|    May 30 Tue, 2017 12:52 am
FLASH NEWS

സി എന്‍ ബാലകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വീട്ടില്‍ റെയ്ഡ്

Published : 8th July 2016 | Posted By: SMR

തൃശൂര്‍: മുന്‍ സഹകരണവകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയും അടുത്ത വിശ്വസ്തനുമായ ലിജോയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. തൃശൂര്‍ ഏനമാവ് സ്വദേശി ലിജോ ജോസഫിന്റെ ഒളരിയിലുള്ള വീട്ടിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്.
അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ എറണാകുളം വിജിലന്‍സ് സിഐ ബെന്നി ജേക്കബിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ഏഴിനാണ് റെയ്ഡ് ആരംഭിച്ചത്. ഒരു കോടിയിലധികം സ്വത്ത് ലിജോയ്ക്കുണ്ടെന്ന് വിജിലന്‍സിന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഉറവിടങ്ങള്‍ സംബന്ധിച്ച പരിശോധനയാണ് നടന്നത്. ലിജോയുടെ സ്വത്ത് 200 ശതമാനം വര്‍ധിച്ചതായും വിജിലന്‍സ് അധികൃതര്‍ പറഞ്ഞു. ലിജോയ്‌ക്കെതിരേ വിജിലന്‍സ് കേസെടുത്ത് മൊഴി രേഖപ്പെടുത്തി. റെയ്ഡിനോട് ലിജോ പൂര്‍ണമായും സഹകരിച്ചു. പോലിസിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
തൃശൂര്‍ ജില്ലയിലെ മൂന്ന് സ്ഥലങ്ങളിലായി ലിജോ ഒരു കോടിയിലേറെ രൂപ വിലവരുന്ന ഭൂമി വാങ്ങിയതായും അമ്മയുടെ പേരില്‍ 30 ലക്ഷം രൂപ തൃശൂരിലെ ഒരു ബാങ്കില്‍ നിക്ഷേപിച്ചതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു. വിജിലന്‍സ് ഡയരക്ടറുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.
കുടുംബാംഗങ്ങളുടെ പേരിലുള്ള സ്വത്തുക്കള്‍ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നാണ് സൂചന. സഹകരണവകുപ്പിലെയും കണ്‍സ്യൂമര്‍ ഫെഡിലേയുമടക്കമുള്ള അഴിമതികളില്‍ മന്ത്രിയുടെ പിഎക്ക് പങ്കുണ്ടോ എന്ന പരിശോധനയും നടക്കുന്നുണ്ട്.
മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ വിശ്വസ്തനും അദ്ദേഹത്തോടൊപ്പം എപ്പോഴുമുണ്ടാവുകയും ചെയ്തിരുന്ന ലിജോയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. അടുത്തിടെ ലിജോ ചാലക്കുടിയില്‍ വലിയ ഒരു ഹോട്ടല്‍ തുടങ്ങിയിരുന്നുവെന്നും ഇക്കാര്യം വിജിലന്‍സ് നിരീക്ഷിച്ചിരുന്നുവെന്നും പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day