഡില്‍ കയ്യേറ്റങ്ങളും ഏറുന്നുണ്ട്.നിരത്തില്‍ പലയിടങ്ങളിലും വാഹനങ്ങള്‍ റോഡില്‍ തന്നെയാണ് പാര്‍ക്ക് ചെയ്യുന്നത്. ഇത് കൂടാതെ പല കടകളുടെ ബോര്‍ഡുകളും റോഡിന്റെ വശങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഓട്ടോ സ്റ്റാന്‍ഡുകളും റോഡുകള്‍ കീഴടക്കിയ സ്ഥിതിയാണ് . ട്രാഫിക് നിയന്ത്രണ വരകള്‍ ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ തോന്നിയതുപോലെയാണ് നഗരത്തില്‍ ഓടുന്നത്. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പി.ഡബ്ല്യു.ഡി.ക്ക് കീഴിലുള്ള നഗരത്തിലെ പ്രധാന റോഡുകളില്‍ ഒന്നും തന്നെ വരകള്‍ തെളിഞ്ഞു കാണുന്നില്ല. ടാറിംഗിനോടൊപ്പമാണ് റോഡില്‍ വരകള്‍ വരയ്ക്കാറുള്ളത്.പിന്നീട് വരകള്‍ മാഞ്ഞാലും അധികൃതര്‍ അത് ശരിയാക്കാന്‍ തയ്യാറാവുന്നില്ല..

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss