|    Sep 24 Mon, 2018 5:07 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

സിറിയ : ട്രംപിന്റെ മലക്കം മറിച്ചില്‍

Published : 3rd May 2017 | Posted By: fsq

 

അജാസ്  അലി

സിറിയന്‍ വ്യോമകേന്ദ്രത്തില്‍ നടത്തിയ വ്യോമാക്രമണം 2011ല്‍ ആഭ്യന്തരയുദ്ധം രൂക്ഷമായശേഷം സിറിയന്‍ ഭരണകൂടത്തിനു നേരെ അമേരിക്ക തീരുമാനിക്കുന്ന പ്രഥമ സൈനിക നടപടിയായിരുന്നു. ഈ നടപടി അവസാനത്തേതാവുമോ എന്നതാണ് സുപ്രധാന ചോദ്യം. ആക്രമണം ബശ്ശാറുല്‍ അസദില്‍ എന്ത് ആഘാതമുണ്ടാക്കുമെന്നതാണ് രണ്ടാമത്തെ ചോദ്യം.80ലേറെ പേരുടെ ജീവഹാനിക്ക് കാരണമായ മാരക രാസായുധാക്രമണത്തിന് സിറിയന്‍ സൈന്യം ഉപയോഗപ്പെടുത്തിയ ഷൈറാത്ത് വ്യോമകേന്ദ്രത്തിനു നേരെ മധ്യധരണ്യാഴിയിലെ രണ്ട് യുഎസ് നാവിക കപ്പലുകളില്‍ നിന്ന് 59 ടോമഹോക് ക്രൂയിസ് മിസൈലുകള്‍ പ്രയോഗിക്കാനാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടത്്. മാരക രാസായുധങ്ങളുടെ വ്യാപനവും പ്രയോഗവും തടയാനും യുഎസിന്റെ നിര്‍ണായക ദേശീയ സുരക്ഷാ താല്‍പര്യങ്ങളും അടിസ്ഥാനമാക്കിയാണ് ട്രംപിന്റെ നീക്കമെന്നാണു വിശദീകരണം. ഏതാനും മിനിറ്റുകള്‍ക്കകം അവസാനിച്ച, ആറുപേര്‍ കൊല്ലപ്പെട്ട അമേരിക്കന്‍ ആക്രമണത്തിന്റെ വേഗം, അമേരിക്കന്‍ നയം മാറിയതിന്റെ വേഗത്തിനു തുല്യമാണ്. അക്ഷരാര്‍ഥത്തില്‍ രായ്ക്കുരാമാനം. ബശ്ശാറുല്‍ അസദിനെ പുറന്തള്ളുന്നതിലേറെ ദാഇഷിനെ (സ്വയം പ്രഖ്യാപിത ഐഎസിനെ) തോല്‍പ്പിക്കുന്നതിലാവണം യുഎസിന്റെ ശ്രദ്ധയെന്ന കാര്യത്തില്‍ ട്രംപ്് നിര്‍ബന്ധബുദ്ധി പുലര്‍ത്തിയിരുന്നു. ആക്രമണത്തിന് ഒരാഴ്ച മാത്രം മുമ്പാണ് അസദ് അധികാരത്തില്‍ തുടരാനാണ് സാധ്യതയെന്ന നിലയ്ക്കുള്ള നയം ട്രംപും സംഘവും പ്രഖ്യാപിച്ചത്. പ്രഖ്യാപിത നയം ഇങ്ങനെ! മിസൈല്‍ ആക്രമണത്തിന് കല്‍പ്പന നല്‍കിയ ട്രംപ് തന്റെ പ്രസിഡന്‍ഷ്യല്‍ കാംപയിനിന്റെ തുടക്കം മുതല്‍ സ്വീകരിച്ച നിലപാടില്‍ നിന്നു പ്രകടമായും വഴിമാറി. അഥവാ അമേരിക്ക ഒന്നാമത് എന്നതിന് അര്‍ഥം അമേരിക്കന്‍ തീരങ്ങളില്‍ നിന്ന് ആയിരക്കണക്കിന് നാഴികകള്‍ അകലെ യുദ്ധങ്ങളില്‍ കൂടിക്കലരുകയെന്നതല്ല എന്നതായിരുന്നു അദ്ദേഹം സ്വീകരിച്ച നിലപാട്. ഇത് നയം അയവു വരുത്തിയതോ, അതല്ല ചേര്‍ച്ചയില്ലാത്തതോ? അതിവേഗത്തിലുള്ള ഈ മാറ്റം കാരണം ആക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ യഥാര്‍ഥത്തില്‍ ഗ്രഹിക്കുന്നതിന് ട്രംപിനും സഹായികള്‍ക്കും വേണ്ടത്ര സമയം ലഭിച്ചെന്നു കരുതാനാവില്ല. വളരെ സങ്കീര്‍ണമായ സംഘര്‍ഷമാണ് സിറിയയിലേത്. പരസ്പരം കൂട്ടുചേര്‍ന്നും എതിര്‍ത്തും ഡസന്‍ കണക്കിന് സൈനിക-രാഷ്ട്രീയ ശക്തികളാണുള്ളത്. ചില നേരങ്ങളില്‍ അമേരിക്ക ചിലരോടൊപ്പമാണ്. സിറിയയൊഴിച്ചുള്ള മറ്റു പ്രദേശങ്ങളില്‍ ഇവിടെ കൂട്ടുകൂടിയ കക്ഷികളോട് അമേരിക്ക പ്രത്യക്ഷമായും എതിരിലാണ്. അസദ് ഭരണകൂടത്തിനെതിരേ വ്യോമാക്രമണം നടത്തുമ്പോള്‍ ട്രംപ് അമേരിക്കയെ നയിക്കുന്നത് ഒരു പുതിയ സൈനിക സംഘര്‍ഷത്തിലേക്കാണ്. അതിന്റെ അളവോ വ്യാപ്തിയോ അറിയില്ല. ഇത് ഒറ്റപ്പെട്ട നടപടിയാണോ, അതല്ല ഇത്തിരി വലിയ നീക്കമാണോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. സിറിയയുടെ ശക്തമായ സഖ്യരാഷ്ട്രം റഷ്യയുമായുള്ള അമേരിക്കയുടെ ബന്ധങ്ങളെ അത് എവിടെയെത്തിക്കും എന്നതും നമുക്കറിയില്ല. റഷ്യന്‍ പ്രസിഡന്റ് വ്ഌദിമിര്‍ പുടിന്‍ യുഎസ് വ്യോമാക്രമണങ്ങളെ വിശേഷിപ്പിച്ചത് പരമാധികാര രാഷ്ട്രത്തിനെതിരായ കൈയേറ്റമെന്നും, അത് റഷ്യ-അമേരിക്ക ബന്ധങ്ങളില്‍ കനത്ത ആഘാതമേല്‍പ്പിക്കുമെന്നുമാണ്. അമേരിക്കന്‍ സ്റ്റേറ്റ്് സെക്രട്ടറി റെക്‌സ്് ടില്ലേഴ്‌സണ്‍ റഷ്യന്‍ വിദേശകാര്യമന്ത്രിയെ കാണുമ്പോള്‍ അതു നന്നായി വ്യക്തമാവും. ഇത്് അസദിനെതിരേ ട്രംപ്് നടത്തുന്ന ഏക സൈനിക നീക്കമാവാം, പ്രസിഡന്റായി ചുമതലയേറ്റ് മൂന്നുമാസത്തിനകം മുന്‍ഗാമിയായ ബറാക് ഒബാമയില്‍ നിന്നു വ്യക്തമായും വ്യത്യസ്തമായ ഒരു പാതയാണ് ട്രംപ്് സ്വീകരിച്ചത്്.രാസായുധ ആക്രമണമുണ്ടായാലും അസദിനെതിരേ ഒബാമ സൈനിക നടപടി സ്വീകരിക്കുമായിരുന്നില്ല. രാസായുധ ആക്രമണത്തിനുശേഷം ട്രംപ് സൂചിപ്പിച്ച, സുന്ദരിക്കുട്ടികള്‍ ഉള്‍പ്പെടെ മരിച്ചവരും മരിക്കുന്നവരുമായ സിറിയക്കാരുടെ ലോകമൊന്നാകെ കണ്ട ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ മനസ്സിളക്കിയതെന്നു തോന്നുന്നു.പ്രസിഡന്റ് പദവിയില്‍ അവരോധിതനായതിനു തൊട്ടുടനെ കലങ്ങിമറിഞ്ഞ സാഹചര്യത്തില്‍ നിന്നു ജനശ്രദ്ധ തിരിക്കാനും കേവലം ട്വീറ്റര്‍ എന്നതില്‍ നിന്നു പ്രസിഡന്റ് എന്ന നിലയില്‍ ട്രംപിന്റെ പദവി ഉയര്‍ത്താനും സാധ്യതയുണ്ട്. ഒരുകാര്യം ഉറപ്പാണ്, ഈ ആക്രമണം ഗൗരവതരമല്ല. വളരെ പരിമിത ഫലം മാത്രമുണ്ടാവുന്ന പരിമിത ആക്രമണം മാത്രമാണ്. അസദ് ഭരണകൂടത്തിന്റെ പതനം അത് ത്വരിതപ്പെടുത്തില്ല. അസദിന്റെ നിയന്ത്രണത്തില്‍ നിരവധി വ്യോമകേന്ദ്രങ്ങളുണ്ട്. എന്നാല്‍, പിറകെ ശിക്ഷ വരുമെന്ന വ്യക്തമായ ധാരണ നല്‍കുന്നതിനാല്‍, ഭാവിയില്‍ രാസായുധപ്രയോഗത്തിന് തടസ്സമായേക്കാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss