|    Dec 14 Fri, 2018 4:32 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സിസ്റ്റര്‍ ജെസ്മിയുടെ ‘വീണ്ടും ആമേന്‍’ പ്രകാശനം ചെയ്തു.

Published : 12th November 2018 | Posted By: ke

ഷാര്‍ജ: സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സിസ്റ്റര്‍ ജെസ്മിയുടെ ‘വീണ്ടും ആമേന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയോടനുബന്ധിച്ച് നടന്നു. പുസ്തകത്തിന്റെ ആദ്യപ്രതി സിന്ധു ജ്യോതികുമാറില്‍നിന്ന് സുമ ഗോപി ഏറ്റുവാങ്ങി.
വിശുദ്ധവസ്ത്രം ധരിച്ചുകൊണ്ട് സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ നടത്തിയ ഉപവാസസമരം ലോകചരിത്രത്തില്‍ രേഖപ്പെടുത്തുന്ന സംഭവമാണെന്ന് സിസ്റ്റര്‍ ജെസ്മി പറഞ്ഞു. ഗിബ്‌സന്റെ നാടകമായ ‘ഡോള്‍സ് ഹൗസി’ല്‍, നോറ എന്ന കഥാപാത്രം സ്‌നേഹധനരായ ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് സ്വതന്ത്രജീവിതമറിയാനായി വീടിന് പുറത്തിറങ്ങി വാതിലടച്ചപ്പോള്‍ യൂറോപ്പ് മുഴുവന്‍ നടുങ്ങി. ഇതിന് സമാനമാണ് കേരളത്തില്‍ സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ അലയൊലികളെന്നും സിസ്റ്റര്‍ അനുപമ തന്നേക്കാള്‍ ഉയരത്തിലുള്ള താരകമാണെന്നും സിസ്റ്റര്‍ ജെസ്മി പറഞ്ഞു.

തന്നെ സ്വന്തം ഇടവകയില്‍നിന്ന് പുറത്താക്കിയിരിക്കുകയാണെന്നും ലോകമേ തറവാട് എന്ന അവസ്ഥയിലാണ് താനിപ്പോളെന്നും സിസ്റ്റര്‍ ജെസ്മി പറഞ്ഞു. സഭയെന്ന സംവിധാനത്തിന് തകരാറ് സംഭവിച്ചിരിക്കുന്നു. യഥാര്‍ത്ഥമായ മിസ്റ്റിക് ജീവിതം നയിക്കണമെന്നാഗ്രഹിക്കുന്ന കന്യാസ്ത്രീകളും പുരോഹിതന്മാരും ഒരു ശതമാനത്തില്‍ താഴെയേയുള്ളൂ. ബാക്കിയെല്ലാവരും വെറുതെ ഉടുപ്പിട്ട് നടക്കുന്നവരാണ്.
ഇപ്പോള്‍ ലോകത്ത് ഉയര്‍ന്നുവന്നിരിക്കുന്ന ‘മീ റ്റൂ’ ക്യാമ്പെയ്‌നിന് സമാനമായി ജര്‍മനിയില്‍ ‘നണ്‍സ് റ്റൂ’ എന്ന ക്യാമ്പെയ്ന്‍ കന്യാസ്ത്രീകള്‍ തുടങ്ങിവച്ചതായി അറിയുന്നു. കേരളത്തിലും ‘നണ്‍സ് റ്റൂ’ പ്രചാരത്തില്‍ വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തിന് ശേഷമാണ് തെറ്റേറ്റെടുക്കാതെ തെറ്റുകാരെ സംരക്ഷിക്കുന്ന നിലപാടിലേക്ക് സഭ മാറിയത്. മൂടിവയ്ക്കപ്പെടുന്ന തെറ്റുകള്‍ ഒരു പരിധി കഴിയുമ്പോള്‍ മറനീക്കി പുറത്തുവരുന്നതാണ് സഭയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും പുറത്തുവരാത്ത തെറ്റുകള്‍ എണ്ണമറ്റതായിരിക്കുമെന്നും സിസ്റ്റര്‍ ജെസ്മി ചൂണ്ടിക്കാട്ടി.

യേശുക്രിസ്തുവിനുമേല്‍ സഭയ്ക്ക് കുത്തകാവകാശമൊന്നുമില്ലെന്നും സ്വന്തം ബുദ്ധി അടിയറവയ്ക്കാന്‍ ഒരു ദൈവവും നമ്മോട് പറഞ്ഞിട്ടില്ലെന്നും സിസ്റ്റര്‍ ജെസ്മി പറഞ്ഞു. സ്വന്തം പാപങ്ങളുടെ ഫലം ഭൂമിയിലെ ജീവിതത്തില്‍വച്ചുതന്നെ അനുഭവിച്ചവര്‍ മരണശേഷം സ്വര്‍ഗ്ഗത്തിലെത്തുന്നുവെന്നാണ് തന്റെ വിശ്വാസം. നമ്മുടെ ഉള്ളിലുള്ള ശക്തിതന്നെയാണ്, മത വിശ്വാസത്തിനതീതമായി, സമീപമുള്ളയാളുടെ ഉള്ളിലുമുള്ളത്. ആ ശക്തിയെ താന്‍ ദൈവമെന്ന് വിളിക്കുന്നു. ദൈവം പ്രപഞ്ചം മുഴുവന്‍ നിറഞ്ഞിരിക്കുന്നു. പ്രപഞ്ചത്തിലായിരിക്കുമ്പോള്‍ നമ്മള്‍ ദൈവത്തിങ്കല്‍ത്തന്നെയാണിരിക്കുന്നത്. ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയുടെ വേദിയായ ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ലിറ്ററേച്ചര്‍ ഫോറത്തില്‍ നടന്ന ‘ദി കണ്‍ഫെഷന്‍: വിശുദ്ധവസ്ത്രം ഉപേക്ഷിച്ച ഒരു കന്യാസ്ത്രീക്കൊപ്പം’ എന്ന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകനായ റോയി റാഫേല്‍ മോഡറേറ്ററായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss