|    Dec 13 Thu, 2018 9:50 am
FLASH NEWS

സിവില്‍ സര്‍വീസ് ലോ അക്കാദമിയുടെ അനുമതി കാത്ത് എം ഇ അലിയാര്‍

Published : 30th April 2018 | Posted By: kasim kzm

നെടുമ്പാശ്ശേരി: മൂന്ന് പതിറ്റാണ്ട് നീളുന്ന സര്‍വീസിനിടയില്‍ എം ഇ അലിയാര്‍ സാമ്പാദിച്ചത്  14 ബിരുദാനന്തര ബിരുദങ്ങള്‍. ഒപ്പം മറ്റ് പല ഡിപ്ലോമകളും. അതിനേക്കാളുപരി നിയമരംഗത്തും കോടതി വ്യവഹാരരംഗത്തും ഉപകാരപ്പെടുന്ന റഫറന്‍സ് ഗ്രന്ഥങ്ങളുടെ രചയിതാവു കൂടിയാണ് അദ്ദേഹം. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ ശിരസ്തദാറായി എം ഇ അലിയാര്‍ വിരമിക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കും നിയമരംഗത്തുള്ളവര്‍ക്കും അരികത്തു നിന്നും നഷ്ടപ്പെടുന്നത് എന്തുകാര്യത്തിനും പരിഹാരം കാണുന്ന പരിണത പ്രജ്ഞനായ ഒരാളെക്കൂടിയാണ്.
പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സ് ജീവനക്കാരായിരുന്ന പെരുമ്പാവൂര്‍ സൗത്ത് വല്ലം മുക്കട വീട്ടില്‍ ഇബ്രാഹിമിന്റെയും ഫാത്തിമ ബീവിയുടെയും മകനാണ് എം ഇ അലിയാര്‍. 1987 ല്‍ കൊച്ചി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എല്‍ഡി ക്ലര്‍ക്കായിട്ടായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അക്കാലത്തുത്തന്നെ നിയമ ബിരുദം പൂര്‍ത്തിയാക്കി. പിന്നീട് ക്രൈം, ലോ ഓഫ് കോണ്‍ട്രാക്റ്റ്, കോണ്‍സ്റ്റിറ്റിയൂഷനല്‍ ലോ, മാരിടൈം ലോ, സൈബര്‍ ലോ എന്നീ വിഷയങ്ങളില്‍ നിയമ ബിരുദാനന്തര ബിരുദം നേടി. ഇതില്‍ ക്രിമിനല്‍ ലോയില്‍ രണ്ടാം റാങ്കും മാരിടൈം ലോയില്‍ മൂന്നാം റാങ്കും നേടി. കൂടാതെ മാസ്റ്റര്‍ ഓഫ് ബിസിനസ് ലോയും  ഇക്കണോമിക്‌സ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ക്രിമിനോളജി, പോലിസ് അഡ്മിനിസ്‌ട്രേഷന്‍, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ എംഎയും എംഎസ്‌സി, എംബിഎ, എംജി സര്‍വകലാശാലയില്‍ നിന്ന് ഫാമിലി കൗണ്‍സിലിങ്ങില്‍ പിജി ഡിപ്ലോമ, ഇന്‍ഡസ്ട്രിയല്‍ മാനേജ്‌മെന്റ് ഡിപ്ലോമ, ഇഗ്‌നോയില്‍ നിന്ന് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ലോയില്‍ ഡിപ്ലോമ, കുവൈത്ത് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് കമ്യൂണിക്കേറ്റീവ് അറബിക്കില്‍ ഡിപ്ലോമ എന്നിവയും ഇടക്ക് സര്‍വീസില്‍നിന്ന് ലീവെടുത്ത് കുവൈത്ത് എയര്‍വേസിലും ജോലി ചെയ്ത അനുഭവവും അദ്ദേഹത്തിനുണ്ട്. ആലപ്പുഴ, രാമങ്കരി, പറവൂര്‍ മജിസ്‌ട്രേറ്റ് കോടതികളിലായിരുന്നു ഇദ്ദേഹം അഞ്ച് വര്‍ഷം താല്‍ക്കാലിക മജിസ്‌ട്രേറ്റായി സേവനമനുഷ്ടിച്ചത്. ഇതിനിടെ, സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി ലോ സ്‌കൂളുകളില്‍ വിസിറ്റി ഫാക്കല്‍റ്റിയായി ക്ലാസെടുത്തു. അടുത്തിടെ ഇദ്ദേഹം നിയമ രംഗത്ത് റഫറന്‍സിന് സഹായകമാവുന്ന കേരള ക്രിമിനല്‍ റൂള്‍സ് ഓഫ് പ്രാക്ടീസ്, ലോ ഓഫ് കോണ്‍ട്രാക്റ്റ്, ലോ ഓഫ് എവിഡന്‍സ് തുടങ്ങിയ പുസ്തകങ്ങളുടെ രചനയും നിര്‍വഹിച്ചു. മാരിടൈം ലോയുമായി സംബന്ധമായ പുസ്തകം ഉടനെ പ്രകാശനം ചെയ്യും.
കൂവപ്പടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപികയായ സുഹറാ ബീവിയാണ് ഭാര്യ. മൂത്തമകന്‍ ആസിഫ് ദല്‍ഹി എന്‍ഐടിയില്‍ എംബിഎ വിദ്യാര്‍ഥിയും ഇളയമകന്‍ ആദില്‍  കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജില്‍ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ഥിയുമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി സൗജന്യ മുന്‍സിഫ് മജിസ്‌ട്രേറ്റ് പരിശീലനം നല്‍കുന്ന ഇദ്ദേഹത്തിന്റെ ശിഷ്യരില്‍ നിരവധിപേര്‍ ജുഡീഷ്യല്‍ സര്‍വീസില്‍ കയറിയിട്ടുണ്ട്. സര്‍വീസില്‍ നിന്നും വിരമിച്ചാലും വെറുതെയിരിക്കാനല്ല അദ്ദേഹത്തിന്റെ ആഗ്രഹം. വഖഫ് ബോര്‍ഡിന് കീഴില്‍ കേരളത്തില്‍ സിവില്‍ സര്‍വീസ് ലോ അക്കാദമി സ്ഥാപിക്കുകയാണ് ആഗ്രഹം. ഇതിനായി പ്രോജക്റ്റ് റിപോര്‍ട്ട് വഖഫ് ബോര്‍ഡിന് സമര്‍പ്പിച്ച് അനുമതിക്കായി കാത്തിരിക്കുകയാണ് എം ഇ അലിയാര്‍. കേരള ക്രിമിനല്‍ ജൂഡിഷ്യല്‍ സ്റ്റാഫ് അസോസിയേഷന്‍ എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിരസ്തദാര്‍ എം ഇ അലിയാറിന് യാത്രയപ്പ് നല്‍കി. എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജ് ഡോക്ടര്‍ കൗസര്‍ എടപ്പനത്ത് യാത്രയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് ഭാരതി മുഖ്യാതിഥിയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss