|    Jan 23 Mon, 2017 10:33 pm

സിറ്റിങില്‍ നാടകീയ രംഗങ്ങള്‍; സംഘടനാ നേതാവും ചെയര്‍മാനും ഏറ്റുമുട്ടി

Published : 28th July 2016 | Posted By: SMR

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ സിറ്റിങില്‍ പങ്കെടുത്ത ഇടത് സംഘടനയായ കെഎസ്ഇബിഒ സെക്രട്ടറി എം ജി സുരേഷ്‌കുമാറും ചെയര്‍മാന്‍ ടി എം മനോഹരനും തമ്മില്‍ വാക്കേറ്റം.
താരിഫ് തര്‍ക്കം നിലനില്‍ക്കുന്നതായും അതിനാല്‍ റഗുലേറ്ററി കമ്മീഷന്‍ അവതരിപ്പിച്ച വരവ് ചെലവു കണക്ക് അംഗീകരിക്കുന്നില്ലെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു. വരവ് ചെലവ് കണക്കുമായി റഗുലേറ്ററി കമ്മീഷന്‍ ഏകപക്ഷീയമായി മുന്നോട്ടുപോവുന്നതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ വൈദ്യുതി ഉപയോഗവുമായി താരതമ്യപ്പെടുത്തുന്നതിനേയും അറ്റകുറ്റപ്പണി ചെലവു കണക്കാക്കിയതിനേയും രൂക്ഷമായി എതിര്‍ത്തു.
ഇത്തരത്തിലുള്ള അവതരണം കേള്‍ക്കാന്‍ തയാറല്ലെന്നും തെളിവെടുപ്പു നിര്‍ത്തുന്നതായും ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍, സുരേഷ്‌കുമാര്‍ നിര്‍ത്താന്‍ തയ്യാറായില്ല. പറയാനുള്ളത് പറഞ്ഞു തീര്‍ത്തിട്ടേ പോവൂ എന്ന നിലപാടെടുത്തു. ഇതിനിടെ ഹിയറിങില്‍ പങ്കെടുക്കാനെത്തിയവര്‍ ഇടപെട്ടു.
ഹിയറിങില്‍ ഓരോ വ്യക്തിയും പാലിക്കേണ്ട കാര്യങ്ങളുണ്ടെന്നും ഇത്തരത്തിലുള്ള പ്രസംഗം പറ്റില്ലെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. റഗുലേറ്ററി കമ്മീഷന്‍ കോടതിയല്ല. എന്നാല്‍, കോടതിപോലെ പ്രവര്‍ത്തിക്കുന്ന സംവിധാനമാണെന്ന് മറക്കരുത്. പരിധി ലംഘിച്ചാല്‍ നിയന്ത്രിക്കാന്‍ കമ്മീഷന് ബാധ്യതയുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. കമ്മീഷനംഗം എസ് വേണുഗോപാലും ഇടപെട്ടതോടെ രണ്ടു മിനിറ്റില്‍ ബാക്കികാര്യം അവതരിപ്പിച്ച് സുരേഷ്‌കുമാര്‍ അവസാനിപ്പിച്ചു. പിന്നീടാണ് വൈദ്യുതി ബോര്‍ഡ് പ്രതിനിധി വരവു ചെലവ് കണക്ക് അവതരിപ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക