|    Jan 19 Thu, 2017 5:52 am
FLASH NEWS

സിറിയ: സംഘര്‍ഷം അവസാനിപ്പിക്കാനുള്ള യുഎസ്-റഷ്യ കരാര്‍ ഉടന്‍

Published : 28th August 2016 | Posted By: SMR

ജനീവ: സിറിയയില്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ധാരണയിലെത്തുന്നതിലേക്ക് യുഎസും റഷ്യയും അടുക്കുന്നതായി റിപോര്‍ട്ട്. കഴിഞ്ഞ ദിവസം യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും സ്വിസ് തലസ്ഥാനമായ ജനീവയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സിറിയന്‍ ആഭ്യന്തര സംഘര്‍ഷങ്ങളുടെ പരിഹാരം സംബന്ധിച്ചു വ്യക്തമായ ധാരണകളുണ്ടായെന്നതിന്റെ സൂചനകള്‍ പുറത്തുവന്നിരുന്നു.
അതേസമയം, വെള്ളിയാഴ്ച നടന്ന 12 മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ സിറിയയിലെ സൈനിക സാന്നിധ്യം സംബന്ധിച്ചോ വെടിനിര്‍ത്തല്‍ സംബന്ധിച്ചോ കരാറുകളിലെത്തുന്നതില്‍ യുഎസും റഷ്യയും പരാജയപ്പെട്ടു. അന്തിമ കരാറില്‍ എത്താനായില്ലെന്നാണ് കെറിയും ലാവ്‌റോവും ജനീവയില്‍ ചര്‍ച്ചയ്ക്കുശേഷം പ്രതികരിച്ചത്. അതേസമയം സിറിയയിലെ സംഘര്‍ഷാവസ്ഥയ്ക്കു വിരാമം കാണുന്നതിനായുള്ള മുന്നോട്ടുള്ള പാത സംബന്ധിച്ച് വ്യക്തത വന്നതായി തനിക്കു പറയാന്‍ കഴിയുമെന്ന് കെറി അഭിപ്രായപ്പെട്ടു.
വെടിനിര്‍ത്തല്‍ കരാറിനെതിരായ സാങ്കേതിക തടസ്സങ്ങളില്‍ ഭൂരിപക്ഷവും പരിഹരിക്കുന്നതില്‍ ധാരണയിലെത്തിയെന്നും എന്നാല്‍ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനായുള്ള സുപ്രധാന നടപടികളെക്കുറിച്ച് യോജിപ്പിലെത്തിയതായി ലാവ്‌റോവും പ്രതികരിച്ചു. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ ഭാവി ചര്‍ച്ചയില്‍ വിഷയമായില്ലെന്ന് ഇരുനേതാക്കളും അറിയിച്ചു. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ഫലപ്രദമായ പരിഹാരമായിരുന്നു പരിഗണനാവിഷയമായത്. സിറിയയില്‍ രാഷ്ട്രീയമാറ്റത്തിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കേണ്ടതിനെക്കുറിച്ചും ആലോചിക്കേണ്ടതാണ്. സിറിയന്‍ സര്‍ക്കാരിന്റെ വെടിനിര്‍ത്തല്‍ ലംഘനങ്ങളും അല്‍ നുസ്‌റ ഫ്രണ്ടിന്റെ സ്വാധീനത്തില്‍ വരുന്ന വളര്‍ച്ചയും സംഘര്‍ഷം അവസാനിപ്പിക്കുന്നതിനു മുന്നില്‍ വെല്ലുവിളിയാവുകയാണെന്നും ജോണ്‍ കെറി അഭിപ്രായപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക