|    Jan 20 Fri, 2017 3:08 am
FLASH NEWS

സിറിയ-ജോര്‍ദാന്‍ അതിര്‍ത്തിയില്‍ 75,000ഓളം അഭയാര്‍ഥികള്‍ കുടുങ്ങി

Published : 17th September 2016 | Posted By: SMR

അമ്മാന്‍: സിറിയ ജോര്‍ദാന്‍ അതിര്‍ത്തിയില്‍ 75,000ഓളം അഭയാര്‍ഥികള്‍ കുടുങ്ങിയതായി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍. ആഭ്യന്തര സംഘര്‍ഷം തുടരുന്നതിനിടെ സിറിയയില്‍ നിന്നു പലായനം ചെയ്യുന്നവരാണ് ജോര്‍ദാന്‍ അതിര്‍ത്തിയില്‍ കഴിയുന്നത്.
അഭയാര്‍ഥികള്‍ക്കിടയില്‍ ഭക്ഷ്യക്ഷാമവും പകര്‍ച്ചവ്യാധികളുടെ വ്യാപനവും ഭീഷണി ഉയര്‍ത്തുന്നതായി ആംനസ്റ്റി പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു. സിറിയ- ജോര്‍ദാന്‍ അതിര്‍ത്തിയിലുള്ള ബേം മേഖലയില്‍ കഴിയുന്ന അഭയാര്‍ഥികളിലേക്ക് രണ്ടുമാസത്തോളമായി അവശ്യവസ്തുക്കളുടെ വിതരണം എത്തിയിട്ടില്ല. സിറിയയുമായുള്ള റുക്ബാന്‍, ഹദാലത് അതിര്‍ത്തികള്‍ ജോര്‍ദാന്‍ അടച്ചതും സഹായവിതരണത്തെ ബാധിച്ചു.
ജൂണ്‍ 21ന് ബേമിനു സമീപം കാര്‍ബോംബ് ആക്രമണത്തില്‍ ആറ് ജോര്‍ദാനി സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. കടുത്ത ഭക്ഷ്യക്ഷാമമാണ് ബേമില്‍ അകപ്പെട്ട അഭയാര്‍ഥികള്‍ അനുഭവിക്കുന്നത്.
ആശുപത്രികളെ സമീപിക്കുന്നതിനോ വൈദ്യസഹായം ലഭ്യമാക്കുന്നതിനോ സൗകര്യമില്ല. അതിര്‍ത്തിയിലെ താല്‍ക്കാലിക ശ്മശാനങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളും വാസകേന്ദ്രങ്ങളുടെ വര്‍ധനവിനെക്കുറിച്ചുള്ള വീഡിയോയും ആംനസ്റ്റി പുറത്തുവിട്ടു.
കഴിഞ്ഞമാസം ആദ്യം വിതരണം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ തീര്‍ന്നതായും റിപോര്‍ട്ടില്‍ പറയുന്നു. ക്യാംപിലെ സ്ഥിതിഗതികള്‍ ഗുരുതരമായ രീതിയില്‍ വഷളാവുകയാണെന്നു റുക്ബാനിലെ ക്യാംപില്‍ അഞ്ചുമാസത്തോളമായി കഴിയുന്ന അബു മുഹമ്മദ് പറഞ്ഞു. ക്യാംപിലെ കുട്ടികളുടെ അവസ്ഥ അപകടകരമാണ്.
കുടിവെള്ളം ലഭിക്കുന്നുണ്ട്. പക്ഷേ, ഭക്ഷണം ലഭ്യമല്ല. ഇതു ഭീകരമാണെന്നും മുഹമ്മദ് ആംനസ്റ്റിയെ അറിയിച്ചു. മരുന്നുകളുടെയും ശുചീകരണ സംവിധാനങ്ങളുടെയും അഭാവത്തെത്തുടര്‍ന്ന് ക്യാംപിലുണ്ടായ ഹെപറ്റൈറ്റിസ് ബാധയില്‍ അടുത്തിടെ 19 പേര്‍ മരിച്ചിരുന്നു.
ക്യാംപില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കു മതിയായ ആരോഗ്യമില്ലെന്നും നിലവില്‍ ക്യാംപില്‍ ആരോഗ്യസംവിധാനങ്ങളൊന്നും ലഭ്യമല്ലെന്നും ആംനസ്റ്റി ദുരന്ത പ്രതികരണ വിഭാഗം ഡയറക്ടര്‍ ടിരാന ഹസ്സന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 88 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക