|    Jan 19 Thu, 2017 10:39 pm
FLASH NEWS

സിറിയ: സഹായവിതരണം പുനരാരംഭിക്കുമെന്ന് യുഎന്‍

Published : 23rd September 2016 | Posted By: SMR

ദമസ്‌കസ്: സിറിയയില്‍ സിവിലിയന്‍മാര്‍ക്കുള്ള സഹായവിതരണം പുനരാരംഭിക്കുമെന്ന് യുഎന്‍. കഴിഞ്ഞദിവസം സിറിയയില്‍ യുഎന്‍ ട്രക്കുകള്‍ക്കുനേരെയുണ്ടായ വ്യോമാക്രമണത്തെത്തുടര്‍ന്നാണ് യുഎന്‍ സഹായവിതരണം നിര്‍ത്തിയത്. ആക്രമണത്തില്‍ 20 യുഎന്‍ സംഘാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.
സഹായവിതരണം പുനരാരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി യുഎന്‍ അറിയിച്ചു. സിറിയയിലെ സംഘര്‍ഷമേഖലകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കുള്ള സഹായവിതരണം ഉടന്‍ പുനരാരംഭിക്കാനാവുമെന്നു കരുതുന്നതായി യുഎന്‍ മനുഷ്യാവകാശ ഏകോപന വിഭാഗം പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം സിറിയ സമാധാനശ്രമങ്ങള്‍ സംബന്ധിച്ച് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും വീണ്ടും കൂടിക്കാഴ്ച നടത്തും. ന്യൂയോര്‍ക്കില്‍ തുടരുന്ന യുഎന്‍ സമ്മേളനത്തോടനുബന്ധിച്ചായിരിക്കും ചര്‍ച്ച. ഹലബിലെ വിമത മേഖലകള്‍ക്കുനേരെ സിറിയന്‍ സര്‍ക്കാര്‍ റഷ്യന്‍ സേനകളുടെ വ്യോമാക്രമണം ശക്തമാവുന്നതിനിടെയാണു ചര്‍ച്ച. 23 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഇന്റര്‍നാഷനല്‍ സിറിയ സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ (ഐഎസ്എസ്ജി) യോഗം ചേരാനും തീരുമാനമായതായി യുഎസ്-റഷ്യ നയതന്ത്രപ്രതിനിധികളെ ഉദ്ധരിച്ച് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
യുഎന്‍ സഹായസംഘത്തിനു നേരെ വ്യോമാക്രമണം നടത്തിയ റഷ്യന്‍ നടപടിയില്‍ യുഎസ് നേരത്തേ പ്രതിഷേധമറിയിച്ചിരുന്നു. എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്ന വാദമായിരുന്നു റഷ്യ മുന്നോട്ടുവച്ചത്. യുഎസ്-റഷ്യ ചര്‍ച്ചകളെത്തുടര്‍ന്ന് സിറിയയില്‍ പ്രാബല്യത്തില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഹലബ് നഗരത്തിന്റെ കിഴക്കന്‍ മേഖലകളില്‍ വ്യോമാക്രമണം തുടരുന്നതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി  ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.
ഹലബിനു പുറമേ ഇദ്‌ലിബ് പ്രവിശ്യയിലും വ്യോമാക്രമണങ്ങള്‍ തുടരുന്നുണ്ട്. ഹലബിലും ഇദ്‌ലിബിലുമായി 30 സിവിലിയന്‍മാരാണു കഴിഞ്ഞദിവസങ്ങളില്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക