|    Apr 27 Thu, 2017 6:52 am
FLASH NEWS

സിവില്‍സ്റ്റേഷന്‍ പരിസരം സാമൂഹിക വിരുദ്ധരുടെ താവളമാവുന്നു

Published : 7th November 2016 | Posted By: SMR

പാലക്കാട്:  ജില്ലയുടെ ഭരണ സിരാകേന്ദ്രമായ സിവില്‍ സ്റ്റേഷന്‍ പരിസരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും മോഷണങ്ങളുടെയും കേന്ദ്രമാകുന്നു. രാത്രിയിലാണ് സാമൂഹ്യ വിരുദ്ധര്‍ ഇവിടങ്ങളില്‍ തമ്പടിച്ചിരിക്കുന്നത്.
ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും കോടതിയും ഉള്‍പ്പെടുന്ന സിവില്‍സ്റ്റേഷന്‍ പരിസരത്താണെങ്കില്‍ വെളിച്ചമില്ലാത്ത അവസ്ഥയും. ഇതുവഴി സ്‌കൂട്ടറില്‍  യാത്ര ചെയ്ത വനിത സിവില്‍ പോലിസ് ഓഫിസറുടെ അഞ്ചുപവന്റെ  മാല ബൈക്കിലെത്തിയ സംഘം കഴിഞ്ഞ ദിവസം  കവര്‍ന്നതാണ്.
വെളിച്ചക്കുറവുമൂലം മോഷ്ടാക്കളെ തിരിച്ചറിയാനായില്ല. ഇവിടെ വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും മരത്തിന്റെ കൊമ്പുകളും ചില്ലകളും വളര്‍ന്നു മറഞ്ഞിരിക്കയാണ്. കൂടൂതല്‍ വെളിച്ചം നല്‍കുന്ന ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കണമെന്ന യാത്രക്കാരുടെയും സമീപവാസികളുടെയും ആവശ്യം  ജില്ലാ ഭരണകൂടം പരിഗണിച്ചില്ല. പോലിസിന്റെ രാത്രി പട്രോളിങ്ങും ഇവിടെ ഫലപ്രദമല്ലെന്ന് ആരോപണമുണ്ട്. ഓഫിസ് സമയം കഴിയുന്നതോടെ ഏഴുമണി കഴിഞ്ഞാല്‍ ഇതുവഴി ബസ് സര്‍വീസുണ്ടാകില്ല.
രാത്രി ജോലി കഴിഞ്ഞിറങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് ബസ് കയറണമെങ്കില്‍ കോട്ടയ്ക്കു മുമ്പിലുള്ള സ്റ്റോപ്പിലേയ്‌ക്കോ ഐ എംഎ ജങ്ഷനിലേയ്‌ക്കോ പോവേണ്ട അവസ്ഥയാണ്.  ജേ ാലിഭാരം കൂടിയ ദിവസങ്ങളില്‍ ഉദ്യോഗസ്ഥര്‍ രാത്രിയാണ് സിവില്‍ സ്റ്റേഷനില്‍ നിന്നു ജോലി കഴിഞ്ഞിറങ്ങുന്നത്. ഒരു  ഉദ്യോഗസ്ഥനില്‍ നിന്നു മൊബൈല്‍ തട്ടിയെടുക്കാനുള്ള ശ്രമം നേരത്തേ സിവില്‍ സ്റ്റേഷന്‍ പരിസരത്തുണ്ടായതാണ്.
ഫയര്‍‌സ്റ്റേഷനും ഒട്ടേറെ വീടുകളും സിവില്‍സ്റ്റേഷനു പരിസരത്തുണ്ട്. ജഡ്ജിമാരുടെ വസതികള്‍, ജില്ലാ പഞ്ചായത്ത്, ജില്ലാ പബ്ലിക് ലൈബ്രറി, നെഹ്‌റുയുവകേന്ദ്രയുടെ  ഓഫിസ് എന്നിവ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും സിവില്‍സ്റ്റേഷനു സമീപത്താണ് സ്ഥിതി ചെയ്യുന്നത്. വെളിച്ചമില്ലാതായതോടെ ഇവിടെ സാമൂഹിക വിരുദ്ധരുടെ ശല്യവും രൂക്ഷമാണെന്നും സമീപവാസികള്‍ പരാതിപ്പെടുന്നു.
സിവില്‍ സ്റ്റേഷനില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍സിവില്‍ സ്റ്റേഷനു മുന്നില്‍ ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കാനോ നിലവിലെ തെരുവുവിളക്കുകള്‍ പ്രവര്‍ത്തന ക്ഷമമാക്കാനോ  ഭരണകൂടം അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന ജനകീയാവശ്യം ശക്തമാവുകയാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day