|    Nov 21 Wed, 2018 5:06 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സിറിയന്‍ ശാസ്ത്രജ്ഞന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

Published : 7th August 2018 | Posted By: kasim kzm

ദമസ്‌കസ്: മുതിര്‍ന്ന സിറിയന്‍ ശാസ്ത്രജ്ഞന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മസ്യഫിലെ സിറിയന്‍ സൈന്റിഫിക് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ അസീസ് അസ്ബറാണ് ശനിയാഴ്ച രാത്രിയുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ കാര്‍ സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. സിറിയന്‍ രാസായുധ പദ്ധതിയുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്ന് അമേരിക്കയും ഇസ്രായേലും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നേരത്തേ ആരോപിച്ചിരുന്നു.
ഹമ പട്ടണത്തിനു സമീപത്ത് വച്ചുണ്ടായ സ്‌ഫോടനത്തില്‍ അദ്ദേഹത്തിന്റെ അംഗരക്ഷകരും കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സും ശാസ്ത്രജ്ഞന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചു. സിറിയന്‍ മിസൈല്‍ പദ്ധതിയുടെ ഉപജ്ഞാതാവ് കൂടിയാണ് കൊല്ലപ്പെട്ട അസീസ് അസ്ബര്‍. ഇദ്ദേഹം സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദുമായി നല്ല ബന്ധം പുലര്‍ത്തുന്നയാളാണ്. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെങ്കിലും ഇസ്രായേല്‍ കരങ്ങളിലേക്കാണ് സംശയങ്ങള്‍ നീളുന്നത്. തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ സിറിയയില്‍ ഇതിനു മുമ്പും ഇസ്രായേല്‍ നടത്തിയിട്ടുണ്ട്.
അസീസ് തലവനായ മസ്യഫിലെ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിനു നേരെ ജൂലൈയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. വിമത കേന്ദ്രമായ ദൗമയില്‍ സൈന്യം രാസായുധം പ്രയോഗിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിനെതിരേ കഴിഞ്ഞ ഏപ്രിലില്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും സംയുക്തമായി ആക്രമണം നടത്തിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss