|    Jun 20 Wed, 2018 11:02 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയ: വിമതര്‍ ഐക്യപ്പെടുന്നതില്‍ വന്‍ശക്തികള്‍ക്ക് ആശങ്ക

Published : 12th October 2016 | Posted By: SMR

ബൈറൂത്ത്: സിറിയയില്‍ ബശ്ശാറുല്‍ അസദിന്റെ ഏകാധിപത്യത്തിനെതിരേ പോരാടുന്ന വിമത വിഭാഗങ്ങള്‍ ഐക്യപ്പെടുന്നതില്‍ റഷ്യക്കും യുഎസിനും ആശങ്ക. ഹലബില്‍ രണ്ടാഴ്ചയായി റഷ്യ നിഷ്ഠൂരമായ ബോംബാക്രമണം നടത്തുമ്പോള്‍ യുഎസ് മറ്റു ചിലയിടങ്ങളില്‍ സ്വാതന്ത്ര്യസമര ഭടന്മാരെയാണ് ഉന്നംവയ്ക്കുന്നത്. ഇസ്‌ലാമിക രാഷ്ട്രീയം മേഖലയില്‍ സ്വാധീനമുറപ്പിക്കുന്നതാണ് ഇരുകൂട്ടരെയും ആശങ്കയിലാക്കുന്നത്.
ഐഎസിന്റെ ശക്തി അനുദിനം ദുര്‍ബലമാവുന്ന സാഹചര്യത്തില്‍ ജബ്ഹുത്തുന്നുസ്‌റയും മറ്റു പോരാളി വിഭാഗങ്ങളും മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നത് അന്തിമമായി മറ്റു ഏകാധിപത്യ ഭരണങ്ങള്‍ക്ക് ഭീഷണിയാവുമെന്നാണ് വന്‍ ശക്തികളുടെ വിലയിരുത്തല്‍. അത് പ്രകൃതി വിഭവങ്ങള്‍ കടത്തിക്കൊണ്ടുപോവുന്നതിനും തടസ്സമാവും. യുഎഇയും സൗദി അറേബ്യയും ചേര്‍ന്ന് യമനില്‍ ഇസ്‌ലാമിക പോരാളി വിഭാഗങ്ങള്‍ക്കെതിരേ സൈനിക നീക്കം നടത്തിയതിന്റെ പിന്നിലും ഈ ആശങ്കയായിരുന്നു. ബശ്ശാറിന്റെ ഭരണത്തിനെതിരേ പോരാടുന്ന ജബ്ഹത്തുന്നുസ്‌റ ഈയ്യിടെ അല്‍ഖാഇദയുമായുള്ള ബന്ധം വിച്ഛേദിക്കുകയും ജബ്ഹത്തു ഫത്ഹ് ശാം എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു.
സലഫി സംഘങ്ങളില്‍ നിന്നും വ്യത്യസ്തമായി താരതമ്യേന ഉദാരമായ നയപരിപാടികളുള്ള ജബ്ഹ തങ്ങളുടെ പ്രദേശങ്ങളില്‍ സ്ത്രീകള്‍ക്ക് നിഖാബ് നിര്‍ബന്ധമാക്കുകയോ ന്യൂനപക്ഷങ്ങളേയോ ശിയാക്കളേയോ പീഡിപ്പിക്കുകയോ ചെയ്യുന്നില്ല. ഏതാണ്ടൊരു ഗവണ്‍മെന്റിനെപ്പോലെ പ്രവര്‍ത്തിക്കുന്ന അവര്‍ റോഡുകള്‍ നന്നാക്കുകയും വൈദ്യുതി വിതരണം പുനസ്ഥാപിക്കുകയും റേഷന്‍ വിതരണം കാര്യക്ഷമമാക്കുകയും ചെയ്തിട്ടുണ്ട്.
അതിനാല്‍ ഗോത്രങ്ങളുടേയോ കര്‍മശാസ്ത്രത്തിന്റേയോ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട പോരാളി വിഭാഗങ്ങള്‍ ജബ്ഹയുമായി സഹകരിക്കുകയാണ്. ജബ്ഹ നേതൃത്വത്തില്‍ അഴിമതി ഒട്ടുമില്ലെന്നാണ് നിരീക്ഷണം. ജബ്ഹ ഭരിക്കുന്ന ഇദ്‌ലിബ്, ഹലബ് നഗരങ്ങളില്‍ കൊള്ള അപൂര്‍വമാണെന്ന് ഹലബില്‍ നിന്നുള്ള സമി അര്‍റാജ് ചൂണ്ടിക്കാട്ടുന്നു. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ കടുംകൈകളോട് വിയോജിപ്പ് പ്രകടിപ്പിച്ച അല്‍ഖാഇദ നേതാവ് അയ്മന്‍ അല്‍ സവാഹിരി ജബ്ഹയുടെ കൂടെയാണെന്നു കരുതപ്പെടുന്നു. അഫ്ഗാനിസ്താനില്‍ നിന്നു സിറിയയിലേക്ക് പോയ ഖൈര്‍ അല്‍ മസ്‌രി ജബ്ഹയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നുവത്രെ. റഷ്യയുമായി ചേര്‍ന്ന് ജബ്ഹയെ ആക്രമിക്കുന്ന അമേരിക്കന്‍ നയം വിവേകശൂന്യമാണെന്ന് ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ പോലുള്ള യുഎസ് ചിന്താ സ്ഥാപനങ്ങള്‍ കരുതുന്നു.
മുന്‍ സിഐഎ മേധാവിയായ ജന. ഡേവിഡ് പെട്രോസ് അത്തരം വിഭഗങ്ങളുമായി സംസാരിക്കണമെന്ന അഭിപ്രായക്കാരനാണ്. ജബ്ഹ ഇതുവരെയും ഇസ്‌ലാമിക് സ്റ്റേറ്റിനെ പോലെ പാശ്ചാത്യ രാഷ്ട്രങ്ങളെ ആക്രമിച്ചിട്ടില്ലെന്ന കാര്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. യുഎസ് നിയന്ത്രണത്തിലുള്ള സിറിയന്‍ പോരാളി സംഘങ്ങളും ജബ്ഹയുമായി ഇപ്പോള്‍ സഹകരിക്കുന്നുണ്ട്. വളരെ വൈകാതെ തന്നെ സിറിയയില്‍ ഒരു ഇമാറത്ത് പ്രഖ്യാപിക്കാനാണ് ജബ്ഹ ഒരുക്കംകൂട്ടുന്നതെന്നു കരുതപ്പെടുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss