|    Jun 21 Thu, 2018 10:00 pm
FLASH NEWS

സിസ്റ്റമിക് ഫെയ്‌ലിയര്‍

Published : 15th April 2017 | Posted By: G.A.G

ന്ത്യയിലെ മറ്റു പോലിസ് സേനകളില്‍ നിന്നു വ്യത്യസ്തമായി കേരള പോലിസിന് നല്ല ഒരു പേരുണ്ടായിരുന്നു. ക്രൈം കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന കാര്യത്തിലും കേസുകള്‍ ശിക്ഷയിലേക്കെത്തിക്കുന്ന കാര്യത്തിലും കേരള പോലിസ് മുന്നിലായിരുന്നു. അതുപോലെ തന്നെ നൂതനമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് പോലിസിനെ ജനകീയമാക്കുന്നതിലും നാം മുന്നിലായിരുന്നു. അതിനു സഹായിച്ച പദ്ധതികളില്‍ ഒന്നാണ് കമ്മ്യൂണിറ്റി പോലിസിങ്. അതിന്റെ ഭാഗമായാണ് ജനമൈത്രി പോലിസ് സ്‌റ്റേഷനുകള്‍ രൂപപ്പെട്ടത്.

ജനസൗഹൃദ പോലിസ് സ്‌റ്റേഷനുകളായിരിക്കണം ഇത്തരം പോലിസ് സ്‌റ്റേഷനുകള്‍ എന്നതായിരുന്നു സങ്കല്‍പം.തുടക്കത്തില്‍ അതു നന്നായി പ്രവര്‍ത്തിച്ചെങ്കിലും നേതൃത്വം മാറിയപ്പോള്‍ അതിനു മാറ്റം സംഭവിക്കുന്നു എന്നാണു തോന്നുന്നത്.ഈ അടുത്തകാലത്തു നടന്ന സംഭവങ്ങള്‍ പരിശോധിച്ചാല്‍ അതു നമുക്കു മനസ്സിലാവും.

മിഷേല്‍ എന്ന വിദ്യാര്‍ഥിനിയുടെ ദാരുണ മരണത്തില്‍ കലാശിച്ച സംഭവം തന്നെയെടുക്കാം. ഒരു കുറ്റകൃത്യം ഉണ്ടാവുമ്പോള്‍ സംഭവസ്ഥലം ഉള്‍ക്കൊള്ളുന്ന പോലിസ് സ്‌റ്റേഷനില്‍ നിന്നാണ് നടപടി തുടങ്ങേണ്ടത്. പക്ഷേ, ഇതു സാധാരണക്കാരന്‍ അറിയണമെന്നില്ല. അവനെ സംബന്ധിച്ചിടത്തോളം അടുത്തുള്ള പോലിസിനെ വിവരം അറിയിക്കുക എന്നു മാത്രമേ ധാരണയുള്ളൂ. മിഷേലിന്റെ തിരോധാനം റിപോര്‍ട്ട് ചെയ്യാന്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലിസ് സ്‌റ്റേഷനില്‍ ചെന്ന മാതാപിതാക്കളും ബന്ധുക്കളും വളരെ ഉല്‍ക്കണ്ഠയിലും ഭയപ്പാടിലുമായിരുന്നു. യുവതിയായ മകളെയാണ് കാണാതായിരിക്കുന്നത്. ഫോണിലും കിട്ടുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരന്‍ ഇതൊന്നും മനസ്സിലാക്കാതെ അവരെ വനിതാ പോലിസ് സ്‌റ്റേഷനിലേക്കു പറഞ്ഞയച്ചു.

അവിടെ ചെന്നപ്പോള്‍ അവരെ വീണ്ടും സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനിലേക്കു പറഞ്ഞുവിട്ടു. ഒടുവില്‍ സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ എസ്‌ഐ ഇല്ലാത്തതുകൊണ്ട് ഉടനെ നടപടി ഉണ്ടായില്ല. പോലിസ് സ്‌റ്റേഷനില്‍ ഏതുസമയത്തും ഒരു ഹെഡ്‌കോണ്‍സ്റ്റബിള്‍ ഉണ്ടായിരിക്കും. അയാള്‍ക്ക് എന്തു നടപടിയെടുക്കാനും അധികാരമുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്യാനും അന്വേഷണം തുടങ്ങാനും ഉള്‍പ്പെടെയുള്ള അധികാരമാണ് നിയമം നല്‍കിയിരിക്കുന്നത്.

എല്ലാ പോലിസ് ഉദ്യോഗസ്ഥന്‍മാരും 24 മണിക്കൂറിലും ഔദ്യോഗിക ഡ്യൂട്ടിയിലാണ്.  ഉറങ്ങാന്‍ പോയി, ഉണ്ണാന്‍ പോയി എന്നൊന്നും  മറുവാദം ഉന്നയിക്കാന്‍ പാടില്ലാത്തതാണ്. ഏതുസമയത്തും കര്‍മനിരതനാവാന്‍ വേണ്ടിയാണ് വാഹനം, ഡ്രൈവര്‍, മൊബൈല്‍ ഫോണ്‍, വീട്ടില്‍ ലാന്‍ഡ്‌ഫോണ്‍ മുതലായ സന്നാഹങ്ങള്‍ നല്‍കിയിരിക്കുന്നത്.

ടവര്‍ ലൊക്കേഷന്‍ കണ്ടുപിടിക്കാനുള്ള നടപടിക്രമം പാസ്‌വേഡ് അറിഞ്ഞുകൂടാത്തതുകൊണ്ട് നടത്താന്‍ പറ്റിയില്ല എന്ന വാദം ഒരിക്കലും സ്വീകാര്യമല്ല. തീര്‍ച്ചയായും അത് അക്ഷന്തവ്യമായ  കൃത്യവിലോപമാണ്. അതില്‍ തര്‍ക്കമില്ല. മിഷേലിന് മുമ്പുണ്ടായ വാളയാര്‍ സംഭവത്തിലും പോലിസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായി.

13 വയസ്സായ ഒരു കുട്ടി കെട്ടിത്തൂങ്ങി മരിച്ചു. അതില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ എന്തു തെളിവുകള്‍ കിട്ടിയെന്ന് അന്വേഷിച്ചില്ല. ഒരന്വേഷണ ഉദ്യോഗസ്ഥന്‍ നിര്‍ബന്ധമായും നടത്തേണ്ട പ്രക്രിയ രണ്ടാണ്.

ഒന്ന്, ഇന്‍ക്വസ്റ്റ്. അത് നടത്തേണ്ടത് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനാണ്. സാക്ഷികളുടെ സാന്നിധ്യത്തില്‍ നടത്തുന്ന ഈ പ്രേതവിചാരണയില്‍ ശരീരം മലര്‍ത്തിയും കമഴ്ത്തിയും ഒക്കെ പരിശോധിച്ച് ശരീരത്തിന്റെ മഹസ്സര്‍ എഴുതണം. ആ പരിശോധനയില്‍ തീര്‍ച്ചയായും പരിക്കുകളുണ്ടെങ്കില്‍ അതെത്ര നിസ്സാരമാണെങ്കില്‍ പോലും രേഖപ്പെടുത്തണം. സാക്ഷികളെ വിസ്തരിച്ച് മൊഴി രേഖപ്പെടുത്തണം. എന്നിട്ട് ഒരു നിഗമനത്തില്‍ എത്തിച്ചേരുകയോ ചേരാതിരിക്കുകയോ ചെയ്യാം. ഈ രേഖയ്ക്കാണ് പ്രേതവിചാരണ റിപോര്‍ട്ട് അല്ലെങ്കില്‍ ഇന്‍ക്വസ്റ്റ് റിപോര്‍ട്ട് എന്നു പറയുന്നത്. അതിനുശേഷമാണ് പോസ്റ്റ്‌മോര്‍ട്ടത്തിനയക്കുന്നത്.

പരിചയസമ്പന്നനായ അന്വേഷണോദ്യോഗസ്ഥന്‍ പ്രേതവിചാരണയില്‍ തന്നെ പരിക്കുകള്‍ കണ്ടാല്‍ കുറ്റകൃത്യത്തെപ്പറ്റി സംശയം ഉണ്ടാവുകയും വ്യക്തത കിട്ടുന്നതിനുവേണ്ടി പോസ്റ്റ്‌മോര്‍ട്ടം പരിശോധനാവേളയില്‍ തന്നെയോ അതിനുശേഷമോ പോസ്റ്റ്‌മോര്‍ട്ടം ഡോക്ടറെ കാണും.  അദ്ദേഹത്തെ വിശദമായി ചോദ്യംചെയ്ത് പരിക്കുകള്‍ എങ്ങനെയുണ്ടായി എന്നും മരണകാരണം എന്താണെന്നുമാരായണം.

പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് ഉടനെ തന്നെ തരുന്നവരുണ്ട്. രണ്ടുദിവസം താമസിപ്പിക്കുന്നവരുമുണ്ട്. ഒരന്വേഷണോദ്യോഗസ്ഥന്‍ പ്രേതവിചാരണ (ഇന്‍ക്വസ്റ്റ്) കഴിഞ്ഞാല്‍ രണ്ടാമതായി നിര്‍ബന്ധമായും ചെയ്യേണ്ടത് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറെക്കണ്ട് മൊഴിയെടുക്കുക എന്നുള്ളതാണ്. മരണത്തില്‍ പീഡനം വെളിവായാല്‍ ഉടനെ ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് അന്വേഷണം തുടരണം. ഇതോടെ കേസിന്റെ സ്വഭാവം മാറുന്നു. ചിലപ്പോള്‍ പോക്‌സോ വകുപ്പുകള്‍ ആയിരിക്കും, ചിലപ്പോള്‍ കൊലപാതക വകുപ്പുകളായിരിക്കും.

വാളയാറില്‍ നടന്ന ആദ്യത്തെ മരണത്തിലും രണ്ടാമത്തെ മരണത്തിലും അന്വേഷണോദ്യോഗസ്ഥന്‍ പോസ്റ്റ്‌മോര്‍ട്ടം തെളിവുകള്‍ പിന്തുടരാന്‍ ശുഷ്‌കാന്തി കാണിച്ചില്ല. അത്യന്തം ഗുരുതരമായ ഒരു കൃത്യവിലോപമാണിത്. അത് യാദൃച്ഛികമാണോ മനപ്പൂര്‍വമാണോ എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതാണ്.

മിഷേലിനുശേഷം ഉണ്ടായ കുണ്ടറ സംഭവം പരിശോധിക്കാം. അവിടെ മരണപ്പെട്ടത് ഒരു കൊച്ചുകുട്ടിയാണ്. ആത്മഹത്യ ചെയ്യുകയായിരുന്നു. കൈപ്പടയില്‍ ഒരു കത്തെഴുതി വച്ചിരുന്നു. ഇവിടെയും നേരത്തേ പറഞ്ഞ നടപടിക്രമം നിഷ്‌കര്‍ഷയോടെ പാലിച്ചിരുന്നെങ്കില്‍ ഇന്‍ക്വസ്റ്റ് നടത്തുമ്പോള്‍ തന്നെ പീഡനം സംശയിക്കേണ്ടിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറെ കണ്ടിരുന്നെങ്കില്‍ കേസ് ഗൗരവമുള്ളതാണെന്ന് ആദ്യത്തെ രണ്ടുദിവസത്തിനുള്ളില്‍ മനസ്സിലാവുമായിരുന്നു.

കുണ്ടറ പോലിസ് സ്‌റ്റേഷനിലെ എസ്‌ഐ റഷീദും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിബുവും ആണ് ഈ കേസ് കൈകാര്യം ചെയ്തത്. ഒരാള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആവുന്നത് ചുരുങ്ങിയത്    ഏഴെട്ടുവര്‍ഷം സബ് ഇന്‍സ്‌പെക്ടറായതിനുശേഷമാണ്. ആ എട്ടു വര്‍ഷത്തിനിടയ്ക്ക് അയാള്‍ക്ക് വിവിധ തരത്തിലുള്ള കേസുകള്‍ അന്വേഷിക്കാന്‍ അവസരം ലഭിച്ചിരിക്കും. അപ്പോള്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ലവലില്‍ എത്തുമ്പോള്‍ നല്ല പ്രവൃത്തിപരിചയം സിദ്ധിച്ചിരിക്കും. അതുകൊണ്ട് ഇതു മനസ്സിലാവാഞ്ഞിട്ടല്ല ഇങ്ങനെ സംഭവിച്ചത്. മനപ്പൂര്‍വം സംഭവിച്ചതായിരിക്കാനാണു സാധ്യത.

ഇവരെപ്പറ്റി ഇത്തരത്തില്‍ ഒരു നിഗമനത്തിലെത്താന്‍ കാരണമുണ്ട്. ഈ സംഭവത്തിന് ഒരു മാസം മുമ്പ് ഷാജി എന്നയാളുടെ മരണം കുണ്ടറ പോലിസില്‍ റിപോര്‍ട്ട് ചെയ്തു. തൂങ്ങിമരണമായിരുന്നു. ഈ ടീം തന്നെയാണ് അന്വേഷണം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ മരണകാരണം എഴുതിയിരിക്കുന്നത് ശ്വാസം മുട്ടിച്ചു എന്നാണ്. പരിചയസമ്പന്നനായ അന്വേഷണോദ്യോഗസ്ഥന്‍, സംശയകരമായ മരണം എന്ന നിലയില്‍ കേസിന്റെ അന്വേഷണം മുന്നോട്ടു കൊണ്ടുപോവാമായിരുന്നു. പക്ഷേ, ഇവര്‍ അതൊന്നും ചെയ്യാതെ അസ്വാഭാവിക മരണം എന്നുള്ള നിലയില്‍ കേസവസാനിപ്പിക്കുകയായിരുന്നു. ഇത് കൃത്യവിലോപമോ അതോ മനപ്പൂര്‍വമോ?

ഇതൊക്കെ പലപ്പോഴായി പലയിടങ്ങളില്‍ സംഭവിച്ചതാണെങ്കിലും ഇത് പോലിസ് ഡിപാര്‍ട്ട്‌മെന്റിനു ബാധിച്ചിരിക്കുന്ന മാരകമായ ഒരു രോഗത്തിന്റെ ലക്ഷണമായിട്ടുവേണം കരുതാന്‍. അങ്ങനെ പറയാന്‍ പല കാരണങ്ങളുമുണ്ട്. ഉദാഹരണമായി കൊല്ലം റൂറല്‍ എസ് പി സുരേന്ദ്രന്റെ ഒരു പ്രസ്താവന നോക്കൂ. കുണ്ടറയിലെ ഡിവൈഎസ്പി തനിക്ക് ഗ്രേവ് ക്രൈം റിപോര്‍ട്ടയച്ചില്ല എന്നതാണ്.

ചില കുറ്റകൃത്യങ്ങള്‍ ഗൗരവമുള്ള കുറ്റങ്ങളായി, ഡിപാര്‍ട്ട്‌മെന്റ് വ്യാഖ്യാനിക്കുകയും അത്തരം കേസുകളില്‍ ഉടന്‍ സ്ഥലം സന്ദര്‍ശിച്ച്് ബന്ധപ്പെട്ട സബ് ഡിവിഷനല്‍ പോലിസ് ഓഫിസര്‍ റിപോര്‍ട്ട് മേലധികാരികള്‍ക്കയക്കണമെന്നു പോലിസ് മാനുവല്‍ അനുശാസിക്കുന്നുണ്ട്. അത് കുണ്ടറക്കേസില്‍ നടന്നില്ലെന്നാണ് എസ്പി വിലപിക്കുന്നത്.

എസ്‌ഐ തലത്തിലോ സിഐ തലത്തിലോ കേസുകള്‍ ഒതുങ്ങി തീരാതിരിക്കത്തക്കവണ്ണം പോലിസ് നടപടികള്‍ ക്രമീകരിച്ചിട്ടുണ്ട്. അതുപ്രകാരം ഓരോ ദിവസത്തെ കേസന്വേഷണത്തിന്റെ ഡയറി മേലധികാരികള്‍ക്കെത്തിക്കണമെന്നുണ്ട്. അതു പരിശോധിച്ച് നേരായ മാര്‍ഗത്തില്‍ അന്വേഷണത്തെ നയിക്കാന്‍ മേലുദ്യോഗസ്ഥര്‍ക്കു കഴിയും. ഈ കൃത്യവിലോപങ്ങള്‍ ആകെ പരിശോധിച്ചാല്‍ നമുക്കു മനസ്സിലാവുന്ന വസ്തുത ഡിപാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനരീതിയില്‍ വളരെയധികം അയവു സംഭവിച്ചിട്ടുണ്ട്. മേല്‍നോട്ടരീതികള്‍ കാറ്റില്‍ പറത്തിയിട്ടുണ്ട്.

അതു പോലിസിന്റെ പരാജയമാണ്. ഇതു ഞാന്‍ കണ്ടുപിടിച്ച ഒരു വസ്തുതയല്ല. ബഹുമാനപ്പട്ട ഹൈക്കോടതിയും ഇതു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നെഹ്‌റു ഗ്രൂപ്പ് കോളജുകളുടെ ചെയര്‍മാനായ കൃഷ്ണദാസിന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നടത്തിയ പരാമര്‍ശം ഇങ്ങനെ: ”പോലിസിന്റെ നടപടിക്രമങ്ങളില്‍ കാര്യമായ വീഴ്ചയുണ്ടെന്നു വിലയിരുത്തിയാണ് കോടതി നടപടി. അറസ്റ്റിനുള്ള മതിയായ കാരണങ്ങള്‍ കേസ് ഡയറിയില്‍ കാണുന്നില്ലെന്നു കുറ്റപ്പെടുത്തി.” (മലയാള മനോരമ, 24.3.2017)

സിസ്റ്റമിക് ഫെയ്‌ലിയര്‍ ആണ് സംഭവിച്ചുകൊണ്ടിരുന്നത്. ആരും അവരവരുടെ പണി നേരാംവണ്ണം ചെയ്യുന്നില്ല. ചെയ്യിക്കാനൊട്ട് ആരും മിനക്കെടുന്നുമില്ല. ഉദ്യോഗസ്ഥന്‍മാരെ തോന്നിയതു ചെയ്യാന്‍ അഴിച്ചുവിട്ടിരിക്കുകയാണെന്നു പറയേണ്ടിവരും. സിസ്റ്റം ടൈറ്റാക്കണം. ആ സന്ദേശമാണ് ഈ സംഭവങ്ങള്‍ വെളിവാക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss