|    Apr 20 Fri, 2018 12:45 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയ: യുഎസ്-റഷ്യ ചര്‍ച്ചയില്‍ ധാരണ

Published : 11th September 2016 | Posted By: SMR

ജനീവ: സിറിയയിലെ ആഭ്യന്തരസംഘര്‍ഷം പരിഹരിക്കുന്നതിനായുള്ള നിര്‍ണായക കരാറില്‍ ധാരണയിലെത്തിയതായി യുഎസും റഷ്യയും. നാളെ മുതല്‍ സിറിയയില്‍ ദേശവ്യാപകമായി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് സമാധാനക്കരാറിലുള്ളത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും തമ്മില്‍ സ്വിറ്റ്‌സര്‍ലന്റിലെ ജനീവയില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് കരാറില്‍ ധാരണയിലെത്തിയത്.
സിറിയന്‍ പ്രതിസന്ധി സംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കാളിത്തമുള്ള എല്ലാ കക്ഷികളും കരാറിനെ പിന്തുണയ്ക്കണമെന്ന് അപേക്ഷിക്കുന്നതായി കെറി വ്യക്തമാക്കി. ദുരന്തത്തിലേക്കു നയിക്കുന്ന ഈ പ്രതിസന്ധി രാഷ്ട്രീയ പ്രക്രിയയിലൂടെ ഏറ്റവും വേഗത്തിലും ഫലപ്രദമായും പരിഹരിക്കാന്‍ സഹായകരമായതാണ് കരാറെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍  വിശ്വാസമില്ലായ്മ തുടരുന്നുണ്ടെങ്കിലും റഷ്യയും യുഎസും സിറിയയിലെ സായുധര്‍ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ഏകോപനം നടത്തുന്നതിനുള്ള അഞ്ചു പ്രധാന പ്രമേയങ്ങളില്‍ ധാരണയായതായി ലാവ്‌റോവ് പറഞ്ഞു. കുറേ കാലമായി തടസ്സപ്പെട്ട രാഷ്ട്രീയപ്രക്രിയ പുനരാരംഭിക്കുന്നതിനുള്ള സാഹചര്യങ്ങളും സൃഷ്ടിക്കുമെന്നു ജനീവയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇരുനേതാക്കളും അറിയിച്ചു.
സിറിയയിലെ ആഭ്യന്തരസംഘര്‍ഷത്തില്‍ എതിര്‍വിഭാഗങ്ങളെയാണ് യുഎസും റഷ്യയും പിന്തുണയ്ക്കുന്നത്. സിറിയയിലെ ബശ്ശാറുല്‍ അസദ് ഭരണകൂടത്തിനനുകൂലമാണ് റഷ്യ. വിമതരുടെ സഖ്യത്തെയാണ് യുഎസ് പിന്തുണയ്ക്കുന്നത്. ചര്‍ച്ചയില്‍ സായുധസംഘങ്ങളുടെ മേഖലകള്‍ക്കു നേരെ സംയുക്ത വ്യോമാക്രമണം നടത്തുന്നതിന് യുഎസും റഷ്യയും ധാരണയിലെത്തിയിട്ടുണ്ട്. വിമതരുമായി ഒരാഴ്ചത്തേക്കുള്ള വെടിനിര്‍ത്തല്‍ കരാറില്‍ അസദിന്റെ അംഗീകാരം നേടാന്‍ റഷ്യക്കായാല്‍ യുഎസുമായി ചേര്‍ന്നുള്ള സംയുക്ത സൈനിക നടപടി ആരംഭിക്കുമെന്ന് ലാവ്‌റോവ് അറിയിച്ചു.
രാഷ്ട്രീയ മാറ്റത്തിനായി ശ്രമിക്കും: യുഎസും റഷ്യയുമായി ധാരണയിലെത്തിയ കരാര്‍ പ്രകാരം സിറിയയിലെ സംഘര്‍ഷം കുറയ്ക്കുന്നതിനായുള്ള പദ്ധതികള്‍ തയ്യാറാക്കും. സമാധാനം സ്ഥാപിക്കുന്നതിനൊപ്പം സിറിയയില്‍ ഭരണമാറ്റത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനുള്ള സാധ്യതകളും പരിശോധിക്കുമെന്ന് ജോണ്‍ കെറി അറിയിച്ചു. അസദ് ഭരണകൂടം അധികാരത്തില്‍ നിന്നൊഴിയുമോ എന്ന ചോദ്യം നിലനില്‍ക്കുന്നതിനിടെയാണ് സിറിയയില്‍ ഭരണമാറ്റത്തിനു ശ്രമിക്കുമെന്ന് ധാരണയായതായി കെറി സൂചന നല്‍കിയത്. സര്‍ക്കാരും പ്രധാന വിമതസഖ്യവും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച അവസരം ഉപയോഗപ്പെടുത്താനാണ് ചര്‍ച്ചയില്‍ തീരുമാനമായതെന്ന് ലാവ്‌റോവ് വ്യക്തമാക്കി.
ഹലബില്‍ നിന്ന് സര്‍ക്കാര്‍ സൈന്യത്തെ മാറ്റും: ഹലബിലെ വിമതമേഖലയെ വളഞ്ഞുള്ള സര്‍ക്കാര്‍ സൈന്യത്തിന്റെ സാന്നിധ്യം നീക്കണമെന്നും യുഎസ്-റഷ്യ കരാര്‍ വ്യക്തമാക്കുന്നു. സിറിയയിലെ പ്രതിപക്ഷ സംഘടനകളുടെ കൂട്ടായ്മയായ ഉന്നത ചര്‍ച്ചാ സമിതി പുതിയ നിര്‍ദേശങ്ങളെ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. രാജ്യത്തെ ലക്ഷക്കണക്കിനു സിവിലിയന്‍മാര്‍ക്ക് കരാര്‍ ആശ്വാസം നല്‍കുമെന്നും അവര്‍ പ്രതികരിച്ചു.
അല്‍നുസ്‌റ ഫ്രണ്ടിനെതിരായ ആക്രമണം തുടരും: ഐഎസിനു പുറമേ അല്‍നുസ്‌റ ഫ്രണ്ടിനെതിരേയും ആക്രമണങ്ങള്‍ തുടരാന്‍ ചര്‍ച്ചയില്‍ ധാരണയായി. നേരത്തേ സായുധര്‍ക്കെതിരേ ഒരുമിച്ചു സൈനികനീക്കം നടത്തുമെന്ന് യുഎസും റഷ്യയും അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള സൈനിക നടപടികളുടെ തുടര്‍ച്ചയായിട്ടാവും ഇത്.
സര്‍ക്കാര്‍ സൈന്യത്തിന്റെ ആക്രമണം അവസാനിപ്പിക്കാന്‍ റഷ്യ ആവശ്യപ്പെടണം: കരാര്‍ പ്രാബല്യത്തിലാക്കാന്‍ സിറിയന്‍ സൈന്യത്തോട് വിമത മേഖലകളില്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ റഷ്യ ആവശ്യപ്പെടേണ്ടതുണ്ട്. നാളെ മുതല്‍ ഏഴു ദിവസത്തേക്കുള്ള വെടിനിര്‍ത്തലിനായി അസദിനോട് റഷ്യ ആവശ്യപ്പെടണമെന്ന് കെറി വ്യക്തമാക്കി. വിമതരുടെ പക്ഷത്തുനിന്നുള്ള സംഘടനകള്‍ വെടിനിര്‍ത്തല്‍ കരാറിനെ അനുസരിക്കുമെന്ന് 100 ശതമാനം ഉറപ്പുനല്‍കുന്നതായും കെറി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss