|    Apr 27 Fri, 2018 12:09 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

സിറ്റിക്ക് ക്വാര്‍ട്ടര്‍ കൈയെത്തുംദൂരത്ത്

Published : 26th February 2016 | Posted By: SMR

കീവ്/ആംസ്റ്റര്‍ഡാം: ഇംഗ്ലീഷ് ഫുട്‌ബോളിലെ ഗ്ലാമര്‍ ടീം മാഞ്ചസ്റ്റര്‍ സിറ്റി യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിന് കൈയെത്തുംദൂരത്തെത്തി. ഉക്രെയ്ന്‍ ചാംപ്യന്മാരായ ഡയ നാമോ കീവിനെ അവരുടെ മൈതാനത്ത് സിറ്റി 3-1ന് തരിപ്പണമാക്കുകയായിരുന്നു. ടൂര്‍ണമെ ന്റിന്റെ ചരിത്രത്തില്‍ ഇതുവരെ സിറ്റിക്കു ക്വാര്‍ട്ടറിലെത്താനായിട്ടില്ല,
മറ്റൊരു മല്‍സരത്തില്‍ സ്പാനിഷ് ടീം അത്‌ലറ്റികോ മാഡ്രിഡും ഹോളണ്ടില്‍ നിന്നുള്ള പിഎസ്‌വി ഐന്തോവനും ഗോ ള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
ഡയനാമോയ്‌ക്കെതിരായ ആധികാരിക വിജയത്തോടെ സിറ്റി ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഏറക്കുറെ ഉറപ്പാക്കിക്കഴിഞ്ഞു. അടുത്ത മാസം ഹോംഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന രണ്ടാംപാദത്തി ല്‍ മൂന്നു ഗോള്‍ മാര്‍ജിനില്‍ തോറ്റാല്‍ മാത്രമേ സിറ്റിക്ക് ക്വാര്‍ട്ടര്‍ നഷ്ടമാവുകയുള്ളൂ.
കളംനിറഞ്ഞ് സിറ്റി
കഴിഞ്ഞയാഴ്ച നടന്ന എഫ്എ കപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ ചെ ല്‍സിക്കു മുന്നില്‍ 1-5നു തകര്‍ന്നടിഞ്ഞ സിറ്റിയെയല്ല കഴിഞ്ഞ ദിവസം ഉക്രെയ്‌നില്‍ കണ്ടത്. ചെല്‍സിക്കെതിരേ യുവതാരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയുള്ള ടീമിനെയാണ് കോച്ച് മാന്വല്‍ പെല്ലെഗ്രിനി പരീക്ഷിച്ചതെങ്കില്‍ ഏറ്റവും മികച്ച ടീമിനെയാണ് അദ്ദേഹം ഡയനാമോയ്‌ക്കെതിരേ അണിനിരത്തിയത്.
മല്‍സരത്തിന്റെ തുടക്കം മുതല്‍ എതിരാളികള്‍ക്കുമേല്‍ കത്തിക്കയറിയ സിറ്റി അര്‍ഹിച്ച ജയം കൂടിയാണ് പിടിച്ചെടുത്തത്. സെര്‍ജിയോ അഗ്വേറോ (15ാം മിനിറ്റ്), ഡേവിഡ് സില്‍വ (40), യായാ ടൂറെ (90) എന്നിവരാണ് സിറ്റിക്കുവേണ്ടി നിറയൊഴിച്ചത്. ഡയനാമോയുടെ ആശ്വാസഗോള്‍ 59ാം മിനിറ്റില്‍ വിതാലി ബുയല്‍സ്‌കിയുടെ വകയായിരുന്നു.
15ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്നായിരുന്നു സിറ്റിയുടെ ആ ദ്യഗോള്‍. ഇടതുമൂലയില്‍ നിന്നുള്ള സില്‍വയുടെ കോര്‍ണര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ഡയനാമോയ്ക്കു പിഴച്ചപ്പോള്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന അഗ്വേറോ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ലക്ഷ്യം കണ്ടു.
40ാം മിനിറ്റിലെ രണ്ടാം ഗോളിലും അഗ്വേറോ ടച്ചുണ്ടായിരുന്നു. ബോക്‌സിനുള്ളില്‍ വച്ച് ലോങ്‌ബോള്‍ സ്വീകരിച്ച അഗ്വേറോ സഹതാരം റഹീം സ്റ്റര്‍ലിങിനു മറിച്ചുനല്‍കി. ഇടതുമൂലയില്‍ നിന്നു സ്റ്റര്‍ലിങ് ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് സില്‍വ അനായാസം വലയ്ക്കുള്ളിലേക്ക് അടിച്ചുകയറ്റി.
രണ്ടാംപകുതിയില്‍ ഡയ നാമോ പ്രകടനം മെച്ചപ്പെടുത്തുന്നകതാണ് കണ്ടത്. 59ാം മിനിറ്റില്‍ ബുയല്‍സ്‌കി അവരുടെ ഗോള്‍ മടക്കി. ബോക്‌സിനു പുറത്തു വച്ച് താരം തൊടുത്ത വലംകാല്‍ ഷോട്ട് സിറ്റി ഡിഫന്റര്‍ ഗെയ്ല്‍ ക്ലിച്ചിയുടെ ശരീരത്തില്‍ തട്ടി ദിശമാറി വലയില്‍ കയറുകയായിരുന്നു.
ഫൈനല്‍ വിസിലിന് മിനിറ്റുകള്‍ ബാക്കിനില്‍ക്കെ ടൂറെ നേടിയ സൂപ്പര്‍ ഗോള്‍ സിറ്റിയുടെ ക്വാര്‍ട്ടര്‍ സാധ്യത കൂടുതല്‍ സജീവമാക്കി. ബോക്‌സിനു പുറത്തു വച്ച് ടൂറെ തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഗോളിക്ക് ഒരു പഴുതും നല്‍കാതെ വലയില്‍ തുളഞ്ഞുകയറുകയായിരുന്നു.
പിഎസ്‌വി കടക്കാനാവാതെ അത്‌ലറ്റികോ
ഹോളണ്ടില്‍ നടന്ന മല്‍സരത്തില്‍ മികച്ച പ്രകടനം നടത്തിയിട്ടും പിഎസ്‌വിക്കെതിരേ ജയിക്കാന്‍ സാധിക്കാതിരുന്നതിന്റെ നിരാശയിലാണ് അത്‌ലറ്റികോ മാഡ്രിഡ്. രണ്ടാംപകുതിയില്‍ അത്‌ലറ്റികോയ്ക്ക് ലീഡ് നേടാന്‍ സുവര്‍ണാവസരം ലഭിച്ചിരുന്നെങ്കിലും ലൂസിയാനോ വിയേറ്റോയുടെ ഷോട്ട് ഗോള്‍ലൈനില്‍ വച്ച് പിഎസ്‌വി താരം ജെഫ്രി ബ്രൂമ ക്ലിയര്‍ ചെയ്യുകയായിരുന്നു.
80ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ഗസ്റ്റന്‍ പെരേരോ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് കളംവിട്ടതിനെത്തുടര്‍ന്ന് 10 പേരുമായാണ് പിഎസ്‌വി പൊരുതിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss