|    Jun 24 Sun, 2018 5:14 am
FLASH NEWS

സിറിയന്‍ വംശഹത്യയുടെ പിന്നാമ്പുറം

Published : 7th January 2017 | Posted By: mi.ptk

011

ഡോ. സികെ അബ്ദുല്ല
ഡിസംബര്‍ 19നു അങ്കാറയില്‍വച്ചു തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡര്‍ ആന്‍ഡ്രിയ കാര്‍ലോഫ് കൊല്ലപ്പെട്ട സംഭവം അലപ്പോ (ഹലബ്) വംശഹത്യയുമായി ബന്ധപ്പെട്ടാണെന്നാണ് മാധ്യമ ഭാഷ്യങ്ങള്‍. ശരിയുണ്ടെങ്കിലും ഇല്ലെങ്കിലും പഠിച്ചതെല്ലാം തെറ്റാതെ ഉരുവിട്ടുകൊണ്ടാണ് കൊലയാളി കൃത്യം നടത്തിയത്. ‘ഹലബിനെ മറക്കരുത്, സിറിയയെ മറക്കരുത്’, ‘സിറിയയില്‍ കൂട്ടക്കൊലയില്‍ പങ്കാളികളായ എല്ലാവരെയും ഈ വിധി കാത്തിരിക്കുന്നു’, ‘ഞങ്ങളുടെ മുസ്‌ലിംലോകത്തു സമാധാനമില്ലാതെ നിങ്ങള്‍മാത്രം അതനുഭവിക്കില്ല’ (ഉസാമാ ബിന്‍ ലാദന്റെ അമേരിക്കന്‍ വിരുദ്ധ പ്രസ്താവനയുടെ പകര്‍പ്പ്) തുടങ്ങിയ വചനങ്ങള്‍ ഓതിയ കൊലയാളി അതുംപോരാഞ്ഞു മുഹമ്മദ് നബിയുടെ അനുചരന്മാര്‍ പോരാട്ട സമയങ്ങളില്‍ ആവേശപൂര്‍വം പാടിയിരുന്ന വരികള്‍ ചൊല്ലിക്കൊണ്ടാണു കൊല നടന്ന കെട്ടിടത്തിലൂടെ ഓടികൊണ്ടിരുന്നത്!  കൊലയാളിയെ തുര്‍ക്കി സുരക്ഷാസേന വധിച്ചുകളഞ്ഞതിനാല്‍ തന്‍സീമുദ്ദൗലയുടെ (ഐഎസ്) പോലുള്ള സായുധസംഘങ്ങളുടെ പേരില്‍ ഇറങ്ങുന്ന ഒരു ഏറ്റെടുക്കല്‍ വാറോലയെങ്കിലും ലോകം പ്രതീക്ഷിക്കുന്നുണ്ട്.
ഗുലാന്‍ മൂവ്‌മെന്റുമായി ബന്ധമാരോപിക്കപ്പെടുന്ന കൊലയാളി നേരത്തെ അവരുടെ ഏതോ സ്‌കൂളില്‍ ജോലി ചെയ്തിരുന്നുവെന്നുള്ള സര്‍ക്കാര്‍ ഭാഷ്യങ്ങള്‍ വേറെയുമുണ്ട്. ഏതായാലും, റഷ്യക്ക് സിറിയയില്‍ കൂടുതല്‍ ശക്തമായി ബോംബിടുന്നതിന്നു ന്യായം പറയാവുന്ന ഒരു രക്തസാക്ഷിയെ കിട്ടിയിരിക്കുന്നു. കൊലയാളിയുടെ ഗുലാന്‍ബന്ധം തുര്‍ക്കി സര്‍ക്കാരിനു മൂവ്‌മെന്റിനെതിരെ കിട്ടിയ വടിയുമായി. കൊലയാളി ഉരുവിട്ടിരുന്ന വചനങ്ങളും ശ്ലോകങ്ങളും വികാരജീവികള്‍ക്കും ആവേശമേകും. അന്താരാഷ്ട്ര മാധ്യമങ്ങളുടെ കാമറക്കണ്ണുകള്‍ ഹലബില്‍നിന്ന് മാറി അങ്കാറയിലും മോസ്‌കോയിലും നയതന്ത്രലോകത്തും ഫോക്കസ് ചെയ്‌തോളും. മൊത്തത്തില്‍ സംഗതി ലാഭകരം.
ഈ സംഭവത്തിന്റെ തൊട്ടുപിറ്റേന്നാണ് (ഡിസംബര്‍ 20) റഷ്യ, ഇറാന്‍, തുര്‍ക്കി എന്നിവയുടെ പ്രതിരോധമന്ത്രിമാരും വിദേശകാര്യമന്ത്രിമാരും മോസ്‌കോയില്‍ സമ്മേളിച്ചു സിറിയയുടെ കാര്യത്തില്‍ ചില തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. നിര്‍ണായക യോഗത്തിനു ശേഷം സെര്‍ജില്‍ ലാഫ്‌റോവും മുഹമ്മദ് ജവാദ് ശരീഫും മൗലൂദ് ഷാവേസ് ഒഗ്‌ലുവും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പ്രധാന വിവരം സിറിയയില്‍ വെടിനിര്‍ത്തല്‍ കൂടുതല്‍ വിശാലമാക്കുവാന്‍ (നിര്‍ത്തുവാനല്ല) തീരുമാനിച്ചതാണ്. സിറിയന്‍ പ്രശ്‌നത്തിനു രാഷ്ട്രീയപരിഹാരം കാണും, മതേതരജനാധിപത്യ സര്‍ക്കാറിനു കീഴില്‍ സിറിയന്‍ പ്രദേശങ്ങള്‍ പുനരേകീകരിക്കും, ഭീകര സംഘങ്ങളെ നേരിടുന്നതില്‍ യോജിച്ച തന്ത്രങ്ങള്‍ സ്വീകരിക്കും എന്നും പ്രസ്തുത യോഗത്തില്‍ തീരുമാനമായി. അഥവാ സിറിയന്‍ വിപ്ലവത്തെകുറിച്ച് മൂന്നു രാജ്യങ്ങളുംകൂടി ഒരു തീരുമാനമെടുത്തു. ഇത്തരം പുതിയ സംഭവങ്ങളുടെ വെളിച്ചത്തിലേ ഹലബിലും മറ്റും ഇപ്പോള്‍ നടക്കുന്ന കൂട്ടക്കൊലകളെ ശരിയായി മനസ്സിലാക്കാനാവൂ.
ഏതാണ്ട് ആറു വര്‍ഷങ്ങള്‍ക്കു മുമ്പു ജനകീയപ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട സിറിയയില്‍ ഒട്ടുമിക്ക പ്രദേശങ്ങളും സ്വേച്ഛാധിപത്യ സര്‍ക്കാരിന് നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാല്‍, റഷ്യയുടെ നേരിട്ടുള്ള വ്യോമാക്രമണം തുടങ്ങിയ ശേഷം ഏഴു പ്രധാന നഗരങ്ങള്‍ ബശ്ശാര്‍പക്ഷം തിരിച്ചുപിടിച്ചുകഴിഞ്ഞു. ഭരണകൂടത്തെ അനുകൂലിക്കാത്തവരെ കൊന്നും ആട്ടിപ്പുറത്താക്കിയും അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തുമാണ് എല്ലാ തിരിച്ചുപിടിക്കലുകളും നടന്നത്. ഹലബ് കൂട്ടക്കൊല  ഒടുവിലത്തേതാണ്, അവസാനത്തേതല്ല എന്നര്‍ത്ഥം. വിമതര്‍ നിയന്ത്രിക്കുന്ന ഇദ്‌ലിബ്, ലാദിഖിയ്യ പ്രവിശ്യകളും അലപ്പോയ്ക്കു ശേഷം ബശ്ശാര്‍പക്ഷ സഖ്യം ലക്ഷ്യമിടും.

എന്തുകൊണ്ട് അലപ്പോ?  
സിറിയയില്‍ 2011ല്‍ തുടങ്ങിയ ജനകീയ പ്രക്ഷോഭത്തെ ഭരണകൂടം സായുധമായി നേരിട്ടപ്പോള്‍ ചെറുത്തുനില്‍പ്പിന്റെ ശക്തികേന്ദ്രമായിരുന്നു അലപ്പോ. മേഖലയില്‍ യുദ്ധക്കെടുതികള്‍ക്ക് ഇരയായ അഭയാര്‍ത്ഥികള്‍ക്കു മുന്നില്‍ അലപ്പോയുടെ വാതിലുകള്‍ തുറന്നുകിടന്നിരുന്നു. വാണിജ്യ-സാമ്പത്തിക പ്രാധാന്യങ്ങള്‍ക്കും ബഹുസ്വരമായ സംസ്‌കാരത്തിനും പുറമേ സൈനിക പ്രധാനമായ  ലാദിഖിയ്യ, ഇദ്‌ലിബ്, ഹമാ, റഖ്ഖ  തുടങ്ങിയ  പ്രവിശ്യകളിലേക്കു തുറക്കുന്ന പ്രധാന മാര്‍ഗവും തുര്‍ക്കിയുമായി ബന്ധപ്പെടുത്തുന്ന പ്രധാന സ്ഥാനവുമായ അലപ്പോയില്‍ സ്വാധീനം ഉറപ്പിക്കുവാന്‍ ഭരണകൂടവും ചെറുത്തുനില്‍പ്പു സംഘങ്ങളും പരമാവധി ശ്രമിച്ചിരുന്നു.
2012ല്‍ വിപ്ലവം സായുധ സ്വഭാവം പൂണ്ടയുടനെ അലപ്പോ നഗരത്തിലെ ചരിത്രപ്രസിദ്ധമായ അമവി മസ്ജിദും അലപ്പോ കോട്ടയും തകര്‍ക്കാന്‍ സര്‍ക്കാര്‍സൈന്യം ശ്രമിച്ചിരുന്നു. എട്ടാം നൂറ്റാണ്ടിലെ അമവിഭരണകാലത്തു സിറിയന്‍നഗരങ്ങളെ പ്രതാപപൂരിതമാക്കിയ പ്രധാന മസ്ജിദുകളിലൊന്നാണ് അലപ്പോ പഴയ പട്ടണത്തിലെ ചരിത്ര പ്രസിദ്ധമായ മസ്ജിദ്. മസ്ജിദു തകര്‍ത്തു കോട്ട കൈയ്യേറാനുള്ള ശ്രമങ്ങളെ പ്രതിരോധിച്ചു, പകുതി കത്തിയമര്‍ന്ന മസ്ജിദ് തിരിച്ചുപിടിച്ച ചെറുത്തുനില്‍പ്പുസംഘങ്ങള്‍ ഇതുവരെയും പിടിച്ചുനിന്നത് അത്ഭുതകരമാണ്.
അലപ്പോ നഗരത്തിന്റെ വീഴ്ചയിലല്ല, നാലു വര്‍ഷത്തോളം പിടിച്ചുനിന്നു എന്നതിലാണ് അത്ഭുതം. മറ്റു സിറിയന്‍ നഗരങ്ങളില്‍നിന്നു ജനങ്ങള്‍ സുരക്ഷിത താവളങ്ങള്‍ തേടി പടിഞ്ഞാറോട്ടു പലായനം ചെയ്തപ്പോള്‍, അലപ്പോയിലെ ഭൂരിഭാഗം പേരും പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് നഗരം വിട്ടുകൊടുക്കാതെ പിടിച്ചുനിന്നു. മാനഭംഗം ഭയന്നാണു വീടും നാടും വിടുന്നതെന്നു വനിതകള്‍ ആര്‍ത്തുവിളിക്കുന്ന ദൃശ്യങ്ങള്‍ അലപ്പോയിലെ ജനതയുടെ ദൃഢനിശ്ചയത്തിന് ഉത്തമ ഉദാഹരണമാണ്. തകര്‍ന്ന നഗരത്തിലെ ശേഷിച്ച മതിലുകളില്‍ ‘പ്രിയപ്പെട്ട ഹലബ്, ഞങ്ങള്‍  തിരിച്ചുവരും,  കട്ടായം’ എന്ന കറുത്ത ചുവരെത്തുഴുകള്‍ ഉടനീളെ കാണാം. തങ്ങളുടെ  കഴിവിന്റെ പരമാവധി നഗരത്തെ പ്രതിരോധിച്ച ചെറുത്തുനില്‍പു സംഘങ്ങള്‍ക്കു ഇനിയും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത വിധം ഗതി മാറിയതിന്റെ കാരണങ്ങള്‍ പലതാണ്.

02
ശിയാ സാമ്രാജ്യത്വം
സിറിയയിലെ സ്വേച്ഛാധിപത്യത്തെ പിടിച്ചുനിര്‍ത്തുവാന്‍ ആരാണു യുദ്ധം ചെയ്യുന്നതെന്നു വ്യക്തമാണ്.  പ്രദേശത്ത് ശിയാ രാഷ്ട്രീയ സ്വാധീനമുറപ്പിക്കുവാന്‍ വിഭാഗീയതയുടെ ലേബലുകളൊട്ടിച്ച യുദ്ധത്തേരുകള്‍ ഒരുക്കിയിരിക്കയാണ് ഇസ്‌ലാമിക വിപ്ലവത്തിലൂടെ സ്ഥാപിതമായ ഇറാന്‍. അറബ് ലോകത്തു അരാജകത്വം സൃഷ്ടിച്ചുള്ള ഈ പിടിച്ചടക്കല്‍ ഇരിക്കുന്ന കൊമ്പു വെട്ടലാണെന്നു ഡോ. മിര്‍ മൂസവിയെപോലുള്ള നയതന്ത്ര വിദഗ്ദ്ധരുടെ ശബ്ദത്തിന് ശിയാപൗരോഹിത്യം വിലകല്‍പ്പിക്കുമെന്നു തോന്നുന്നില്ല. വിമതവിഭാഗങ്ങള്‍ക്കു സ്വാധീനമുള്ള പ്രദേശങ്ങളില്‍ ഭൂരിപക്ഷമായ സുന്നി വിഭാഗത്തിനു നേരെ ആക്രമണമാണ് ഇറാന്‍, ഇറാഖ്, ലെബനന്‍, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ പ്രദേശങ്ങളില്‍നിന്നു വന്ന ശിയാ സായുധ സംഘങ്ങള്‍ നടത്തുന്നത്. ശിയാ വിഭാഗീയതയ്ക്കു നേതൃത്വം കൊടുക്കുന്നവര്‍ അവരില്‍ ഊട്ടിവളര്‍ത്തുന്നത് പ്രതികാര മനഃശാസ്ത്രവും വിശാല ശിയാ സാമ്രാജ്യത്തിനു വേണ്ടിയുള്ള പിടിച്ചടക്കല്‍ ആവേശവും മാത്രമാണ്. അഹ്‌ലുസ്സുന്ന (സുന്നികള്‍) എന്നറിയപ്പെടുന്ന ഇതര മുസ്‌ലിം സമൂഹം മൊത്തത്തില്‍ അവരുടെ പ്രതികാരത്തിനു പാത്രമാണ്. വളച്ചൊടിക്കപ്പെടുകയും വികൃതമാക്കപ്പെടുകയും ചെയ്ത ആലു ബൈത്തിന്റെ പതന കഥയില്‍നിന്നു പ്രതികാരാവേശം പൂണ്ട്, ഹുസൈന്റെ രക്തത്തിനു പകരംചോദിക്കുവാന്‍ (എട്ടാം നൂറ്റാണ്ടില്‍ അമവി ഭരണകാലത്തു നടന്ന കര്‍ബല സംഭവം) എന്നു പറഞ്ഞാണ് സിറിയയിലും ഇറാഖിലും നടക്കുന്ന എല്ലാ ആക്രമങ്ങളിലും ശിയാ സായുധസംഘങ്ങള്‍ പ്രചോദിക്കപ്പെടുന്നത്.
പുരുഷന്മാരെ വധിച്ചും സ്ത്രീകളെ മാനഭംഗപ്പെടുത്തിയും കുട്ടികളെ കൊന്നു വിനോദിച്ചുകൊണ്ടുമാണ് ശിയാ സാമ്രാജ്യത്തിനു വേണ്ടിയുള്ള ഈ സാഹസങ്ങള്‍. തങ്ങളുടെ സ്ത്രീകള്‍ ശത്രുക്കളാള്‍ മാനഭംഗത്തിനിരയാവുംമുമ്പു തങ്ങള്‍ വധിക്കട്ടെയെന്നാണു അലപ്പോയില്‍ ചിലര്‍ ഫത്‌വ ചോദിക്കുന്നത്. ജനവാസകേന്ദ്രങ്ങള്‍ ഒന്നാകെ തകര്‍ക്കുന്നതു കൂടാതെ ജനങ്ങള്‍ അഭയംതേടാന്‍ സാധ്യതയുള്ള പള്ളികള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയ പൊതുഇടങ്ങളും പരിക്കേറ്റവര്‍ക്കു ചികിത്സ നല്‍കുവാന്‍ സ്വന്തം ജീവന്‍ പണയംവച്ചും ചിലര്‍ നടത്തുന്ന ആശുപത്രികളും, കൊല്ലപ്പെട്ടവരെയും മാരകമായി പരിക്കു പറ്റിയവരെയും കൊണ്ടുപോവുന്ന ഉന്തുവണ്ടികളുമടക്കം (ആംബുലന്‍സുകള്‍ പ്രത്യേകം ഉന്നം വയ്ക്കപ്പെടുന്നതിനാല്‍ ഉന്തുവണ്ടികള്‍ ശരണം) ജീവന്‍ നിലനിര്‍ത്താനുള്ള സകല സാധ്യതകളും ബോംബിട്ടു തകര്‍ക്കപ്പെടുകയാണ്.
ഹലബിനു മുമ്പ് ഹുംസിലും മദായയിലുമെല്ലാം ഇതുതന്നെയായിരുന്നു അവസ്ഥ. കൂട്ടക്കൊലകളുടെ അവസാനത്തില്‍ വരുന്ന വെടിനിര്‍ത്തലുകള്‍ക്കും ഒഴിപ്പിക്കലുകള്‍ക്കും ശേഷം ഈ പ്രദേശങ്ങളില്‍ ബശ്ശാര്‍അനുകൂല ശിയാസംഘങ്ങള്‍ കൈയ്യടക്കുകയാണ്. കിഴക്കന്‍ഹലബില്‍നിന്നു ജനങ്ങള്‍ ഒഴിഞ്ഞുപോവുന്നതിന് ഇറാന്‍ മുന്നോട്ടുവച്ച വ്യവസ്ഥപ്രകാരം, ജനങ്ങള്‍ ഒഴിഞ്ഞുപോയ ഇടങ്ങളില്‍ ശിയാസംഘങ്ങള്‍ വന്നുനിറഞ്ഞ് ബശ്ശാര്‍അനുകൂല പ്രദേശമായി മാറുകയാണ്.

03  സൗഹാര്‍ദ്ദങ്ങളും അട്ടിമറികളും
ജനവിരുദ്ധത പതിറ്റാണ്ടുകളായി സഹിക്കുന്ന ജനത അവസരം വന്നപ്പോള്‍ ജനകീയ ഭരണകൂടത്തിനുവേണ്ടി ഉയിര്‍ത്തെണീറ്റതാണ് അടിസ്ഥാനപരമായി സിറിയയിലെ ജനകീയ വിപ്ലവം. എന്നാല്‍, ലക്ഷ്യം സാധിക്കുവാന്‍ അനിവാര്യമായ ആസൂത്രണങ്ങളോ നേതൃത്വമോ വിഭവങ്ങളോ പ്രക്ഷോഭകാരികള്‍ക്കില്ലായിരുന്നു. അവര്‍ വിഭവങ്ങളും പിന്തുണയും തേടിപ്പോയെങ്കിലും വിപ്ലവത്തെ പിന്തുണയ്ക്കുവാന്‍ തയ്യാറായ അറബ് രാഷ്ട്രങ്ങളോ തുര്‍ക്കിയോ ദീര്‍ഘവീക്ഷണത്തോടെ ഇടപെട്ടില്ല എന്നതാണ് വാസ്തവം. സമാധാനം നിലനില്‍ക്കുന്ന പശ്ചിമേഷ്യ എന്ന വിശാല ആശയം പോവട്ടെ, സ്വന്തം രാജ്യത്തിന്റെ സുരക്ഷിതത്വമെങ്കിലും ലക്ഷ്യമിടുന്നൊരു നയത്തിനു പകരം ഹൃസ്വവും സങ്കുചിതവുമായ താല്‍പര്യങ്ങളാണു വിപ്ലവസൗഹാര്‍ദ്ദം എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യങ്ങളെ ഇപ്പോഴും നയിക്കുന്നത്.
യജമാനനായ അമേരിക്കയോട് ആലോചിച്ചും ആശ്രയിച്ചുമല്ലാതെ വിപ്ലവസൗഹാര്‍ദ്ദ രാജ്യങ്ങള്‍ സിറിയയില്‍ ഇടപെട്ടില്ല. അമേരിക്കയാവട്ടെ, തങ്ങളുടെ അധീശത്വം, വളര്‍ത്തുപുത്രന്‍ ഇസ്രായേലിന്റെ സുരക്ഷ തുടങ്ങിയ രണ്ടു സുപ്രധാന താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലാണു മേഖലയില്‍ ഇടപെടുന്നത്. ഇവയില്‍ ഏതിനു മുന്‍ഗണന കൊടുക്കണം എന്നതു മാത്രമാണ് അമേരിക്കയിലെ ലിബറല്‍ അക്കാദമിക്കുകള്‍ക്കിടയില്‍ സംവാദം നടത്താറുള്ളത്. മേഖലയിലെ രാഷ്ട്രീയ സംഭവ വികാസങ്ങളില്‍ കക്ഷികളായ ആര്‍ക്കും മേല്‍ക്കൈ ലഭിക്കാത്ത വിധമാണ് അമേരിക്ക സംഭവങ്ങള്‍ മാനേജ് ചെയ്യുന്നത്.
സിറിയയില്‍ അമേരിക്കയുടെ ഇടപെടല്‍ എങ്ങിനെയായിരിക്കണമെന്നു സയണിസ്റ്റ് പക്ഷപാതിയായ നയതന്ത്രവിദഗ്ദ്ധന്‍ റിച്ചാര്‍ഡ് ല്യൂട്‌വാക് 2013 ആഗസ്തില്‍ ഒബാമ ഭരണകൂടത്തിന് ഉപദേശം നല്‍കിയിട്ടുണ്ട്്. അസദ് ഭരണകൂടമോ വിമതരോ മേല്‍ക്കൈ നേടുന്നത് അമേരിക്കയ്ക്കും ഇസ്രായേലിനും ഗുണം ചെയ്യില്ലെന്നും നീണ്ടുനില്‍ക്കുന്ന യുദ്ധമായിരിക്കണം സിറിയയിലെ അമേരിക്കന്‍ നയമെന്നാണ് ഉപദേശത്തിന്റെ ചുരുക്കം. അതിനുവേണ്ടി അസദ് സര്‍ക്കാര്‍ മുന്നേറുന്ന ഘട്ടത്തിലെല്ലാം വിമതരെ സഹായിക്കുകയും വിമതര്‍ക്കു മേല്‍ക്കൈ ലഭിക്കുമെന്നു വന്നാല്‍ പാലംവലിക്കുകയും ചെയ്യലാണ് മാര്‍ഗമെന്നും നിര്‍ദേശിക്കപ്പെട്ടു. കൃത്യമായും അതുതന്നെയാണ് ഒബാമ സര്‍ക്കാര്‍ പിന്തുടര്‍ന്നതും.
റഷ്യയുടെ നേരിട്ടുള്ള ഇടപെടല്‍ ഒബാമ ഭരണകൂടത്തിന്റെ ഒളിച്ചുകളി എളുപ്പമാക്കുകയാണു ചെയ്തത്. വിമതരില്‍ ആരെയെല്ലാം ഉപയോഗിക്കണം, ആരെ ഒറ്റപ്പെടുത്തണം, നശിപ്പിക്കണം തുടങ്ങിയ കാര്യങ്ങളാണു ജോണ്‍ കെറിയും സെര്‍ജില്‍ ലാഫ്‌റോവും നടത്തുന്ന ക്രമീകരണങ്ങളില്‍ തീരുമാനിക്കപ്പെട്ടിരുന്നത്. ഇസ്‌ലാമിക അടിത്തറയും നയനിലപാടുകളുമുള്ള ഒരു സംഘത്തിനും സ്ഥാനമില്ലാത്ത പുതിയ സൈനിക ഭൂമിശാസ്ത്രമാണ് ഇരു ശക്തികളുടെയും ധാരണയില്‍ രൂപമെടുക്കുന്നത്. ഈ ധാരണയുടെ പ്രയോഗത്തിന് ഏറ്റവും പറ്റിയ നിഴല്‍ ശത്രുവാണ് അവര്‍ക്ക്  ‘ഇസ്‌ലാമിക് സ്റ്റേറ്റ്’ എന്ന വ്യാജ ഉല്‍പന്നം. ഈ നിഴലിന്റെ മറപറ്റി ഇസ്‌ലാമികമായ അടിത്തറയുള്ള എല്ലാ സംഘങ്ങളെയും അവര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. ജബ്ഹത്തു ഫതഹിശ്ശാം എന്ന ജബ്ഹത്തുന്നുസ്‌റ, ജൈശുല്‍ ഫതഹ്, ജുന്‍ദുല്‍ അഖ്‌സാ, അഹ്‌റാറുശ്ശാം തുടങ്ങിയ പ്രധാന സംഘങ്ങളും നൂറു കണക്കിനു ചെറുസംഘങ്ങളും അമേരിക്കന്‍-റഷ്യന്‍ സംയുക്ത ഹിറ്റ് ലിസ്റ്റിലാണ്. ഇത്തരം സംഘങ്ങള്‍ നിയന്ത്രിക്കുന്ന പ്രദേശങ്ങളില്‍നിന്ന് അവരെ തുരത്തുവാന്‍ റഷ്യയും ഇറാനും നടത്തുന്ന ശ്രമങ്ങള്‍ക്കു മുഴുവന്‍ അമേരിക്കയുടെ പിന്തുണ ലഭിക്കുന്നുമുണ്ട്.
ഇറാഖില്‍നിന്നുള്ള ശിയാ സംഘങ്ങള്‍ക്ക് ബശ്ശാറുല്‍ അസദിനുവേണ്ടി യുദ്ധം ചെയ്യാന്‍ അമേരിക്ക പരിശീലനം നല്‍കിയതായുള്ള വാര്‍ത്തകളില്‍ അത്ഭുതമൊന്നുമില്ല. ഇറാഖ് അധിനിവേശം ആസൂത്രണം ചെയ്തതു മുതല്‍ അമേരിക്കയും ഇറാനും തമ്മിലുള്ള രഹസ്യ സഹകരണം ആണവ കരാര്‍ യാഥാര്‍ഥ്യമായതോടെ കൂടുതല്‍ ശക്തമായിട്ടുണ്ട്. ഇറാന്‍ ആര്‍ത്തിവയ്ക്കുന്ന അറബ് പ്രദേശങ്ങള്‍ ഒരു പരിധിവരെ അനുവദിച്ചു കൊടുക്കുന്നതില്‍ അമേരിക്കയ്ക്കു കുഴപ്പമൊന്നുമില്ല. മാത്രമല്ല, അറബ് ഭരണാധികാരികളുടെ പിടിയില്‍നിന്ന് വഴുതി സ്വന്തം വഴിയേ നീങ്ങാന്‍ സാധ്യതയുള്ള സലഫി-സുന്നി വിഭാഗങ്ങളെക്കാള്‍ അമേരിക്കയ്ക്കു കൂടുതല്‍ വഴങ്ങുക ശിയാ സംഘങ്ങള്‍തന്നെയാണ്.
അറബ് രാജ്യങ്ങള്‍ക്ക് ഇറാന്റെ അധിനിവേശം നിയന്ത്രിക്കുവാന്‍ സിറിയ പറ്റിയ അവസരമുണ്ടാക്കിയിരുന്നു. വിപ്ലവത്തിനു ശക്തമായ നേതൃത്വവും ആസൂത്രണവും ഉണ്ടാക്കിയെടുക്കുവാന്‍ അവര്‍ക്കു സാധിച്ചിരുന്നുവെങ്കില്‍ ഇറാന്റെ കടന്നുകയറ്റം നിയന്ത്രിക്കാന്‍ സാധിക്കുമായിരുന്നു. ആത്യന്തികമായി അറബ് രാജ്യങ്ങളുടെ സ്വയം സുരക്ഷയ്ക്കു സഹായകമാവുന്ന ഒരു നയം കേവല അക്കാദമിക ചര്‍ച്ചകളില്‍ ഒതുങ്ങി. ചിലര്‍  സ്വന്തം സംഘങ്ങളെ സൃഷ്ടിച്ചു സങ്കുചിതമായ അജണ്ടകളില്‍ ഒതുക്കി. മറ്റു ചിലലരാവട്ടെ വരുതിയില്‍ ഒതുങ്ങുന്നവര്‍ക്കുള്ള നാമമാത്രമയ സഹായങ്ങളിലും പരിമിതപ്പെടുത്തുന്നതായിരുന്നു വിപ്ലവത്തിനുള്ള പിന്തുണ. ചുരുക്കത്തില്‍ അറബ് ലോകത്തിന്റെ പിന്തുണ, അമേരിക്ക-റഷ്യ-ഇറാന്‍ അച്ചുതണ്ടിനെ അതിജയിക്കാന്‍ മതിയാവുന്നതായിരുന്നില്ല. ക്ഷണികവും ദീര്‍ഘ വീക്ഷണമില്ലാത്തതുമായ ഇത്തരം പിന്തുണകളും റിമോട്ട് നിയന്ത്രണങ്ങളുമാണ് നൂറു കണക്കിനു വരുന്ന പോരാട്ട സംഘങ്ങളെ ശിഥിലമാക്കുന്നതും പരസ്പരം പോരടിപ്പിക്കുന്നതും.

04

തുര്‍ക്കിയുടെ നിവൃത്തികേട്
ലോകത്തെ വന്‍ സൈനിക ശക്തികളിലൊന്നായ തുര്‍ക്കിയുടെ മൂക്കിനു താഴെയാണ് അലപ്പോ അടക്കമുള്ള സിറിയന്‍ പ്രദേശങ്ങളില്‍ ഉന്മൂലനങ്ങള്‍ നടക്കുന്നത്. പശ്ചിമേഷ്യയില്‍ സമാധാനാന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ ഏറ്റവും ശക്തമായി ഇടപെടാന്‍ തുര്‍ക്കിക്കുതന്നെയാണ് കഴിയുക. സിറിയന്‍ വിപ്ലവത്തിന്റെ തുടക്കം മുതല്‍ വിപ്ലവകാരികള്‍ക്ക് അനുകൂലമായി സംസാരിച്ചിരുന്ന തുര്‍ക്കി പക്ഷേ, ദീര്‍ഘവീക്ഷണത്തോടെയാണ്  ഇടപെട്ടതെന്നു പറയാന്‍ നിര്‍വാഹമില്ല. സിറിയക്കു ചുറ്റുമുള്ള അറബ്് രാജ്യങ്ങളെക്കാള്‍ ജനതയ്ക്ക് അല്‍പമെങ്കിലും ആശ്വാസം പകരാന്‍ തുര്‍ക്കിക്കു സാധിക്കുന്നുണ്ടെന്നതു വിസ്മരിക്കാവതല്ല. എന്നാല്‍, അനവധി രാഷ്ട്രീയ ആശങ്കകളുടെ സമ്മര്‍ദ്ദഫലമായി രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷ, എകെ പാര്‍ട്ടി സര്‍ക്കാരിന്റെ നിലനില്‍പ്പ് എന്നീ പരിമിത അജണ്ടകളില്‍ ഒതുങ്ങിയുള്ള അഡ്ജസ്റ്റ്‌മെന്റുകളിലേക്കു വിദേശനയം മാറിയെന്നതു ദുഃഖകരമാണ്.
കുര്‍ദുകളെ കരുവാക്കി അമേരിക്കയും റഷ്യയും തുര്‍ക്കിക്കെതിരെ നടത്തുന്ന കളികള്‍ ശക്തമായതോടെ വിപ്ലവത്തെ ഫലപ്രദമായി സഹായിക്കുന്നതില്‍ തുര്‍ക്കി പിറകോട്ടുപോവാന്‍ നിര്‍ബന്ധിതമായി. ഇസ്‌ലാമിക് സ്റ്റേറ്റിനെ നേരിടാനെന്ന പേരില്‍ ഇറാഖിലും സിറിയയിലും കുര്‍ദ് സംഘങ്ങളെ അമേരിക്ക തിരഞ്ഞെടുത്തു പരിശീലിപ്പിക്കുകയും ആയുധവും അര്‍ത്ഥവും നല്‍കി സഹായിക്കുകയും ചെയ്യുന്ന കുര്‍ദ് വിഘടനവാദ ഭീഷണി തുര്‍ക്കിയുടെ ആശങ്ക വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. അവസാനമായി അമേരിക്കന്‍ സഹകരണത്തോടെ നടന്നതെന്നു കരുതപ്പെടുന്ന അട്ടിമറിശ്രമംകൂടിയായപ്പോള്‍ ഒരുവേള റഷ്യയോടു സഹകരിക്കുന്നതാണു നല്ലതെന്ന നിലപാടിലേക്ക് അവര്‍ മാറി. കുര്‍ദുകളുടെ സ്വതന്ത്രരാഷ്ട്രവാദം അനുവദിക്കില്ലെന്ന ഉറപ്പിന്മേല്‍ റഷ്യന്‍താല്‍പര്യത്തിന് അനുസൃതമായി സിറിയന്‍ വിപ്ലവത്തെ ബലി കൊടുക്കുകയല്ലാതെ നിവൃത്തിയില്ലെന്ന നിലയിലേക്കായി തുര്‍ക്കിയുടെ പോക്ക്.
തുര്‍ക്കിയുടെ നിര്‍ദേശങ്ങള്‍ക്കുവഴങ്ങി പ്രവര്‍ത്തിക്കുന്ന സിറിയന്‍ വിമത സംഘങ്ങള്‍ ഒന്നൊന്നായി അലപ്പോയില്‍നിന്നു പുറത്തുപോയതോടെ അവിടെ ബാക്കിയായ ചെറുത്തുനില്‍പ് സംഘങ്ങള്‍ക്കിടയില്‍ പരസ്പര സംഘര്‍ഷങ്ങള്‍  ഉണ്ടായി. ജൈശുല്‍ ഇസ്‌ലാം, അഹ്‌റാറുശ്ശാം തുടങ്ങിയ സംഘങ്ങളുമായി ജബ്ഹത്തു ഫതഹ് ശാം (അന്നുസ്‌റ) അലപ്പോയില്‍ ഏറ്റുമുട്ടിയ റിപോര്‍ട്ടുകള്‍ പുറത്തുവരുകയുണ്ടായി. അഥവാ, കുര്‍ദ് ശല്യത്തില്‍നിന്നു തുര്‍ക്കിയെ മോചിപ്പിക്കുകയെന്ന വ്യവസ്ഥയില്‍, അലപ്പോ ബശ്ശാര്‍ പക്ഷത്തിനു ഒഴിഞ്ഞുകൊടുക്കുന്നതിനു റഷ്യയുമായി അപ്രഖ്യാപിത ധാരണ ഉടലെടുത്തതിന്റെ ഫലമായാണ് അലപ്പോ വീണതെന്നു ചില അറബ് മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.

05ഐഎസ് -ബശ്ശാര്‍ ഒളിച്ചുകളികള്‍
സിറിയയിലെ ഭരണകൂടം നടത്തുന്ന അവസാനത്തെ കുരുതിയാണ് അലപ്പോയിലേതെന്നു ധരിക്കേണ്ടതില്ല. ഇദ്‌ലിബ്, ലാദിഖിയ്യ, ഹമാ തുടങ്ങിയ പ്രവിശ്യകളിലെല്ലാം അലപ്പോ ആവര്‍ത്തിക്കാനാണു സാധ്യത. ഇസ്‌ലാമികലോകം മുഴുവന്‍ തങ്ങളെ അനുസരിക്കണമെന്ന തിട്ടൂരവുമായി രണ്ടുവര്‍ഷങ്ങള്‍ക്കപ്പുറം പ്രഖ്യാപിക്കപ്പെട്ട ഒരു ഖലീഫയും ഖിലാഫത്തും കൊലക്കളത്തില്‍തന്നെയാണു നിലകൊള്ളുന്നത്. ശിയാവിരുദ്ധത ആളിക്കത്തിച്ചുകൊണ്ടു തങ്ങളുടെ പോരാളികളെ എരുവു പിടിപ്പിച്ചിരുന്ന ഈ അഹ്‌ലുസ്സുന്ന സംഘം ശിയാ കൊലയാളിസംഘങ്ങള്‍ പൈശാചികനൃത്തമാടുമ്പോള്‍ അനങ്ങാത്തത് എല്ലാ മുര്‍തദ്ദുകളും തമ്മിലടിച്ചു നശിക്കട്ടെ എന്നു തീരുമാനിച്ചതു കൊണ്ടാണോ? അതോ തുടക്കം മുതല്‍ ബാഗ്ദാദിലേയും ദമാസ്‌കസിലെയും ശിയാകേന്ദ്രീകൃത സര്‍ക്കാറുകളുമായുള്ള ധാരണകൊണ്ടാണോ? തങ്ങളുടെ കേന്ദ്രങ്ങളില്‍ ബശ്ശാര്‍-റഷ്യന്‍ സഖ്യം കൈവയ്ക്കുന്നതുവരെ റഖ്ഖയിലെ ഖിലാഫത്ത് ഇടപെടില്ലെന്നതാണു വസ്തുത. അഡ്ജസ്റ്റ്‌മെന്റ്കളുടെ ആവശ്യം തീര്‍ന്നാല്‍ ഐഎസ്സിനെതിരെ തിരിയുവാന്‍ ബശ്ശാര്‍ റഷ്യന്‍ സഖ്യത്തിനു തടസ്സങ്ങളൊന്നുമില്ല. അധിനിവേശത്തിനു സാധുതയും ലഭിക്കും. സമയത്തിന്റെ പ്രശ്‌നം മാത്രം.
തല്‍ക്കാലം ഐഎസ്സുമായുള്ള ഒളിച്ചുകളികള്‍ തുടരുകയാണ്. അലപ്പോ അടക്കമുള്ള സിറിയന്‍നഗരങ്ങള്‍ കത്തിച്ചു റഷ്യന്‍ വ്യോമ സേനയും ഇറാന്‍നിയന്ത്രിത കൊലയാളി സംഘങ്ങളും  ഉടനീളം കൊലവിളി നടത്തുന്നതിനിടക്കു ചരിത്രപ്രസിദ്ധമായ പാല്‍മീറ നഗരം ഐഎസ് തിരിച്ചുപിടിച്ച വാര്‍ത്തകള്‍വരുന്നു. സിറിയന്‍ സൈന്യത്തിന് ഒരു നഷ്ടവും വരുത്താത്ത ഈ തിരിച്ചുപിടിക്കല്‍ ഖിലാഫത്ത് അഹിംസയിലേക്കു ചുവടുമാറിയതു കൊണ്ടു സംഭവിച്ചതല്ല. വേണ്ടപ്പെട്ടവരൊക്കെ അറിഞ്ഞുകൊണ്ടുള്ള ഒരു മാറ്റിപ്പിടി മാത്രം.
06അനൈക്യവും ആസൂത്രണമില്ലായ്മയും
തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ സിറിയയില്‍ ഭരണമാറ്റം ലക്ഷ്യമിട്ട പ്രക്ഷോഭകാരികള്‍ക്കിടയില്‍ ലക്ഷ്യത്തില്‍പോലും ഐക്യരൂപമില്ലാത്തതുകൊണ്ടാണ് ആര്‍ക്കും എങ്ങിനെയും ഇടപെടാവുന്ന പുറമ്പോക്കായി സിറിയ മാറിയത്. ചെറുതും വലുതുമായി 1200ല്‍ അധികം  സംഘങ്ങള്‍ സിറിയന്‍മണ്ണില്‍ പോരാട്ടത്തിലുണ്ടെന്നാണ് ഏകദേശ കണക്ക്. ഇസ്‌ലാമിക അടിത്തറയുള്ളവയും മതേതര ലിബറല്‍ അടിത്തറയുള്ളവയും തീവ്രസോഷ്യലിസ്റ്റ് പക്ഷക്കാരുമടക്കം പലതരക്കാര്‍.
ഇസ്‌ലാമിക അടിത്തറയുള്ള സംഘങ്ങളോട് ശത്രുത പുലര്‍ത്തുന്ന മതേതരസംഘങ്ങള്‍ക്കിടയിലും പരസ്പര ശത്രുത നിലനില്‍ക്കുന്നു. സിറിയന്‍മണ്ണില്‍ ഖനാദിക്കുക(കിടങ്ങുകള്‍)ളില്‍ കഴിയുന്ന പ്രവര്‍ത്തകരും വിദേശത്ത് ഫനാദിഖുകളി(ഹോട്ടലുകള്‍)ല്‍ ഇരുന്ന് അവരെനിയന്ത്രിക്കുന്നവരും തമ്മിലുള്ള പൊരുത്തമില്ലായ്മയാണ് ഇത്തരം സംഘങ്ങളുടെ പ്രധാന വെല്ലുവിളി.
ഇസ്‌ലാമിക ചെറുത്തുനില്‍പു പക്ഷത്താവട്ടെ, ജനകീയ ചെറുത്തുനില്‍പ്പില്‍ ഊന്നുന്നവരും സായുധ ചെറുത്തുനില്‍പു മാത്രമാണ് പരിഹാരമെന്നു വിശ്വസിക്കുന്നവരും തമ്മില്‍ ചേര്‍ച്ചയില്ലെന്നതു പോവട്ടെ, സായുധ ചെറുത്തുനില്‍പ്പില്‍ ഊന്നുന്ന സലഫിസംഘള്‍ക്കിടയില്‍തന്നെ ഐക്യമില്ല. ‘നിങ്ങള്‍ക്കിടയിലെ ഭിന്നിപ്പു നിമിത്തം നിങ്ങള്‍ പരാജയപ്പെടുകയും നിങ്ങളുടെ പ്രാണവായുതന്നെ നഷ്ടപ്പെടുകയും ചെയ്യും.’ (വിഖു 8:46) എന്ന ദൈവികശാസന പുലരുന്നതിനുള്ള നിമിത്തങ്ങള്‍ മാത്രമായി മാറുന്നവിധം പരസ്പരസംഘര്‍ഷങ്ങള്‍ നടക്കുന്നു.
എല്ലാ സന്നാഹങ്ങളോടെയും നടക്കുന്ന റഷ്യ-ഇറാന്‍ അധിനിവേശ കുതന്ത്രങ്ങള്‍ക്കെതിരെ ഐക്യപ്പെടേണ്ടതിനു പകരം ഉള്ള വിഭവങ്ങള്‍ പരസ്പര ശത്രുതയെ ശമിപ്പിക്കുന്നതിനു പാഴാക്കുന്ന സംഘങ്ങള്‍ നിരവധിയുണ്ടാവുമ്പോള്‍ സിറിയന്‍വിപ്ലവം തകര്‍ക്കുവാന്‍ വേറെ ശക്തികളെന്തിന്?

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss