|    Jan 23 Mon, 2017 4:18 pm

സിറിയ: ദാബിഖ് ഐഎസില്‍ നിന്ന് വിമതര്‍ പിടിച്ചെടുത്തു

Published : 17th October 2016 | Posted By: SMR

ദമസ്‌കസ്: സിറിയയില്‍ തുര്‍ക്കി സൈന്യത്തിന്റെ പിന്തുണയോടെ വിമതര്‍ ഐഎസില്‍ നിന്ന് ദാബിഖ് നഗരം പിടിച്ചെടുത്തു. ഐഎസിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ദാബിഖ്. ഐഎസിന് ശക്തമായി തിരിച്ചടി നടത്താന്‍ സാധിച്ചില്ലെന്നു വിമതവിഭാഗം കമാന്‍ഡര്‍ ഹംസ ബ്രിഗേഡ് അറിയിച്ചു. 2000ഓളം വിമതസൈനികരാണ് ദൗത്യത്തിലുണ്ടായിരുന്നതെന്നു വക്താവ് സെയ്ഫ് അബൂബക്കര്‍ അറിയിച്ചു. ദാബിഖിലും അടുത്തുള്ള അര്‍ഷാകിലും യുഎസ് നേതൃത്വത്തിലുള്ള സഖ്യവും ആക്രമണം നടത്തിയതായി അനദൊലു വാര്‍ത്താ ഏജന്‍സി പറഞ്ഞു. അടുത്തുള്ള സൊരാന്‍ ഗ്രാമവും പിടിച്ചെടുത്തതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. ദാബിഖ് പിടിച്ചെടുക്കാനുള്ള ശ്രമം ആഴ്ചകള്‍ക്കു മുമ്പ് തുടങ്ങിയതാണ്. 1200 ഓളം ഐഎസ് പ്രവര്‍ത്തകരാണു വിമതരുമായി ഏറ്റുമുട്ടിയത്. അല്‍ബാബ് നഗരത്തിലേക്കാണ് ഐഎസ് പിന്‍വാങ്ങിയതെന്നാണു സൂചന.
തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ മാറിയാണ് ദാബിഖ് സ്ഥിതിചെയ്യുന്നത്. യുദ്ധതന്ത്രപരമായി ദാബിഖിനു വലിയ പ്രാധാന്യമൊന്നുമില്ലെങ്കിലും പഴയ കിതാബുകളില്‍ വലിയ വിശ്വാസമുള്ള ദാഇശ് മുസ്‌ലിംകള്‍ റോമക്കാരെ ദാബിഖില്‍ വച്ചു തോല്‍പ്പിക്കുമെന്നു പ്രവാചകന്‍ പറഞ്ഞതായി വാദിക്കുന്നു. തങ്ങള്‍ ദാബിഖില്‍ കാത്തിരിക്കുന്നുവെന്നാണ് അവര്‍ വീമ്പടിക്കാറ്. ദാബിഖില്‍ ദാഇശിന്റെ കറുത്ത കൊടിയുമായി പോരാളികള്‍ സഞ്ചരിക്കുന്ന പടങ്ങള്‍ അവര്‍ പ്രസിദ്ധീകരിക്കാറുണ്ട്. 2006ല്‍ കൊല്ലപ്പെട്ട ഇറാഖിലെ അല്‍ഖാഇദ നേതാവ് കുരിശുപോരാളികളെ ദാബിഖില്‍ വച്ച് അഗ്നിക്കിരയാക്കുമെന്നു ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. എന്നാല്‍ ബൈസന്റയിന്‍ റോമിനെ കീഴടക്കുമെന്നാണ് നബി പ്രവചിച്ചതെന്നും അതെന്നോ പൂര്‍ത്തിയായെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. എട്ടാംനൂറ്റാണ്ടില്‍ ഖലീഫ സുലൈമാന്‍ ബിന്‍ അബ്ദില്‍ മാലിക്കിനെ മറവു ചെയ്തത് ദാബിഖിലാണ്. അദ്ദേഹത്തിന്റെ പേരില്‍ പട്ടണത്തില്‍ ഒരു ചെറിയ പള്ളിയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക