|    Oct 20 Sat, 2018 1:07 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സിറിയന്‍ പീഡന കേന്ദ്രങ്ങളില്‍ കൊല്ലപ്പെട്ടവര്‍ അരലക്ഷത്തിലധികം

Published : 24th January 2017 | Posted By: fsq

 

ദമസ്‌കസ്: സിറിയന്‍ ഏകാധിപതി ബശ്ശാറുല്‍ അസദിന്റെ സുരക്ഷാവിഭാഗം ഇതിനകം 60000ത്തോളം പേരെ തടങ്കല്‍ കേന്ദ്രങ്ങളില്‍ പീഡിപ്പിച്ചുകൊന്നതായി മനുഷ്യാവകാശ സംഘടനകള്‍. 2011 മാര്‍ച്ചില്‍ ജനാധിപത്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള പ്രക്ഷോഭം തുടങ്ങിയ ശേഷമുള്ള കണക്കാണിത്. കൊല്ലപ്പെടുന്നവരെ കൂട്ടമായി മറമാടുകയോ കത്തിച്ചുകളയുകയോ ആണ് ചെയ്തത്. സ്റ്റേഡിയങ്ങളും ഉപേക്ഷിക്കപ്പെട്ട വീടുകളും ആശുപത്രികളും സ്‌കൂളുകളുമാണ് അസദ് ഭരണകൂടം പീഡനകേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്നത്. അതിനു പുറമെ ഇറാഖ്, ലബ്‌നാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ശിയാ പോരാളി സംഘങ്ങള്‍ സ്വന്തമായി രഹസ്യ തടവറകള്‍ സ്ഥാപിച്ചിട്ടുണ്ട്. രണ്ടു ലക്ഷത്തിലധികം പേര്‍ അജ്ഞാത കേന്ദ്രങ്ങളില്‍ തടവുകാരാണെന്നാണ് കരുതപ്പെടുന്നത്. ഇവിടേക്ക് റെഡ്‌ക്രോസിനോ യുഎന്‍ ഏജന്‍സികള്‍ക്കോ പ്രവേശനമില്ല. തടവറകളില്‍നിന്നു കൈക്കൂലി നല്‍കിയോ തടവുകാരെ കൈമാറുന്നതിന്റെ ഭാഗമായോ പുറത്തുവരുന്നവരില്‍നിന്നുള്ള വിവരങ്ങളാണ് മനുഷ്യാവകാശ സംഘടനകള്‍ ശേഖരിക്കുന്നത്. പീഡനത്തിനിടയില്‍ കൊല്ലപ്പെടുക പതിവാണ്. 2012ല്‍ അല്‍മസ്സ വിമാനത്താവളത്തില്‍ സ്ഥാപിച്ച പീഡനകേന്ദ്രത്തില്‍ മദ്യലഹരിയിലായിരുന്ന പോലിസ് 19 പേരെയാണ് ഒരൊറ്റ രാത്രി കൊലപ്പെടുത്തിയത്. ആശുപത്രികളില്‍ പരിക്കേറ്റ് കിടക്കുന്നവരെ അലവി വിഭാഗത്തില്‍പ്പെട്ട നഴ്‌സുമാര്‍ പ്ലാസ്റ്റിക് പൈപ്പ്‌കൊണ്ട് അടിക്കുക പതിവാണ്. മൃതദേഹങ്ങളുടെ ഫോട്ടോയെടുക്കുന്ന ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ 6000 പടങ്ങള്‍ ഈയിടെ പുറത്തുവന്നിരുന്നു. മിക്ക മൃതദേഹങ്ങളിലും ക്രൂരമായ പീഡനത്തിന്റെ പാടുകള്‍ കണ്ടിരുന്നു. ഇത്തരം പീഡനങ്ങള്‍ മനഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് യുഎന്‍ നിര്‍വചിച്ചിട്ടുണ്ടെങ്കിലും അതുകൊണ്ട് ഭരണകൂടത്തിന്റെ അക്രമങ്ങള്‍ക്ക് യാതൊരു ശമനവുമുണ്ടായിട്ടില്ലെന്നും മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു. അസദ് ഭരണകൂടത്തെ അന്താരാഷ്ട്ര ക്രിമിനല്‍കോടതി കയറ്റാനുള്ള യുഎന്‍ ശ്രമം റഷ്യയും ചൈനയും ചേര്‍ന്ന് വീറ്റോ ചെയ്യുകയായിരുന്നു. സിറിയന്‍ ഭരണകൂടത്തിനെതിരേയുള്ള നടപടികളെ അമേരിക്ക ശക്തമായി വിമര്‍ശിക്കാറുണ്ടെങ്കിലും പലപ്പോഴും ‘ഭീകരന്‍മാരില്‍’ നിന്നും രഹസ്യം ചോര്‍ത്താന്‍ യുഎസ് ഇന്റലിജന്‍സ് സിറിയയെ ആശ്രയിച്ചതിന്റെ റിപോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അഫ്ഗാനിസ്താന്‍ അധിനിവേശ കാലത്ത് പിടികൂടിയ പലരെയും ചോദ്യംചെയ്യാനായി സിറിയയിലേക്കാണു ബുഷ് ഭരണകൂടം അയച്ചിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss