സി പി നായര്‍ വധശ്രമക്കേസ്: തീരുമാനം ആഭ്യന്തരവകുപ്പ് റദ്ദാക്കി
Published : 12th August 2016 | Posted By: G.A.G
തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി സി പി നായരെ വധിക്കാന്‍ ശ്രമിച്ച കേസ് പിന്‍വലിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം ആഭ്യന്തരവകുപ്പ് റദ്ദാക്കി. കേസ് പിന്‍വലിക്കരുതെന്ന സിപി നായരുടെ പരാതിയുടെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ നടപടി.
പത്തനംതിട്ട മലയാലപ്പുഴ ദേവീക്ഷേത്രത്തില്‍ 2002 മാര്‍ച്ച് 14നായിരുന്നു കേസിനാസ്പദമായ സംഭവം. കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനും തീരുമാനമായി. ക്ഷേത്രത്തില്‍ എട്ടരക്കോടി രൂപ ചെലവിട്ടു ശതകോടി അര്‍ച്ചന നടത്താന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെ നേതൃത്വത്തി ല്‍ തീരുമാനമെടുത്തത് തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണറായിരുന്ന സി പി നായര്‍ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. പൂജകളുടെ ചെലവുകുറയ്ക്കണമെന്നായിരുന്നു സി പി നായരുടെ നിലപാട്. ഇതിനെതിരേ അമ്പലക്കമ്മിറ്റിക്കാരും നാട്ടുകാരും രംഗത്തുവന്നു.
ക്ഷേത്രത്തിലെത്തിയ സി പി നായരെയും ഉദ്യോഗസ്ഥരെയും അവര്‍ അമ്പലത്തിലെ സദ്യാലയത്തില്‍ പൂട്ടിയിട്ടു. ശതകോടി അര്‍ച്ചന നടത്താന്‍ അനുവാദം നല്‍കിയാലേ വിട്ടയയ്ക്കൂ എന്നായിരുന്നു ജനക്കൂട്ടത്തിന്റെ നിലപാട്. സംഘര്‍ഷമുണ്ടായതോടെ പോലിസ് ആകാശത്തേക്ക് വെടിവച്ചാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടതും സി പി നായരെ മോചിപ്പിച്ചതും. സി പി നായരുടെ പരാതിയില്‍ സിപിഎം പ്രവര്‍ത്തകരുള്‍പ്പെടെ 146 പേര്‍ക്കെതിരേയാണ് കേസെടുത്തത്. 2006ല്‍ കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. എന്നാല്‍, കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് 2015 ജൂണില്‍ കേസ് പിന്‍വലിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കേസ് പിന്‍വലിക്കരുതെന്ന സി പി നായരുടെ ആവശ്യം യുഡിഎഫ് സര്‍ക്കാര്‍ തള്ളി.
കേസ് മൂലം ബുദ്ധിമുട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടി പലരും സര്‍ക്കാരിനെ സമീപിച്ചെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണില്ലെന്നും അന്തിമതീരുമാനം കോടതിയാണെടുക്കേണ്ടതെന്നുമായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പറഞ്ഞത്. പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ ഇതിനെതിരേ സി പി നായര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി. ഇത് പരിഗണിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.