|    Jul 26 Wed, 2017 4:28 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയയില്‍ കൊല്ലപ്പെട്ടത് 9,400 പേര്‍

Published : 1st October 2016 | Posted By: SMR

ദമസ്‌കസ്: റഷ്യന്‍ സൈന്യം സിറിയയില്‍ ആക്രമണമാരംഭിച്ച് ഒരു വര്‍ഷത്തിനിടെ 9,400ഓളം പേര്‍ കൊല്ലപ്പെട്ടതായി നിരീക്ഷകസംഘടനയുടെ റിപോര്‍ട്ട്. ഇതില്‍ 3,800ഓളം സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടത് റഷ്യന്‍ വ്യോമസേന നടത്തിയ ആക്രമണങ്ങളിലാണ്. വിമത അധീനതയിലുള്ള ഹലബില്‍ സര്‍ക്കാര്‍- റഷ്യന്‍ സൈന്യം കനത്ത ആക്രമണം നടത്തുന്നതിനിടെയാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 30നായിരുന്നു റഷ്യന്‍ സൈന്യം സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ സഹായിക്കാന്‍ ആക്രമണം ആരംഭിച്ചത്.
ഐഎസിനെതിരേ ആക്രമണം നടത്താനെന്ന പേരിലാണ് സൈന്യം സിറിയയിലെത്തിയത്. എന്നാല്‍ സര്‍ക്കാരിനെ സഹായിക്കാന്‍ വിമതര്‍ക്കെതിരായ ആക്രമണത്തില്‍ പങ്കാളിയാവുകയായിരുന്നു ലക്ഷ്യം. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ആണ് റിപോര്‍ട്ട് പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരില്‍ 5500ഓളം പേര്‍ ഐഎസ് പ്രവര്‍ത്തകരും വിമത പോരാളികളുമാണ്. 20,000ത്തോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതില്‍ കൂടുതലാവാനും സാധ്യതയുണ്ടെന്ന് ഒബ്‌സര്‍വേറ്ററിയുടെ ഡയറക്ടര്‍ റാമി അബ്ദുല്‍ റഹ്മാന്‍ അറിയിച്ചു. തിരിച്ചറിയാത്ത യുദ്ധവിമാനങ്ങളില്‍ നിന്നുണ്ടായ ആക്രമണങ്ങളാണ് ഈ സംശയത്തിനു പിന്നില്‍.
റിപോര്‍ട്ട് സര്‍ക്കാര്‍ തള്ളി. സിറിയയില്‍ റഷ്യ ആക്രമണം നടത്തിയത് ഐഎസിനും അല്‍ഖാഇദയ്ക്കും ജബ്ഹത് ഫതെഹ് അല്‍ശാമിനും എതിരായാണെന്നാണ് റഷ്യയുടെ പ്രതികരണം. യുഎസ് ആക്രമണത്തിലും നിരവധിപേര്‍ മരിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക