|    May 30 Tue, 2017 7:18 am
FLASH NEWS

സിറോ മലബാര്‍ സഭയുടെ പള്ളികളില്‍ ആഘോഷങ്ങള്‍ക്കും ധൂര്‍ത്തിനും കടിഞ്ഞാണ്‍

Published : 4th September 2016 | Posted By: SMR

കൊച്ചി: സിറോ മലബാര്‍ സഭയുടെ പള്ളികളില്‍ ആഘോഷങ്ങള്‍ക്കും ധൂര്‍ത്തിനും കടിഞ്ഞാണിട്ട് സഭ സിനഡിന്റെ നിര്‍ദേശം. കഴിഞ്ഞ ദിവസങ്ങളിലായി നടന്നു വന്ന സിറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയിലെ നിര്‍ദേശങ്ങള്‍ സഭയുടെ സിനഡ് വിലയിരുത്തി. സഭാപിതാക്കന്‍മാര്‍ പാലിക്കേണ്ട പൊതുവായ ചില പ്രവര്‍ത്തനക്രമങ്ങള്‍ സിനഡ് തീരുമാനിച്ചുകഴിഞ്ഞു.
ശുശ്രൂഷകള്‍ ലാളിത്യപൂര്‍ണവും കുടുംബ കേന്ദ്രീകൃതവുമാക്കാനുമാണ് തീരുമാനം. മെത്രാന്മാരുടെ ഇടവകസന്ദര്‍ശനം ലളിതമാക്കണമെന്നാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്. കുടുംബസമ്മേളനത്തിന്റെ ചൈതന്യത്തിലാവണം അതു നടക്കേണ്ടത്. വിവിധ കര്‍മങ്ങള്‍ക്കായി മെത്രാന്മാര്‍ ഇടവകകളിലേക്കെത്തുമ്പോള്‍ ഫഌക്‌സുകളും ആഘോഷപൂര്‍വകമായ സ്വീകരണങ്ങളും ഒഴിവാക്കണം. സാധാരണ ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന സ്വീകരണരീതികള്‍ ഒഴിവാക്കണമെന്നും സിനഡ് നിര്‍ദേശിച്ചു.
മെത്രാഭിഷേകം, മെത്രാന്മാരുടെ നാമഹേതുക തിരുനാള്‍, ജന്മദിനം, ജൂബിലി എന്നിവ ലളിതമായി മാത്രം നടത്തും. ഇതിനോടനുബന്ധിച്ചു സമ്മാനങ്ങള്‍ ഒഴിവാക്കി പാവപ്പെട്ടവരെ സഹായിക്കുന്നതിന് സാഹചര്യമൊരുക്കണം. മെത്രാന്മാര്‍ യാത്രകളില്‍ കാര്‍ ഷെയറിങ് ഉപയോഗപ്പെടുത്തും. പൊതുവായ കാര്യങ്ങള്‍ക്കായി പോവുമ്പോള്‍ ലാളിത്യത്തിന്റെ ചുവടുപിടിച്ച് മെത്രാന്മാര്‍ ഒരുമിച്ചു യാത്ര ചെയ്യണമെന്നും സിനഡ് തീരുമാനിച്ചു.
ക്രിസ്തുവിന്റെ വഴിയിലൂടെ നടക്കാനും അഹിംസയുടെ മാര്‍ഗം തേടുവാനും തങ്ങളുടെ കഴിവുകളും സമയവും സമൂഹത്തിലെ പാവപ്പെട്ടവരുമായി പങ്കുവയ്ക്കാനും സഭയിലെ മെത്രാന്മാര്‍ പ്രതിജ്ഞാബദ്ധരാണ്. അസംബ്ലി സംബന്ധിച്ചു മേജര്‍ ആര്‍ച്ച് ബിഷപ് സഭയ്ക്കു പൊതുവായി പ്രബോധനരേഖ അയക്കും. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ നടന്ന സിനഡില്‍ 50 മെത്രാന്മാര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day