|    Oct 17 Tue, 2017 7:19 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയന്‍ സൈനിക മുന്നേറ്റത്തിനിടെ കിഴക്കന്‍ ഹലബില്‍ കൂട്ട പലായനം

Published : 1st December 2016 | Posted By: SMR

ദമസ്‌കസ്: വിമത നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഹലബിന്റെ പൂര്‍ണ നിയന്ത്രണത്തിനു ബശാറുല്‍ അസദിന്റെ സൈന്യം ആക്രമണം ശക്തമാക്കിയതോടെ മൂന്നു ദിവസത്തിനിടെ 20,000 സിവിലിയന്‍മാര്‍ പലായനം ചെയ്തതായി റെഡ്‌ക്രോസ്. കര -വ്യോമ ആക്രമണങ്ങള്‍ ശക്തമായ മേഖലകളില്‍ നിന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പടിഞ്ഞാറന്‍ ഹലബിലേക്കും കുര്‍ദ് നിയന്ത്രിത മേഖലകളിലേക്കുമാണ് പരിഭ്രാന്തരായ ജനങ്ങള്‍ പലായനം ചെയ്യുന്നത്.
ദിനംപ്രതി പലായനത്തിന്റെ തോത് വര്‍ധിക്കുകയാണെന്നും ഇപ്പോള്‍ പുറത്തുവിട്ടത് ഏകദേശ കണക്കു മാത്രമാണെന്നും റെഡ്‌ക്രോസ് വക്താവ് ക്രിസ്റ്റ് ആംസ്‌ട്രോങ് പറഞ്ഞു.  ആക്രമണങ്ങളില്‍ 51 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായും 150ല്‍പരം പേര്‍ക്കു പരിക്കേറ്റതായും സന്നദ്ധസംഘടനകള്‍ അറിയിച്ചു. കിഴക്കന്‍ ഹലബില്‍ സിറിയന്‍ യുദ്ധവിമാനങ്ങള്‍ 150ല്‍ അധികം വ്യോമാക്രമണങ്ങള്‍ നടത്തിയതായും ഹെലികോപ്റ്ററുകള്‍ 1200ല്‍ അധികം ബോംബുകള്‍ വര്‍ഷിച്ചതായും ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് സാക്ഷ്യപ്പെടുത്തുന്നു.
ഹലബിനു സമീപത്തെ ബാബുല്‍ നയ്‌റബ്, അല്‍ മൈസിര്‍, അല്‍ സാല്‍ഹീന്‍ പ്രദേശങ്ങളെയും ആക്രമണം ബാധിച്ചു. ഹലബിലെ വിമത പ്രദേശങ്ങള്‍ കീഴടക്കാന്‍ സര്‍ക്കാര്‍സേന നടത്തുന്ന കിരാതമായ ആക്രമണങ്ങള്‍ ലോകരാഷ്ട്രങ്ങളുടെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. കിഴക്കന്‍ ഹലബിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചെടുത്തതായി കഴിഞ്ഞ തിങ്കളാഴ്ച സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. ഹലബ് ആഭ്യന്തരയുദ്ധത്തിനു പിന്നാലെ സര്‍ക്കാര്‍ നിയന്ത്രണത്തിലും വിമത നിയന്ത്രണത്തിലുമായി വിഭജിക്കപ്പെടുകയായിരുന്നു. ഹലബില്‍ രണ്ടര ലക്ഷത്തോളം പേര്‍  സര്‍ക്കാര്‍, വിമത സൈനികരുടെ ഉപരോധത്തിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക