|    Nov 17 Sat, 2018 8:51 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സീനിയോറിറ്റി വിവാദം: ഉചിതമായ രൂപത്തില്‍ ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ്‌

Published : 7th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ജസ്റ്റിസ് കെ എം ജോസഫിനെ സീനിയോറിറ്റിയില്‍ താഴ്ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ സുപ്രിംകോടതി ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ കണ്ട് പ്രതിഷേധമറിയിച്ചു. വിഷയത്തില്‍ ഉചിതമായ രൂപത്തില്‍ ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ഇന്നു നടക്കുന്ന സത്യപ്രതിജ്ഞയില്‍ കെ എം ജോസഫ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുന്ന കാര്യത്തില്‍ ഇന്നലെ നടന്ന കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല. അതേസമയം, ഇക്കാര്യം അറ്റോര്‍ണി ജനറലുമായി ചീഫ് ജസ്റ്റിസ് കൂടിയാലോചിക്കുമെന്നാണ് സുപ്രിം കോടതി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അതിനിടെ, ജഡ്ജിമാരുടെ സീനിയോറിറ്റി അട്ടിമറിച്ചെന്ന വിവാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തി. ഹൈക്കോടതിയില്‍ നിയമനം ലഭിച്ച തിയ്യതി കണക്കാക്കുമ്പോള്‍ കെ എം ജോസഫ് ഏറ്റവും ജൂനിയര്‍ ആണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത് 2002 ഫെബ്രുവരി അഞ്ചിനാണ്. അതേവര്‍ഷം ഫെബ്രുവരി 14നായിരുന്നു ജസ്റ്റിസ് വിനീത് ശരണിന്റെ ഹൈക്കോടതി നിയമനം. 2014 ഒക്ടോബര്‍ 14നാണ് കെ എം ജോസഫ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്.
ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, വിനീത് ശരണ്‍, കെ എം ജോസഫ് എന്നിവരുടെ സുപ്രിംകോടതി ജഡ്ജിമാരായുള്ള സത്യപ്രതിജ്ഞ ഇന്ന് പത്തരയ്ക്ക് നടക്കും. നിലവിലെ പട്ടികപ്രകാരം ജോസഫ് മൂന്നാമതാണ്. സുപ്രിംകോടതിയിലേക്ക് കൊളീജിയം ആദ്യം നിര്‍ദേശിച്ചത് ജോസഫിന്റെ പേരായതിനാല്‍ അദ്ദേഹമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്നാണ് സുപ്രിംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരുടെ നിലപാട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss