|    Nov 22 Thu, 2018 1:23 am
FLASH NEWS
Home   >  Sports  >  Football  >  

സിറ്റി എന്നും സ്റ്റാറാ, ലിവര്‍പൂളിനും ജയം

Published : 2nd November 2017 | Posted By: ev sports

നാപ്പിള്‍സ്: പെപ് ഗാര്‍ഡിയോളയുടെ സിറ്റി പടയുടെ തേരോട്ടത്തെ തടഞ്ഞിടാന്‍ നാപ്പോളിക്കും സാധിക്കാതെ വന്നതോടെ ഗംഭീര ജയവും പോക്കറ്റിലാക്കി സിറ്റി ചാംപ്യന്‍സ് ലീഗിന്റെ അവസാന 16ല്‍ കടന്നു. നാപ്പോളിയെ അവരുടെ തട്ടകത്തില്‍ രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി വീഴ്ത്തിയത്. 1-1 തുല്യത പുലര്‍ത്തിയ ആദ്യ പകുതിക്ക് ശേഷമാണ് സിറ്റി ജയം പിടിച്ചെടുത്തത്.ഗ്രൂപ്പ് എഫിലെ പോരിനിറങ്ങിയ സിറ്റിയെ 4-2-3-1 എന്ന ശൈലിയില്‍ പെപ് ഗാര്‍ഡിയോള അണിനിരത്തിയപ്പോള്‍ 4-1-2-3  ശൈലിയിലാണ് മൗറീസോ സാറി നാപ്പോളിയെ ഇറക്കിയത്. ഇറ്റലിയുടെ ആക്രമണ കളിശൈലിയെ തുടക്കം മുതലേ പുറത്തെടുത്ത നാപ്പോളി തന്നെയാണ് മല്‍സരത്തിലെ ആദ്യ ഗോളും നേടിയത്. 21ാം മിനിറ്റില്‍ ഡ്രൈ മെര്‍ട്ടന്‍സിന്റെ അസിസ്റ്റില്‍ ഇന്‍സൈനാണ് നാപ്പോളിയെ മുന്നിലെത്തിച്ചത്. ഗോള്‍ വഴക്കത്തോടെ സടകുടഞ്ഞെഴുന്നേറ്റ സിറ്റിയുടെ ചുണക്കുട്ടികള്‍ 34ാം മിനിറ്റില്‍ ഗോള്‍മടക്കി. ഗുണ്ടോകന്റെ പാസിനെ തകര്‍പ്പന്‍ ഹെഡ്ഡിലൂടെ വലയിലെത്തിച്ചാണ് നിക്കോളാസ് ഒറ്റമെന്‍ഡി സിറ്റിക്ക് സമനില ഗോള്‍ സമ്മാനിച്ചത്. ഒന്നാം പകുതിയില്‍ 12 തവണ സിറ്റി നാപ്പോളി ഗോള്‍മുഖത്തേക്ക് പന്തെത്തിച്ചെങ്കിലും 1-1 തുല്യതയോടെ ആദ്യ പകുതി പിരിയേണ്ടി വന്നു.രണ്ടാം പകുതിയില്‍ സിറ്റിയുടെ കാല്‍പന്ത്‌വീര്യം നാപ്പോളി നിര നന്നായി അറിഞ്ഞു. മിന്നല്‍ പാസുകളും ഇടിമിന്നല്‍ ഷോട്ടുകളുമായി സിറ്റിയുടെ പടയാളികള്‍ കളം നിറഞ്ഞതോടെ മൂന്ന് വട്ടംകൂടി നാപ്പോളി പോസ്റ്റില്‍ പന്ത് കയറി. 48ാം മിനിറ്റില്‍ ലിറോയ് സേയ്ന്റിന്റെ അസിസ്റ്റിനെ ലക്ഷ്യത്തിലെത്തിച്ച് ജോണ്‍ സ്‌റ്റോണിസാണ് സിറ്റിക്ക് ലീഡ് സമ്മാനിച്ചത്. എന്നാല്‍ 62ാം മിനിറ്റില്‍ വീണുകിട്ടിയ പെനല്‍റ്റിയെ ജോര്‍ജീഞ്ഞോ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ നാപ്പോളി സിറ്റിയെ സമനിലയില്‍ പിടിച്ചു. എന്നാല്‍ നാപ്പോളിയുടെ സമനിലയാശ്വാസത്തെ ഏഴ് മിനിറ്റിനകം തകര്‍ത്ത് സിറ്റി വീണ്ടും മുന്നിലെത്തി. മധ്യനിരയില്‍ നിന്ന് നടത്തിയ മികച്ച മുന്നേറ്റത്തെ മിന്നല്‍ ഷോട്ടിലൂടെ സെര്‍ജിയോ അഗ്യൂറോ പോസ്റ്റിന്റെ ഇടത് മൂലയിലെത്തിച്ചു. സിറ്റി 3-2ന് മുന്നില്‍. പിന്നീടുള്ള മിനിറ്റുകളില്‍ സമനിലയ്ക്കായി നാപ്പോളി നിര വിയര്‍ത്തൊലിച്ചെങ്കിലും സിറ്റിയുടെ പ്രതിരോധത്തെ ഭേദിക്കാനായില്ല. ഇഞ്ചുറി ടൈമില്‍ ഡി ബ്രൂയിന്റെ അസിസ്റ്റിനെ റഹീം സ്‌റ്റെര്‍ലിങും വലയിലെത്തിച്ചതോടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ 4-2ന്റെ തോല്‍വിയോടെ നാപ്പോളിക്ക് ബൂട്ടഴിക്കേണ്ടി വന്നു.

ചെമ്പടയ്ക്കും വിജയാരവം

ആന്‍ഫീല്‍ഡ്:  ഗ്രൂപ്പ് ഇ യില്‍ തോല്‍വിയറിയാതെ കുതിച്ചുപായുന്ന ലിവര്‍പൂളിനെ തടയിടാന്‍  തുനിഞ്ഞിറങ്ങിയ സ്ലൊവാനിയന്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്‍ മാരിബോറിനെ ഇംഗ്ലീഷ് പട 3-0 ന് തൂത്തെറിഞ്ഞു. തൊട്ടു മുമ്പ് ഇരുവരും ചാംപ്യന്‍സ് ട്രോഫിയില്‍ ഏറ്റുമുട്ടിയപ്പാള്‍ 7-0 ന് അടിയറവ് പറഞ്ഞ മാരിബോറിന് ഗോളിന്റെ എണ്ണം കുറച്ചത് മാത്രമാണാശ്വാസമായത്. കളി തുടങ്ങി ഒന്നാം പകുതിയില്‍ ഗോള്‍ ഒഴിഞ്ഞു നിന്നു. രണ്ടാം പകുതിയിലെ 49ാം മിനിറ്റില്‍ മുഹമ്മദ് സാലഹ് എതിര്‍ വല കുലുക്കി ആദ്യ ഗോള്‍ ലിവര്‍പൂളിന്റെ അക്കൗണ്ടിലിട്ടു. 53 ാം മിനിറ്റില്‍ ലിവര്‍പൂളിന് അനുകൂലമായി ലഭിച്ച പെനല്‍റ്റി ഇംഗ്ലണ്ട് ഡിഫന്‍ഡര്‍ ജെയിംസ് മില്‍നര്‍ ഷോട്ടെടുത്തുപ്പോള്‍ മാരിബോര്‍ കീപ്പര്‍ ജാസ്മിന്‍ ഹാന്‍ഡനോവിച്ച് ഉഗ്രന്‍ സേവോടെ ലിവര്‍പൂളിന് നിരാശ സമ്മാനിച്ചു. എങ്കിലും 64 ാം മിനിറ്റില്‍ നേരത്തെ ഗോളവസരം പാഴാക്കിയ ജെയിംസ് മില്‍നര്‍ നല്‍കിയ പാസില്‍ എംറെ കാന്‍ ലിവര്‍പൂളിന്റെ രണ്ടാം ഗോളും നേടി. മല്‍സരാവസാനം 90ാം മിനിറ്റില്‍ ആല്‍വര്‍ട്ടോ മൊറീനോ പോസ്റ്റിന്റെ വലതു വശത്ത് നിന്ന് നല്‍കിയ പാസ്് പിടിച്ചെടുത്ത ഡാനിയര്‍ സ്റ്ററിഡ്ജ് പോസ്റ്റിന്റെ നടുവിലേക്ക് തൊടുത്ത ഷോട്ട് ഗോളിയേയും കടന്ന് വലയിലേക്ക്. ഗോള്‍ 3-0. ജയത്തോടെ ലിവര്‍പൂള്‍ ഗ്രൂപ്പ് ഇ യില്‍ നാലു മല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയവും രണ്ട് സമനിലയുമായി എട്ട് പോയിന്റുമായി തലപ്പത്തുണ്ട്. അതേസമയം, തുല്യ കളികളോടെ മാരിബോര്‍ അവസാന സ്ഥാനത്താണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss