|    Mar 23 Thu, 2017 5:52 pm
FLASH NEWS

സിറിയ: വ്യോമാക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു; ജയ്‌റുദില്‍ രണ്ടു വര്‍ഷത്തിനിടയിലെ ആദ്യ ആക്രമണം 

Published : 4th July 2016 | Posted By: SMR

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനം ദമസ്‌കസിനു സമീപം ജയ്‌റുദില്‍ സിറിയന്‍ സര്‍ക്കാര്‍ സൈന്യം കഴിഞ്ഞ രാത്രി നടത്തിയ വ്യോമാക്രമണങ്ങളില്‍ 43 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടുന്നതായും നിരവധിപേര്‍ക്കു പരിക്കേറ്റതായും സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.

ജയ്‌റുദിലെ വിമതര്‍ക്കു സ്വാധീനമുള്ള മേഖലയിലെ ജനവാസമേഖലകളെയും ഒരു പ്രാഥമികാരോഗ്യ കേന്ദ്രെത്തയും ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളെന്ന് പ്രദേശവാസികളെ ഉദ്ദരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച ജയ്‌റുദില്‍ യുദ്ധവിമാനം ഇടിച്ചിറക്കിയ സിറിയന്‍ വ്യോമസേനാ പൈലറ്റ് വിമതരുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികാര നടപടിയാവാം സിറിയന്‍ സര്‍ക്കാരിന്റെ വ്യോമാക്രമണമെന്ന് വിമത സംഘടനയായ അല്‍ നുസ്‌റ ഫ്രണ്ട് പ്രതികരിച്ചു. പൈലറ്റിനെ കൊലപ്പെടുത്തിയവരെ ശിക്ഷിക്കാതെ വിടില്ലെന്ന് സിറിയന്‍ സൈന്യം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ജയ്‌റുദില്‍ വ്യോമാക്രമണമുണ്ടാവുന്നതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. രണ്ടു വര്‍ഷം മുമ്പ് പ്രാദേശികമായി നടപ്പാക്കിയ വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്നായിരുന്നു ജയ്‌റുദില്‍ ആക്രമണങ്ങള്‍ക്കു താല്‍ക്കാലിക ശമനമുണ്ടായത്. വെടിനിര്‍ത്തലിനെത്തുടര്‍ന്ന് രാജ്യത്തെ സംഘര്‍ഷമേഖലകളില്‍ നിന്നു പലായനം ചെയ്ത ആയിരക്കണക്കിനു സിവിലിയന്‍മാര്‍ പട്ടണത്തില്‍ അഭയം തേടിയിരുന്നു.

(Visited 74 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക