|    Jun 21 Thu, 2018 2:08 pm
FLASH NEWS

സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും; അല്‍ ഇത്തിഹാദ് ഫുട്‌ബോള്‍ അക്കാദമി ഇന്നു നാടിന് സമര്‍പ്പിക്കും

Published : 26th January 2017 | Posted By: fsq

 

കല്‍പ്പറ്റ: അല്‍ഇത്തിഹാദ് അക്കാദമി അരപ്പറ്റയില്‍ നോവ ഫുട്‌ബോള്‍ അക്കാദമിയുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഫുട്‌ബോള്‍ പരിശീലന കേന്ദ്രം ഇന്നു വൈകീട്ട് അഞ്ചിന് സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്നു പ്രസിഡന്റ് ഖമറുദ്ദീന്‍ അറയ്ക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യുഎഇയിലെ പ്രവാസി കുട്ടികളുടെ കായിക ഉന്നമനം ലക്ഷ്യമാക്കി നാലുവര്‍ഷമായി അബൂദബി ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരികയാണ് അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി. അക്കാദമിക്ക് കീഴില്‍ അബൂദബി, ദുബയ്, അല്‍ഐന്‍ എന്നിവിടങ്ങളിലായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 3,000ത്തോളം കുട്ടികള്‍ പരിശീലനം നേടുന്നുണ്ട്. നാലു വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ എടുത്തുപറയത്തക്ക നേട്ടങ്ങളാണ് അക്കാദമി കൈവരിച്ചത്. അണ്ടര്‍ 16 വിഭാഗം ഫുട്ബാള്‍ താരമായ ജേക്കബ് ജോണ്‍ കാട്ടൂക്കാരന്‍ കേരള അണ്ടര്‍-17 ഫുട്‌ബോള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മറ്റൊരു കളിക്കാരനായ നീലകണ്ഠന്‍ ആനന്ദ് എഐഎഫ്എഫും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി ദുബയില്‍ നടത്തിയ സ്‌കൗട്ടില്‍ പങ്കെടുത്തു. ഈ മിടുക്കന് ജര്‍മനിയിലുള്ള ഇന്ത്യ അണ്ടര്‍-17 ഫുട്‌ബോള്‍ ടീമിന്റെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരമായി. അക്കാദമിയുടെ പ്രവര്‍ത്തനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗോവയില്‍ 2016 ആഗസ്ത് 15നും കണ്ണൂരില്‍ സപ്തംബര്‍ 15നും പരിശീലനകേന്ദ്രം ആരംഭിച്ചു. കണ്ണൂരില്‍ 180ഓളം കുട്ടികളാണ് പരിശീലനം നേടുന്നത്. ഇവരില്‍നിന്നു തിരഞ്ഞെടുത്ത 18 പേര്‍ ഏപ്രിലില്‍ ദുബയില്‍ നടക്കുന്ന സൂപ്പര്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ജില്ലയില്‍ നാലു പരിശീലന കേന്ദ്രങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതില്‍ ആദ്യത്തേതാണ് അരപ്പറ്റിയിലേത്. അല്‍ ഇത്തിഹാദ് അക്കാദമിയിലെ പരിശീലകരുടെ ശിക്ഷണം ലഭിച്ച നാല് മുഴുവന്‍ സമയ കോച്ചുമാര്‍ അരപ്പറ്റയിലുണ്ടാവും. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, പുല്‍പ്പള്ളി എന്നിവിടങ്ങളിലായിരിക്കും ജില്ലയിലെ മറ്റു പരിശീലന കേന്ദ്രങ്ങള്‍. ഇവയുടെ പ്രവര്‍ത്തനം വൈകാതെ തുടങ്ങും. കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ പരിശീലന കേന്ദ്രങ്ങള്‍ ആസൂത്രണ ദശയിലാണ്. വയനാട്ടില്‍ ഭാവിയില്‍ റസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ പരിശീലനകേന്ദ്രം ആരംഭിക്കാനും അക്കാദമിക്ക് പദ്ധതിയുണ്ട്- ഖമറുദ്ദീന്‍ പറഞ്ഞു. അക്കാദമി ചീഫ് കോച്ച് മിഖായേല്‍ സക്കറിയ, ടെക്ടനിക്കല്‍ അഡ്വസൈര്‍ ബിനോ ജോര്‍ജ്, നോവ സ്‌പോര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി എ വി ഹംസ, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി സഫറുല്ല എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss